ഡല്‍ഹിയിലെ തോല്‍വി, ആം ആദ്മിയുടെ തിരിച്ചുവരവ് പ്രതീക്ഷിക്കാമോ?

ഡല്‍ഹിയിലെ തോല്‍വി, ആം ആദ്മിയുടെ തിരിച്ചുവരവ് പ്രതീക്ഷിക്കാമോ?
ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്മിക്കു നേരിട്ട പരാജയം കെജ്‌രിവാളിനു
വന്‍ തിരിച്ചടിയായി. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഗോവ, പഞ്ചാബ് നിയമസഭാ
തെരഞ്ഞെടുപ്പുകളിലെ തോല്‍വിയോടെ ആം ആദ്മിയെ ദേശീയ പാര്‍ട്ടിയായി
ഉയര്‍ത്തിക്കൊണ്ടു വരാനുള്ള സാധ്യതകള്‍ മങ്ങി. ഈ വര്‍ഷം നടക്കാനിരിക്കുന്ന ഗുജറാത്ത്,
ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ശക്തമായൊരു മത്സരം
കാഴ്ചവയ്ക്കാനുള്ള ആം ആദ്മിയുടെ പദ്ധതിയും ഏറെക്കുറെ തകര്‍ന്നിരിക്കുന്നു. സ്വന്തം
പാര്‍ട്ടിയില്‍നിന്നു പോലും വെല്ലുവിളികളെ നേരിടേണ്ട സാഹചര്യവും ഇപ്പോള്‍
കെജ്‌രിവാളിനുണ്ട്.

ബുധനാഴ്ച പുറത്തുവന്ന ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് ഫലം ആം ആദ്മി പാര്‍ട്ടിക്കും നേതാവ് അരവിന്ദ് കെജ്‌രിവാളിനും വന്‍തിരിച്ചടിയാണു സമ്മാനിച്ചിരിക്കുന്നത്. തലസ്ഥാന നഗരിയായ ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിക്ക് ഈ സാഹചര്യം സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധി നിസാരമല്ല. 2015 ഫെബ്രുവരിയില്‍ നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ആകെയുള്ള 70 നിയമസഭാ മണ്ഡലങ്ങളില്‍ 67-ലും റെക്കോഡ് വിജയം നേടി ഭരണത്തിലേറിയ പാര്‍ട്ടിയാണ് ആം ആദ്മി. എന്നാല്‍ 2017-ലെത്തുമ്പോള്‍ ആം ആദ്മിയുടെ നില ദയനീയമായിരിക്കുന്നു. ഞായറാഴ്ച ഡല്‍ഹിയിലെ മൂന്ന് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ (ഈസ്റ്റ്, സൗത്ത്, നോര്‍ത്ത്) തെരഞ്ഞെടുപ്പില്‍ 270 ഡിവിഷനുകളിലേക്കു നടന്ന മത്സരത്തില്‍ വെറും 48 ഡിവിഷനുകളില്‍ മാത്രമാണ് ആം ആദ്മിക്കു വിജയിക്കാനായത്. അതായത് വോട്ട് വിഹിതത്തിന്റെ 17 ശതമാനം മാത്രമാണ് ആം ആദ്മിക്ക് ലഭിച്ചത്.

സമീപകാലത്തു ഗോവ, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രജൗറി ഗാര്‍ഡനില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളിലും ആം ആദ്മി പാര്‍ട്ടിക്കു വന്‍ തിരിച്ചടിയേറ്റിരുന്നു. ഇതിനു പിന്നാലെയാണു ഡല്‍ഹിയിലെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പുകളിലും പരാജയവും ഏറ്റുവാങ്ങേണ്ടി വന്നത്. ഡല്‍ഹിയിലെ മൂന്ന് മുന്‍സിപ്പല്‍ കോര്‍പറേഷനുകളും കഴിഞ്ഞ രണ്ട് തവണയായി (പത്ത് വര്‍ഷം) ബിജെപിയാണു ഭരിച്ചത്. സ്വാഭാവികമായും ഇപ്രാവിശ്യം തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ഭരണവിരുദ്ധ തരംഗം അലയടിക്കുമെന്നു പൊതുവേ പ്രതീക്ഷിച്ചിരുന്നു. ഭരണ പാര്‍ട്ടിയിലെ പല കൗണ്‍സിലര്‍മാര്‍ക്കെതിരേയും അഴിമതിയാരോപണങ്ങള്‍ നിലനിന്നിരുന്നു.

