ഉത്തര കൊറിയ-യുഎസ് യുദ്ധം ആസന്നമായോ ?

ഉത്തര കൊറിയ-യുഎസ് യുദ്ധം ആസന്നമായോ ?
ഉത്തര കൊറിയ ലക്ഷ്യമാക്കി യുഎസ് പടക്കപ്പലുകളും വിമാനവാഹിനി കപ്പലുകളും
മുന്നേറുകയാണ്. മേഖലയില്‍ യുഎസിന്റെ സഖ്യകക്ഷികളായ ജപ്പാനും, ദക്ഷിണ
കൊറിയയും വന്‍ തയാറെടുപ്പുകള്‍ നടത്തിയിരിക്കുന്നു. മറുവശത്ത് ഉത്തര
കൊറിയയാകട്ടെ, ആണവ പരീക്ഷണം നടത്താനുള്ള ശ്രമം ഉപേക്ഷിച്ചിട്ടുമില്ല.
ഏതു നിമിഷവും ഒരു യുദ്ധത്തിനു തുടക്കമിടാനുള്ള സാധ്യത ഇതോടെ വര്‍ധിച്ചിരിക്കുന്നു.

ഉത്തര കൊറിയ-യുഎസ് സംഘര്‍ഷം ഓരോ ദിവസവും രൂക്ഷമാകുമ്പോള്‍ ലോകം ആശങ്കയിലാണ്. കൊറിയന്‍ ഉപദ്വീപ് ലക്ഷ്യംവച്ചു യുഎസ് പടക്കപ്പലുകളുടെ വ്യൂഹം മുന്നേറുന്നതും ദക്ഷിണ കൊറിയയില്‍ മിസൈല്‍ പ്രതിരോധ സംവിധാനമായ താഡ് (Thaad-Terminal High Altitude Area Defense missile defence system) യുഎസ് വിന്യസിച്ചതും വെസ്റ്റേണ്‍ പസഫിക്ക് സമുദ്രത്തില്‍ ജപ്പാനും യുഎസും ചേര്‍ന്നു സംയുക്ത നാവികാഭ്യാസം നടത്തുന്നതുമൊക്കെ ആശങ്കയോടെയാണു വീക്ഷിക്കുന്നത്. ഇതിനിടെ യുഎസിനെ കൂടുതല്‍ പ്രകോപിപ്പിക്കാന്‍ ആറാമതും ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

ആണവപരീക്ഷണത്തിന് ഉത്തര കൊറിയ ഒരുങ്ങുകയാണെന്ന് ഒരു മാസത്തിലധികമായി യുഎസും ദക്ഷിണ കൊറിയയും പറയാന്‍ തുടങ്ങിയിട്ട്. പക്ഷേ ഉത്തര കൊറിയയുടെ ഒരേയൊരു ആണവ പരീക്ഷണ കേന്ദ്രമായ യുങി-റിയില്‍ ഇതുവരെ പരീക്ഷണം നടന്നിട്ടില്ല. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു ഉത്തര കൊറിയ അഞ്ചാമത്തെ ആണവ പരീക്ഷണം നടത്തിയത്. ഇതിനു ശേഷം ആറാമത്തെ ആണവ പരീക്ഷണം നടത്താനുള്ള തയാറെടുപ്പുകള്‍ ഉത്തര കൊറിയ നടത്തുകയാണെന്ന വാദം ശക്തവുമാണ്. കഴിഞ്ഞ വര്‍ഷം ജനുവരി മുതലാണ് ഉത്തര കൊറിയ അന്താരാഷ്ട്ര സമൂഹത്തിനെ ഞെട്ടിച്ചു കൊണ്ട് ആണവ പരീക്ഷണങ്ങള്‍ നടത്തി തുടങ്ങിയത്. 2016-ല്‍ മാത്രം അവര്‍ 20 മിസൈലുകളാണ് വിക്ഷേപിച്ചത്. ഇത് ആണവ പരീക്ഷങ്ങള്‍ക്കു പുറമേയാണ്. 2017 മാര്‍ച്ച് മാസത്തിലെ ആദ്യയാഴ്ചയില്‍ ജപ്പാന്‍ കടലിലേക്ക് ഉത്തര കൊറിയ നാല് മിസൈലുകള്‍ വിക്ഷേപിച്ചിരുന്നു.

ഓരോ ആണവ, മിസൈല്‍ പരീക്ഷണം നടത്തുന്നതിലൂടെയും ആണവായുധം വികസിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്ക് ഉത്തര കൊറിയ കൂടുതല്‍ അടുക്കുകയാണ്. ഇതിലൂടെ യുഎസിനെ ലക്ഷ്യമിടാന്‍ തക്കവിധം പ്രാപ്തമായൊരു മിസൈല്‍ വികസിപ്പിച്ചെടുക്കുക എന്നതും ഉത്തര കൊറിയയുടെ അജന്‍ഡയാണ്. സമീപ ദിവസങ്ങളില്‍ ഉത്തര കൊറിയ ആറാമത്തെ ആണവ പരീക്ഷണം നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടുണ്ടെങ്കിലും കൊറിയന്‍ ഉപദ്വീപില്‍ ഇപ്പോള്‍ സംഘര്‍ഷ ഭരിതമായൊരു സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഉത്തര കൊറിയ ഉടന്‍ ആറാമത്തെ മിസൈല്‍ പരീക്ഷണം നടത്തില്ലെന്നും കരുതപ്പെടുന്നു. അതേസമയം ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രമായ യുങി-റിയിലേക്കുള്ള തുരങ്കപാതയില്‍ ചില നിഗൂഢ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്കു വിവരം ലഭിച്ചിട്ടുണ്ട്. ഇതിനര്‍ഥം ഉത്തര കൊറിയ അധികം താമസിയാതെ തന്നെ ആറാമത്തെ ആണവ പരീക്ഷണം നടത്താന്‍ തയാറെടുക്കുന്നുണ്ട് എന്നാണ്.

