2017 എമിറേറ്റ്‌സിന് വെല്ലുവിളി നിറഞ്ഞ വര്‍ഷം: ഷേയ്ഖ് അഹമ്മദ്

2017 എമിറേറ്റ്‌സിന് വെല്ലുവിളി നിറഞ്ഞ വര്‍ഷം: ഷേയ്ഖ് അഹമ്മദ്
2016 ലെ വാര്‍ഷിക റിപ്പോര്‍ട്ട് മെയില്‍ പ്രഖ്യാപിക്കുമെന്നും എമിറേറ്റ്‌സിന്റെ 
ചെയര്‍മാന്‍ പറഞ്ഞു

ദുബായ്: എമിറേറ്റ്‌സിന് 2017 വെല്ലുവിളി നിറഞ്ഞ വര്‍ഷമായിരിക്കുമെന്ന് ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിമാനകമ്പനിയുടെ ചെയര്‍മാന്‍ ഷേയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൗം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ കമ്പനിയുടെ ലാഭത്തില്‍ 75 ശതമാനത്തിന്റെ ഇടിവുണ്ടായെന്ന് നവംബറില്‍ വിമാനകമ്പനി അറിയിച്ചിരുന്നു. ഈ വര്‍ഷവും കമ്പനി പ്രതീക്ഷിക്കുന്ന വളര്‍ച്ച കൈവരിക്കില്ലെന്നാണ് എമിറേറ്റ്‌സ് തലവന്റെ പ്രവചനം.

എന്നാല്‍ നിലവില്‍ കമ്പനി ലാഭത്തിലാണെന്നും 2016 ലെ വാര്‍ഷിക റിപ്പോര്‍ട്ട് മേയില്‍ പ്രഖ്യാപിക്കുമെന്നും ഷേയ്ഖ് അഹമ്മദ് പറഞ്ഞു. 2016- 17 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പകുതിയുടെ അറ്റാദായത്തില്‍ 75 ശതമാനത്തിന്റെ ഇടിവുണ്ടായെന്ന് നവംബറില്‍ എമിറേറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമ്പദ്ഘടനയിലെ അനിശ്ചിതാവസ്ഥയും ട്രാവല്‍ ഡിമാന്‍ഡ് കുറഞ്ഞതുമാണ് എമിറേറ്റ്‌സിന് തിരിച്ചടിയായത്.

786 മില്യണ്‍ ദിര്‍ഹമായിരുന്നു എയര്‍ലൈനിന്റെ നെറ്റ് പ്രോഫിറ്റ്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചതിന് ശേഷമാണ് തിരിച്ചടിയുണ്ടായത്.2016 ലെ ആദ്യ പകുതിയിലെ പ്രവര്‍ത്തന ചെലവില്‍ അഞ്ച് ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. ഇന്ധനത്തിനാണ് ഏറ്റവും കൂടുതല്‍ ചെലവു വന്നത്. ആകെ പ്രവര്‍ത്തന ചെലവിന്റെ 24 ശതമാനമാണ് ഇന്ധനത്തിനായി ചെലവാക്കിയതെന്ന് എമിറേറ്റ്‌സ് പറഞ്ഞു.

ഈ വര്‍ഷം എമിറേറ്റ്‌സിന് മോശം വര്‍ഷമായിരിക്കുമെന്ന് ജനുവരിയില്‍ കമ്പനിയുടെ പ്രസിഡന്റ് ടിം ക്ലര്‍ക്ക് പറഞ്ഞതിന് പിന്നാലെയാണ് ചെയര്‍മാനും ഇതേ അഭിപ്രായം പ്രകടിപ്പിക്കുന്നത്. ചെലവ് കുറയ്ക്കുന്നതിനായി ആഴ്ചകള്‍ തോറും കമ്പനിയുടെ പ്രവര്‍ത്തനം വിലയിരുത്തുമെന്നും പ്രീമിയം ഇക്കോണമി കാബിന്‍ കൊണ്ടുവരാന്‍ പദ്ധതിയിടുന്നുണ്ടെന്നും ഷേയ്ഖ് അഹമ്മദ് വ്യക്തമാക്കി. ഡിസംബറില്‍ ഇത് കൊണ്ടുവരുമെന്ന് റിപ്പോര്‍ട്ടുണ്ട്.

യുഎസിന്റെ പുതിയ നയങ്ങളെ നേരിടുന്നതിനായി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മിഡില്‍ ഈസ്റ്റിലെ 10 വിമാനത്താവളങ്ങളില്‍ നിന്ന് യുഎസിലേക്ക് വരുന്ന വിമാനങ്ങളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതും മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാരെ യുഎസില്‍ പ്രവേശിക്കുന്നത് വിലക്കേര്‍പ്പെടുത്തിയ നടപടിയും എമിറേറ്റ്‌സിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. കമ്പനിയുടെ 12 യുഎസ് റൂട്ടുകളില്‍ അഞ്ചെണ്ണം വെട്ടിക്കുറയ്ക്കാന്‍ ഇത് കാരണമായി.

കമ്പനിയെ വളര്‍ച്ചയിലേക്ക് കൊണ്ടുവരുന്നതിനായി പുതിയ മാര്‍ക്കറ്റുകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ എമിറേറ്റ്‌സിന് ആലോചനയുണ്ട്. 100 സ്ഥലങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് വിമാനകമ്പനി. യുഎസ് റൂട്ടുകള്‍ക്ക് പകരമായി ആഫ്രിക്ക, ഫാര്‍ ഇസ്റ്റ് എന്നീ മേഖലകളെയാണ് കമ്പനി പ്രധാനമായും ലക്ഷ്യമിടുന്നത്.

Comments

comments

Categories: World