ഇന്ത്യയിലെ യാത്രാ ആവശ്യകത തിരിച്ചറിഞ്ഞ് ബ്രസല്‍സ് എയര്‍ലൈന്‍സ്

ഇന്ത്യയിലെ യാത്രാ ആവശ്യകത  തിരിച്ചറിഞ്ഞ് ബ്രസല്‍സ് എയര്‍ലൈന്‍സ്

ബ്രസല്‍സില്‍ നിന്ന് മുംബൈയിലെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ആഴ്ചയില്‍ അഞ്ചു സര്‍വീസുകള്‍ കമ്പനി നടത്തുന്നു

മുംബൈ: ഇന്ത്യന്‍ വ്യോമയാന വിപണിയിലെ ശക്തമായ യാത്രാ ആവശ്യകത തിരിച്ചറിഞ്ഞ് ബ്രസല്‍സ് എയര്‍ലൈന്‍സ്. ജര്‍മന്‍ വിമാനക്കമ്പനിയായ ലുഫ്ത്താന്‍സയുടെ ഉടമസ്ഥതയിലുള്ളതാണ് ബെല്‍ജിയം ആസ്ഥാനമാക്കിയ ബ്രസല്‍സ് എയര്‍ലൈന്‍സ്. ബ്രസല്‍സില്‍ നിന്ന് മുംബൈയിലേക്ക് ആദ്യ വിമാനം പറത്തികൊണ്ട് കമ്പനി കഴിഞ്ഞമാസം ഇന്ത്യയിലേക്കുള്ള സര്‍വീസ് തുടങ്ങിയിരുന്നു. നിലവില്‍ ബ്രസല്‍സില്‍ നിന്ന് മുംബൈയിലെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ആഴ്ചയില്‍ അഞ്ചു സര്‍വീസുകള്‍ കമ്പനി നടത്തുന്നു.

നേരിട്ടുള്ള യാത്രാ വിമാനത്തിന്റെയും കാര്‍ഗോ സര്‍വീസിന്റെയും ആവശ്യകത ഉയര്‍ന്നിട്ടുണ്ട്. പുതിയ സര്‍വീസിലൂടെ ഡയമണ്ട്, വിനോദയാത്ര വ്യവസായങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരിട്ടുള്ള പറക്കലുകള്‍ പ്രദാനം ചെയ്യും. കമ്പനിയുടെ ശൃംഖല വിപുലീകരണത്തിലും ഇന്ത്യയും ബെല്‍ജിയവും തമ്മിലെ ബന്ധത്തിലും പ്രധാനപ്പെട്ട നിക്ഷേപമാണിതെന്ന് ബ്രസല്‍സ് എയര്‍ലൈന്‍സിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ബെര്‍ണാര്‍ഡ് ഗസ്റ്റിന്‍ പറഞ്ഞു. ലുഫ്ത്താന്‍സയുടെ ഇന്ത്യയിലെ ശക്തമായ സാന്നിധ്യം കമ്പനിയെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.

2007 ഡിസംബറില്‍ നരേഷ് ഗോയലിനു കീഴിലെ ജെറ്റ് എയര്‍വെയ്‌സ് ബ്രസല്‍സിനെ തങ്ങളുടെ യൂറോപ്യന്‍ പ്രവര്‍ത്തനങ്ങളുടെ ഹബ്ബാക്കി മാറ്റിയിരുന്നു. യൂറോപ്യന്‍ യൂണിയന്റെ ആസ്ഥാനം കേന്ദ്രീകരിച്ച് പൂര്‍ണതോതില്‍ സേവനം നടത്തുന്ന ആദ്യത്തെ ഇന്ത്യന്‍ വിമാനക്കമ്പനിയാണ് ജെറ്റ് എയര്‍വെയ്‌സ്. എന്നാല്‍ വാണിജ്യപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജെറ്റ് എയര്‍വെയ്‌സ് പ്രവര്‍ത്തനം ഹോളണ്ടിലെ ആംസ്റ്റര്‍ഡാമിലേക്ക് മാറ്റുകയുണ്ടായി. ഫാര്‍മസ്യൂട്ടിക്കല്‍, ഡയമണ്ട്, സമുദ്ര സംബന്ധമായത് ഉള്‍പ്പെടെയുള്ള വ്യവസായ മേഖലകളിലെ യാത്രക്കാരില്‍ നിന്നും ഉല്ലാസ യാത്രക്കാരില്‍ നിന്നും ബ്രസല്‍സിലേക്ക് നേരിട്ടുള്ള സര്‍വീസ് പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

Comments

comments

Categories: Business & Economy