ആണവ പരീക്ഷണത്തിലൂടെ ശക്തി പ്രകടമാക്കുന്നതിനൊപ്പം എതിരാളികള്‍ക്കു ശക്തമായ സന്ദേശം നല്‍കുകയാണ് ഉത്തര കൊറിയ ലക്ഷ്യമിടുന്നത്. ഉത്തര കൊറിയ മിസൈല്‍, ആണവ പരീക്ഷണങ്ങള്‍ നടത്തുന്നതും കൃത്യമായ സമയവും കാലവുമൊക്കെ നോക്കിയാണെന്നതും ശ്രദ്ധേയമാണ്. ഈ മാസം 16ന് ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. ഉത്തര കൊറിയ ‘ഡേ ഓഫ് സണ്‍’ ആയി ആചരിക്കുന്ന ദിനം ഏപ്രില്‍ 15-ാണ്. അന്നാണ് രാജ്യത്തിന്റെ സ്ഥാപകനെന്നു അറിയപ്പെടുന്ന കിം സുങിന്റെ ജന്മദിനം. ഒട്ടേറെ പ്രാധാന്യത്തോടെയാണ് ഉത്തര കൊറിയ ‘ഡേ ഓഫ് സണ്‍’ ആചരിക്കുന്നത്.’ഡേ ഓഫ് സണ്‍’ ആചരണത്തിന് ഒരു ദിവസം ശേഷമാണു മിസൈല്‍ പരീക്ഷണം നടത്തിയത്. അതിലൂടെ ദേശീയ വികാരം ഉണര്‍ത്താനും ഭരണാധികാരികള്‍ പ്രത്യേകം ശ്രദ്ധിച്ചു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുമായി വാഷിംഗ്ടണില്‍ യുഎസ് പ്രസിഡന്റ് ട്രംപ് കൂടിക്കാഴ്ച നടത്തുന്നതിനിടെ ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തുകയുണ്ടായി.

ഈ മാസം 25നാണ് ഉത്തര കൊറിയ, സൈനിക രൂപീകരണത്തിന്റെ 85-ാം വാര്‍ഷികം ആചരിച്ചത്. ദിനാചരണം വന്‍ പ്രാധാന്യത്തോടെയാണ് ആഘോഷിച്ചത്. ഈ ദിനത്തില്‍ ഉത്തര കൊറിയ ആറാമത് ആണവപരീക്ഷണം നടത്തിയേക്കുമെന്നും അന്താരാഷ്ട്ര സമൂഹം കരുതിയിരുന്നു. പക്ഷേ അത് സംഭവിച്ചില്ല. ഇനി സാധ്യത കല്‍പിക്കപ്പെടുന്ന ദിനം ജൂണ്‍ 25-ാണ്. അന്നാണു കൊറിയന്‍ യുദ്ധത്തിന്റെ വാര്‍ഷികദിനം. ആണവശക്തിയെന്നു തെളിയിച്ചു കഴിഞ്ഞാല്‍ യുഎസ് ഉള്‍പ്പെടെയുള്ള വന്‍ശക്തികളുമായി ഒരുപക്ഷേ ചര്‍ച്ച നടക്കുകയാണെങ്കില്‍ ഉത്തര കൊറിയയ്ക്കു മേല്‍ക്കൈ നേടിക്കൊടുക്കുമെന്ന കാര്യം ഉറപ്പാണ്. ഇതും ഉത്തര കൊറിയയെ ആണവപരീക്ഷണത്തിനു പ്രേരിപ്പിക്കുന്ന ഘടകമാണ്.

അതേസമയം ഉത്തര കൊറിയയുടെ ഏതു തരം പ്രകോപനത്തെയും പ്രതിരോധിക്കാന്‍ ട്രംപും തീരുമാനിച്ചിരിക്കുകയാണ്. കൊറിയന്‍ ഉപദ്വീപിലേക്ക് യുഎസ് പടക്കപ്പലുകളുടെ വ്യൂഹത്തെ വിന്യസിച്ചിരിക്കുന്നതിനുള്ള കാരണവും മറ്റൊന്നല്ല. യുഎസ് സൈനികമായി നടപടി ആരംഭിച്ചേക്കുമെന്ന പ്രതീതി ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. ഇത് ഉത്തര കൊറിയയെ നെഗോഷ്യേറ്റിംഗ് ടേബിളിനു മുന്‍പില്‍ എത്തിച്ചേക്കുമെന്നും കരുതുന്നുണ്ട്. 1994-ല്‍ ഇത്തരം ഒരു സംഭവമുണ്ടായിട്ടുണ്ട്. അന്ന് ഉത്തര കൊറിയയുടെ പ്രസിഡന്റും ഇപ്പോഴത്തെ പ്രസിഡന്റായ കിം ജോങ് ഉന്നിന്റെ മുത്തച്ഛനുമായ കിം സുങിനെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജിമ്മി കാര്‍ട്ടര്‍ ഇത്തരമൊരു സമ്മര്‍ദ്ദ തന്ത്രം പ്രയോഗിച്ചതിനു ശേഷമായിരുന്നു ആണവ പദ്ധതിയില്‍നിന്നും പിന്തിരിപ്പിച്ചത്.

Comments

comments

Categories: Top Stories, World