ഇ-റിക്ഷാ ബിസിനസ്സില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ഓട്ടോലൈറ്റ്

ഇ-റിക്ഷാ ബിസിനസ്സില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ഓട്ടോലൈറ്റ്

ലിഥിയം-അയണ്‍ ബാറ്ററി നിര്‍മ്മിക്കും

ന്യൂ ഡെല്‍ഹി : ജയ്പുര്‍ ആസ്ഥാനമായ ലൈറ്റിംഗ് സൊലൂഷന്‍സ് കമ്പനി ഓട്ടോലൈറ്റ് ഇന്ത്യ ഇലക്ട്രിക് റിക്ഷകള്‍ നിര്‍മ്മിച്ചുതുടങ്ങി. ലെഡ്-ആസിഡ് ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റിക്ഷകള്‍ രാജസ്ഥാന്‍, ഹരിയാണ, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ വില്‍പ്പന നടത്തും. ഇലക്ട്രിക് വാഹന പ്രോത്സാഹന പരിപാടികളുമായി മുന്നോട്ടുപോകുന്ന കേന്ദ്ര സര്‍ക്കാരിന് ശക്തമായ പിന്തുണയാണ് ഓട്ടോലൈറ്റ് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.

ജയ്പുരിലെ രണ്ടേക്കര്‍ സ്ഥലത്ത് കമ്പനി ചെറിയ ഉല്‍പ്പാദന കേന്ദ്രം സ്ഥാപിച്ചതായി ഓട്ടോലൈറ്റ് ഇന്ത്യ മാര്‍ക്കറ്റിംഗ് ആന്‍ഡ് ഫിനാന്‍സ് ഡയറക്റ്റര്‍ ആദര്‍ശ് മഹിപാല്‍ ഗുപ്ത വ്യക്തമാക്കി. പ്രതിമാസം 500 ഇ-റിക്ഷകള്‍ പുറത്തിറക്കുകയാണ് ലക്ഷ്യം. 2018 സാമ്പത്തിക വര്‍ഷാവസാനത്തോടെ നഗരത്തിലെ മറ്റൊരു സ്ഥലത്ത് കൂടുതല്‍ വലിയ നിര്‍മ്മാണശാല സ്ഥാപിക്കാനും മാസം തോറും രണ്ടായിരം ഇലക്ട്രിക് റിക്ഷകള്‍ നിര്‍മ്മിച്ച് പുറത്തിറക്കാനുമാണ് ഓട്ടോലൈറ്റിന്റെ പദ്ധതി. പുതിയ പ്ലാന്റ് നിര്‍മ്മിക്കുന്നതിന് ഭാഗിക നിക്ഷേപം തേടി ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെയും സമ്പന്ന വ്യക്തികളെയും സമീപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ആദ്യം നഗരത്തില്‍ സ്ഥലം കണ്ടെത്താനാണ് ഓട്ടോലൈറ്റ് ഇന്ത്യയുടെ ശ്രമം.

ഇവി വിപണിയില്‍ ശ്രദ്ധ പിടിച്ചുപറ്റുകയെന്ന ലക്ഷ്യത്തോടെ ഓട്ടോലൈറ്റ് ഇന്ത്യയുടെയും ധാംപുര്‍ ഷുഗര്‍ മില്‍സ് ലിമിറ്റഡിന്റെയും സംയുക്ത സംരംഭമായ ഹൈസ്ട്രീറ്റ് ലൈറ്റിംഗ് ലിമിറ്റഡ് കഴിഞ്ഞ വര്‍ഷം ഗുരുഗ്രാമത്തില്‍ ലിഥിയം-അയണ്‍ ബാറ്ററി പ്ലാന്റ് തുടങ്ങിയിരുന്നു. വാഹന നിര്‍മ്മാതാക്കള്‍ക്ക് കമ്പനി ലിഥിയം-അയണ്‍ ബാറ്ററി വില്‍പ്പന നടത്തുന്നുണ്ട്. ഓട്ടോലൈറ്റിന്റെ ഇ-റിക്ഷകളില്‍ മാസങ്ങള്‍ക്കുള്ളില്‍ ലിഥിയം-അയണ്‍ ബാറ്ററികളും തുടര്‍ന്ന് സൗരോര്‍ജ്ജ ഇ-റിക്ഷകളും വിപണിയിലെത്തിക്കും. നിലവില്‍ സോളാര്‍, ലിഥിയം-അയണ്‍ ഇ-റിക്ഷകളുടെ പരീക്ഷണം നടന്നുവരികയാണ്. ചൈനീസ് കമ്പനിയില്‍നിന്നാണ് ബാറ്ററി സെല്ലുകള്‍ വരുത്തുന്നത്. ബാറ്ററി പാക്ക് മാനുഫാക്ച്ചറിംഗും ബാറ്ററി മാനേജ്‌മെന്റ് സര്‍വീസുകളും ഗുരുഗ്രാമത്തിലെ ഇലക്ട്രോണിക്‌സ് സിറ്റിയില്‍ നടക്കുന്നു.

ഇലക്ട്രിക് റിക്ഷകള്‍ക്കുവേണ്ട ലിഥിയം അയണ്‍ ബാറ്ററിക്ക് 75,000 രൂപ വിലവരും. ഒരു തവണ ചാര്‍ജ് ചെയ്യുന്നതിലൂടെ 25 കിലോമീറ്റര്‍ ഇന്ധനക്ഷമത ലഭിക്കും. 48 വോള്‍ട്ട് 80 ആംപിയര്‍ ലിഥിയം അയണ്‍ ബാറ്ററി ചാര്‍ജ് ചെയ്യുന്നതിന് മൂന്ന് മണിക്കൂര്‍ മതി. ഭാരം കുറഞ്ഞ ബാറ്ററി വാഹനത്തിന്റെ മൊത്തം ഭാരം 90 കിലോഗ്രാമായി കുറയ്ക്കും. ലെഡ്-ആസിഡ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന റിക്ഷകളില്‍ 5-6 പേര്‍ക്കേ യാത്ര ചെയ്യാന്‍ കഴിയൂ എങ്കില്‍ പുതിയ ഇ-റിക്ഷകളില്‍ 7-8 പേര്‍ക്ക് യാത്ര ചെയ്യാനുള്ള സീറ്റ് ശേഷിയുണ്ട്. കൂടുതലെണ്ണം ലിഥിയം-അയണ്‍ ബാറ്ററികള്‍ നിര്‍മ്മിക്കുന്നതിലൂടെ വര്‍ഷാവസാനത്തോടെ ഓരോന്നിനും 50,000 രൂപയായി വില കുറയ്ക്കാന്‍ കഴിയുമെന്ന് അമിത് ഗുപ്ത പറഞ്ഞു. അതുവഴി ഇ-റിക്ഷകളുടെ വിലയും കുറയും.

ഇ-റിക്ഷകള്‍ക്കും ലെഡ്-ആസിഡ് ബാറ്ററികള്‍ക്കും പുണെയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ടിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ലിഥിയം അയണ്‍ ബാറ്ററിള്‍ക്ക് വൈകാതെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴത്തെ ഉല്‍പ്പാദനം കുറവാണെങ്കിലും ഗുരുഗ്രാമത്തിലെ പ്ലാന്റില്‍ ദിവസേന 2,000-6,000 ബാറ്ററി പാക്കുകള്‍ നിര്‍മ്മിക്കാനുള്ള ശേഷിയുണ്ട്. 2017-18 ല്‍ 125 കോടി രൂപയുടെ വിറ്റുവരവ് സാധ്യമാകുമെന്നാണ് ഓട്ടോലൈറ്റ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Auto