ഇതിനു പുറമേ ഭരണപാര്‍ട്ടിയുടെ കൗണ്‍സിലര്‍മാരുടേതു മോശം പ്രകടനമായിരുന്നെന്ന പരാതിയും വ്യാപകമായി ഉണ്ടായിരുന്നു. ഈ ആരോപണം നിലനിന്നതിനാലാണ് ബിജെപി ഇപ്രാവിശ്യം മത്സരിപ്പിച്ചതു പുതുമുഖങ്ങളെയായിരുന്നു. സിറ്റിംഗ് കൗണ്‍സിലര്‍മാര്‍ക്കു മത്സരിക്കാനുള്ള ടിക്കറ്റ് നല്‍കിയില്ല. മൂന്ന് മുന്‍സിപ്പല്‍ കോര്‍പറേഷനുകളിലെ മൊത്തം 270 ഡിവിഷനുകളില്‍ 267 സീറ്റുകളിലും ബിജെപി മത്സരിപ്പിച്ചതു പുതുമുഖ സ്ഥാനാര്‍ഥികളെയായിരുന്നു. അതായത് 2012-ലെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികള്‍ക്കൊന്നും തന്നെ ഇപ്രാവിശ്യം സീറ്റ് നല്‍കാന്‍ ബിജെപി നേതൃത്വം തയാറായില്ല. ഇതാകട്ടെ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ സഹായകരമായി.സമീപകാലത്ത് ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ വിജയത്തിന്റെ തിളക്കവും പുതുമുഖ സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയതുമാണു ബിജെപിക്കു ഗുണകരമായത്.

ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് തോല്‍വിയോടെ ആം ആദ്മിയുടെ ഭാവിയെ കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. 2013 ഡിസംബറിലാണു ഡല്‍ഹി രാഷ്ട്രീയത്തിലേക്ക് ആം ആദ്മി പാര്‍ട്ടിയുടെ ശ്രദ്ധേയമായ പ്രവേശനമുണ്ടായത്. അന്നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി രണ്ടാം സ്ഥാനത്ത് എത്തുകയുണ്ടായി. കേന്ദ്രത്തിലും ഡല്‍ഹിയിലും ഭരണത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനോടു വോട്ടര്‍മാര്‍ക്കുള്ള എതിര്‍പ്പാണ് 2013-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മിയെ രണ്ടാം സ്ഥാനത്തേയ്ക്ക് എത്താന്‍ സഹായിച്ചത്. അന്ന് ആം ആദ്മി പാര്‍ട്ടി നേടിയ വോട്ടുകളൊന്നും തന്നെ കെജ്‌രിവാളിനോടുള്ള ഇഷ്ടം കൊണ്ടു നേടിയ വോട്ടുകളായിരുന്നുമില്ല. പകരം കേന്ദ്രം ഭരിച്ച മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനോടും ഡല്‍ഹി ഭരിച്ച ഷീല ദീക്ഷിത് സര്‍ക്കാരിനോടുമുള്ള എതിര്‍പ്പില്‍നിന്നും രൂപപ്പെട്ട പ്രതിഷേധ വോട്ടുകളായിരുന്നു.

2013-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 31 സീറ്റുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തിയെങ്കിലും ആം ആദ്മി പാര്‍ട്ടിക്ക് തനിച്ചു ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. പിന്നീട് കോണ്‍ഗ്രസ് പിന്തുണയോടെ ആം ആദ്മി അധികാരത്തിലേറിയെങ്കിലും 49 ദിവസം മാത്രമാണു കെജ്‌രിവാള്‍ സര്‍ക്കാര്‍ അധികാരത്തിലിരുന്നത്. ജന്‍ലോക്പാല്‍ ബില്‍ അസംബ്ലിയില്‍ അവതരിപ്പിക്കാന്‍ പരാജയപ്പെട്ടെന്ന കാരണം ചൂണ്ടിക്കാണിച്ച് അദ്ദേഹം രാജിവയ്ക്കുകയായിരുന്നു. പിന്നീട് ഡ്ല്‍ഹിയില്‍ നിയമസഭ പിരിച്ചുവിടുകയും പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു. 2015-ല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. 2015 ഫെബ്രുവരിയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കെജ്‌രിവാള്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. ശക്തമായി പാര്‍ട്ടിയെ നയിച്ച കെജ്‌രിവാളിന്റെ നേതൃത്വത്തിനുള്ള അംഗീകാരം കൂടിയായിരുന്നു ജനവിധി. എന്നാല്‍ 2017 ഏപ്രിലില്‍ നടന്ന ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ ഡല്‍ഹിയിലെ വോട്ടര്‍മാര്‍ കെജ്‌രിവാളിനു സമ്മാനിച്ചിരിക്കുന്നതു ശക്തമായൊരു സന്ദേശം കൂടിയാണ്.

