ഇഎസ്പിഎന്നില്‍ വ്യാപക പിരിച്ചുവിടല്‍

ഇഎസ്പിഎന്നില്‍ വ്യാപക പിരിച്ചുവിടല്‍

അവതാരകര്‍ക്കും സ്‌ക്രിപ്റ്റ് എഴുതുന്നവര്‍ക്കും ജോലി നഷ്ടപ്പെടും

ബ്രിസ്റ്റോള്‍: പ്രമുഖ സ്‌പോര്‍ട്‌സ് ചാനലായ ഇഎസ്പിഎന്‍ 100 ജീവനക്കാരെ പിരിച്ചുവിടുന്നു. മുന്‍ കായിക താരങ്ങളും ചാനലിന്റെ അവതാരകരുമായ ട്രെന്റ് ഡില്‍ഫര്‍, ലെന്‍ എല്‍മോറെ, ഡാനി കാനെല്‍ തുടങ്ങിയവരും പിരിച്ചുവിടുന്നവരില്‍ ഉള്‍പ്പെടുന്നു. സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിനെ ഭാവിയില്‍ കൂടുതല്‍ ഡിജിറ്റലാക്കുന്നതിനാണ് നടപടിയെന്നാണ് ചാനലിന്റെ വിശദീകരണം. നടപടി മൂലം ഇഎസ്പിഎന്നിന്റെ സ്ഥിരമായുള്ള ഓണ്‍-എയര്‍ ജീവനക്കാരിലും ടിവി ഷോയുടെ സ്‌ക്രിപ്റ്റ് എഴുത്തുകാരിലും 10 ശതമാനത്തിന്റെ കുറവുണ്ടാകും.

ലൈവ് പരിപാടികളുടെ സംപ്രേക്ഷണത്തിനുള്ള ഫീസ് വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് ദശലക്ഷക്കണക്കിന് വരുന്ന ഉപഭോക്താക്കള്‍ ഇഎസ്പിഎന്‍ സബ്‌സ്‌ക്രിപ്ഷന്‍ റദ്ദാക്കിയിരുന്നു. വിവിധ സ്‌ക്രീനുകളിലായി എല്ലാ സമയവും പ്രത്യേക കണ്ടന്റുകള്‍ നല്‍കേണ്ടതുണ്ടെന്നും പുതിയ തന്ത്രങ്ങള്‍ക്ക് അനുയോജ്യരായവര്‍ക്കാണ് പ്രധാന്യം നല്‍കുന്നതെന്നും ഇഎസ്പിഎന്‍ ചീഫ് ജോണ്‍ സ്‌കിപ്പര്‍ പറഞ്ഞു.

പിരിച്ചുവിടുന്നവരുടെ പേരുകള്‍ ഇഎസ്പിഎന്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, എന്‍എഫ്എല്‍ അനലിസ്റ്റ് ഡില്‍ഫര്‍, എന്‍എഫ്എല്‍ റിപ്പോര്‍ട്ടര്‍ എഡ് വെര്‍ഡര്‍, ബേസ്‌ബോള്‍ റിപ്പോര്‍ട്ടര്‍ ജെയ്‌സണ്‍ സ്റ്റാര്‍ക്ക്, കോളെജ് ബാസ്‌കറ്റ്‌ബോള്‍ റിപ്പോര്‍ട്ടര്‍ ഡാന ഒനെയല്‍ എന്നിവര്‍ ഇഎസ്പിഎന്‍ വിടുന്നതു സംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പുറത്തുവിട്ടു.

അവതാരകരായ ജേ ക്രാവ്‌ഫോര്‍ഡ്, ബ്രണ്ടന്‍ ഫിറ്റ്‌സ് ജെറാഡ്, ഫുട്‌ബോള്‍ കോളമിസ്റ്റ് ജാനെ മക്മാനസ്, ഹോക്കി റിപ്പോര്‍ട്ടര്‍ പിയറി ലെബ്രണ്‍, സോക്കര്‍ റിപ്പോര്‍ട്ടര്‍ മൈക്ക് ഗുഡ്മാന്‍, ബേസ് ബോള്‍ അനലിസ്റ്റ് ജിം ബൗഡന്‍, ബേസ്‌ബോള്‍ റിപ്പോര്‍ട്ടര്‍ മാര്‍ക്ക് സാക്‌സണ്‍ എന്നിവരും ഇഎസ്പിഎന്നില്‍ നിന്ന് പടിയിറങ്ങുന്നവരുടെ കൂട്ടത്തിലുണ്ട്.  ഒാരോ വിഭാഗത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന തരത്തില്‍ കണ്ടന്റുകള്‍ അവതരിപ്പിക്കുന്നതിനാണ് ചാനല്‍ പ്രാധാന്യം നല്‍കുന്നതെന്ന് ജീവനക്കാര്‍ക്ക് നല്‍കിയ കുറിപ്പില്‍ സ്‌കിപ്പര്‍ വ്യക്തമാക്കി.

Comments

comments

Categories: Business & Economy