അഖിലേന്ത്യാ നാണയ-കറന്‍സി പ്രദര്‍ശനം 28 മുതല്‍

അഖിലേന്ത്യാ നാണയ-കറന്‍സി പ്രദര്‍ശനം 28 മുതല്‍

കോഴിക്കോട്: അഖിലേന്ത്യാ നാണയ,കറന്‍സി,മെഡല്‍ പ്രദര്‍ശനം നാളെ കോഴിക്കോട് കോര്‍പ്പറേഷന്‍ ജൂബിലി ഹാളില്‍ ആരംഭിക്കും. കാലിക്കറ്റ് ന്യൂമിസ്മാറ്റിക്ക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഏഴാമത് അഖിലേന്ത്യാ എക്‌സിബിഷന്‍ ആണ് ജൂബിലി ഹാളില്‍ 28,29,30 തിയതികളിലായി നടക്കുന്നത്.

പുരാതന ഭാരതത്തിലെ കോസല, മഗധ, മൗര്യ, ഗുപ്ത സാമ്രാജ്യങ്ങളില്‍ ഉപയോഗിച്ചിരുന്ന നാണയങ്ങള്‍, ഗ്രീക്ക്, റോമന്‍ നാണയങ്ങള്‍, ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ട നാണയങ്ങള്‍, ഇന്ത്യ ഭരിച്ചിരുന്ന ചക്രവര്‍ത്തിമാരുടെയും വിവിധ നാട്ടുരാജാക്കന്‍മാരുടെയും അത്യപൂര്‍വ്വ സ്വര്‍ണം- വെള്ളി നാണയങ്ങള്‍, കോഴിക്കോട് സാമൂതിരി, തിരുവിതാംകൂര്‍, അറക്കല്‍ രാജവംശങ്ങളുടെയും ടിപ്പുസുല്‍ത്താന്റെയും അപൂര്‍വ്വ നാണയങ്ങളുടെ വന്‍ശേഖരം, ഇന്ത്യയില്‍ അധിനിവേശം നടത്തിയ ബ്രിട്ടീഷുകാര്‍, പോര്‍ച്ചുഗീസുകാര്‍, ഡച്ചുകാര്‍ എന്നിവര്‍ ഇറക്കിയ നാണയങ്ങളും കറന്‍സികളും, ഇന്ത്യാ ഗവണ്‍മെന്റ് ഇന്നേവരെ ഇറക്കിയ അണ്‍സര്‍ക്കുലേറ്റഡ് സ്മരണികാ നാണയങ്ങള്‍, കറന്‍സികള്‍, 250- ല്‍പ്പരം വിദേശരാജ്യങ്ങളുടെ നാണയങ്ങള്‍, ഫാന്‍സി നമ്പര്‍ കറന്‍സികള്‍ എന്നിവയായിരിക്കും പ്രദര്‍ശനത്തിലെ മുഖ്യ ആകര്‍ഷണങ്ങള്‍.

പ്രകാശ് എം, ഇസ്മയില്‍ ബഷീര്‍, സുരേന്ദ്ര റാവു, രൂപ് ബാല്‍റാം, ഡോ. സുരേഷ്, പ്രേമന്‍ പുതിയാപ്പില്‍, സൂരജ്, ഭരത് ജി ഷാ തുടങ്ങി മുപ്പതോളം പേരുടെ ശേഖരത്തിലുള്ള നാണയങ്ങളും കറന്‍സികളുമാണ് പ്രദര്‍ശനത്തിന് എത്തുന്നത്. നമ്മുടെ മഹത്തായ പാരമ്പര്യത്തിന്റെയും ചരിത്രത്തിന്റെയും നിര്‍ണ്ണായകശേഷിപ്പുകള്‍ രേഖപ്പെടുത്തിയ നാണയ പ്രദര്‍ശനം ചരിത്രാന്വേഷികള്‍ക്കും സാധാരണക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരേ പോലെ വിജഞാനപ്രദവും കൗതുകജനകവും ആയിരിക്കുമെന്ന് കാലിക്കറ്റ് ന്യൂമിസ്മാറ്റിക്‌സ് സൊസൈറ്റി പ്രതീക്ഷിക്കുന്നു.

പ്രദര്‍ശനം കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ രാവിലെ പത്തു മണിക്ക് ഉദ്ഘാടനം ചെയ്യും. പ്രദര്‍ശനത്തോടനുബന്ധിച്ച് ഇറക്കുന്ന സ്മരണിക പ്രമുഖ ചരിത്രകാരനും ഇന്ത്യന്‍ ഹിസ്റ്ററി റിസര്‍ച്ച് കൗണ്‍സിലിന്റെ മുന്‍ അധ്യക്ഷനുമായ ഡോ. എം ജി എസ് നാരായണന്‍ ചരിത്രകാരനായ കെ കെ മുഹമ്മദിന് നല്‍കി പ്രകാശനം ചെയ്യും.

Comments

comments

Categories: Life