ചെലവു ചുരുക്കല്‍: കൊക്ക കോള 1,200 പേരെ പിരിച്ചുവിടും

ചെലവു ചുരുക്കല്‍: കൊക്ക കോള  1,200 പേരെ പിരിച്ചുവിടും
തീരുമാനം ഫിസി ഡ്രിംഗ്‌സിന് ആഗോളതലത്തില്‍ ആവശ്യകത ഇടിഞ്ഞ സാഹചര്യത്തില്‍

ന്യൂഡെല്‍ഹി: ശീതളപാനീയ ഭീമന്‍മാരായ കൊക്ക കോള 1,200 ജീവനക്കാരെ പിരിച്ചുവിടുന്നു. കമ്പനിയുടെ ഫിസി ഡ്രിംഗിന് ആഗോളതലത്തില്‍ ആവശ്യകത ഇടിഞ്ഞതിനാലാണ് ഈ നീക്കം. വടക്കേ അമേരിക്കയിലേയും യൂറോപ്പിലേയും ഉപഭോക്താക്കള്‍ പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ വ്യാപകമായി ഒഴിവാക്കുന്നതിനാല്‍ കൊക്ക കോളയുടെയും എതിരാളിയായ പെപ്‌സിക്കോയുടേയും സോഡ വില്‍പ്പന ഇടിഞ്ഞിരുന്നു. മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ ആഗോള തലത്തിലെ സോഡ വില്‍പ്പന ഒരു ശതമാനം താഴ്ന്നു. ഈ സാഹചര്യത്തില്‍ കമ്പനിയുടെ ചെലവു കുറയ്ക്കല്‍ ലക്ഷ്യം 800 മില്ല്യണ്‍ ഡോളറായി ഉയര്‍ത്തിയിട്ടുണ്ട്. ഇതിലൂടെ 2019 ഓടെ 3.8 ബില്ല്യണ്‍ ഡോളര്‍ ലാഭിക്കാനാവുമെന്ന് കൊക്ക കോള കണക്കുകൂട്ടുന്നു.

ലാഭിക്കുന്ന തുകയുടെ ഭൂരിഭാഗവും കോര്‍പ്പറേറ്റ് ജോലികള്‍ വെട്ടിക്കുറയ്ക്കുന്നതില്‍ നിന്നാണ് വരുന്നതെന്ന് കൊക്ക കോള സിഇഒയായ ജെയിംസ് ക്വന്‍സി പറഞ്ഞു. പ്രതീക്ഷിത പാദലാഭത്തെക്കാള്‍ കുറവാണ് കമ്പനി രേഖപ്പെടുത്തിയത്. നോണ്‍- കാര്‍ബൊണേറ്റഡ് ഡ്രിംഗ് ബിസിനസിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് 800 മില്ല്യണ്‍ ഡോളറിന്റെ പകുതിയെങ്കിലും വീണ്ടും നിക്ഷേപിക്കാമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു. സാമ്പത്തിക പാദത്തിലെ നഷ്ടത്തെക്കുറിച്ച് കമ്പനിക്ക് കൂടുതല്‍ ആശങ്കയില്ലെന്ന് ആര്‍ബിസി കാപ്പിറ്റല്‍ മാര്‍ക്കറ്റിന്റെ നിരീക്ഷകനായ നിക് മോദി ചൂണ്ടിക്കാട്ടി.

കമ്പനി ചെലവ് കുറയ്ക്കലിന് തയാറാകുന്നുവെന്നതാണ് പ്രധാന കാര്യം. ഇതിന് ഇനിയും കൂടുതല്‍ നടപടിയെടുക്കണമെന്നാണ് കരുതുന്നത്. ഈ വര്‍ഷം പകുതിയോടെ തൊഴിലുകളുടെ എണ്ണം കുറയ്ക്കല്‍ തുടങ്ങും. 2018 വരെ ഇത് തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.ചെലവ് കുറയ്ക്കുക ഉന്നമിട്ട് കമ്പനി കുറഞ്ഞ വിലയിലെ ബോട്ട്‌ലിംഗ് ബിസിനസിന്റെ തോത് കുറയ്ക്കുന്നുണ്ട്. ഏറ്റവും ഒടുവിലത്തെ പാദത്തില്‍ വടക്കേ അമേരിക്കയില്‍ റീഫ്രാഞ്ചൈസി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് 84 മില്ല്യണ്‍ ഡോളര്‍ ചെലവിട്ടതായി കമ്പനി അധികൃതര്‍ പറയുന്നു.

Comments

comments

Categories: Business & Economy