കെജ്‌രിവാളിന്റെ അടുത്ത നടപടി എന്ത് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ഗോവ, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോല്‍വിയോടെ ആം ആദ്മിയെ ദേശീയ പാര്‍ട്ടിയായി ഉയര്‍ത്തിക്കൊണ്ടു വരാനുള്ള സാധ്യതകള്‍ മങ്ങിയിരിക്കുന്നു. ഈ വര്‍ഷം നടക്കാനിരിക്കുന്ന ഗുജറാത്ത്, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ശക്തമായൊരു മത്സരം കാഴ്ചവയ്ക്കാനുള്ള പദ്ധതിയും ഏറെക്കുറെ തകര്‍ന്നിരിക്കുന്നു. സ്വന്തം പാര്‍ട്ടിയില്‍നിന്നു പോലും വെല്ലുവിളികളെ നേരിടേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.

മറ്റൊരു ഭീഷണി ആം ആദ്മിക്ക് ഇപ്പോഴുള്ളതു ഡല്‍ഹി നിയമസഭയിലെ അവരുടെ 21 എംഎല്‍എമാര്‍ക്ക് office of profit നിയമപ്രകാരം അയോഗ്യത കല്‍പിക്കപ്പെടുമോ എന്നതാണ്. ഇതു സംബന്ധിച്ച പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ ഇലക്ഷന്‍ കമ്മീഷന്‍ ഏതാനും ആഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കും. അങ്ങനെ സംഭവിച്ചാല്‍ 21 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കും. നിലവില്‍ 70 അംഗ ഡല്‍ഹി നിയമസഭയില്‍ 67 സീറ്റുകളാണ് ആം ആദ്മിക്കുള്ളത്. 21 സീറ്റുകള്‍ നഷ്ടപ്പെട്ടാലും ആം ആദ്മിക്ക് 46 എംഎല്‍എമാരുണ്ട്. ഭരിക്കാനുള്ള ഭൂരിപക്ഷത്തിനേക്കാള്‍ അധികമാണിത്. ഈയൊരു ഘടകം മാത്രമാണു കെജ്‌രിവാളിന് ആശ്വാസം പകരുന്നത്.

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പ്രത്യേകതയായി പൊതുവേ പറയുന്ന ഒരു ചൊല്ലുണ്ട്. ഒരു രാഷ്ട്രീയ നേതാവും ഒരിക്കലും വിരമിക്കില്ലെന്നതാണ് അത്. വസ്തുത ഇതായിരിക്കേ, കൊള്ളിമീന്‍ (shooting- star) കണക്കേ, രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയും ശോഭിക്കുകയും ചെയ്ത പ്രമുഖരുടെ രാഷ്ട്രീയ ഭാവി പെട്ടെന്ന് അവസാനിച്ച ചരിത്രവും ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ട്. അഴിമതിക്കെതിരേ കുരിശുയുദ്ധം പ്രഖ്യാപിച്ച് ദേശീയ രാഷ്ട്രീയത്തില്‍ സവിശേഷ സ്ഥാനം ഉറപ്പിച്ച വ്യക്തിയായിരുന്നു വി പി സിംഗ്. പ്രബല ശക്തിയായിരുന്ന കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ പ്രതിപക്ഷം നടത്തിയ പ്രചാരണ വിഷയങ്ങളിലൊന്നായിരുന്നു ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ തിരിമറി നടത്തിയ കാര്യം.

വി പി സിംഗും പ്രതിപക്ഷത്തിന്റെ പ്രചാരണത്തില്‍ പങ്കെടുക്കുകയും ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം 1989 നവംബറില്‍ പ്രധാനമന്ത്രിയായി. എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം 1991-ല്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലേക്കു തിരിച്ചുവന്നു. ബിജെപി ഉദിച്ചുയരുന്ന രാഷ്ട്രീയ പാര്‍ട്ടിയായി മാറി. അതോടെ വി പി സിംഗ് ദേശീയ രാഷ്ട്രീയത്തില്‍ ഒന്നുമല്ലാതെയായി. അരവിന്ദ് കെജ്‌രിവാളും 2015-ല്‍ അഴിമതിക്കെതിരേ കുരിശുയുദ്ധം ചെയ്തു തിളങ്ങിയ രാഷ്ട്രീയ വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ തിളക്കം ഇനി എത്ര നാള്‍ എന്നതാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ ഉയരുന്ന ചോദ്യം.

Comments

comments

Categories: Politics, Top Stories