മുംബൈ ട്രംപ് ടവറിലെ അപ്പാര്‍ട്ട്‌മെന്റുകളുടെ വില്‍പ്പന ലോധ ഗ്രൂപ്പ് പുനരാരംഭിക്കും

മുംബൈ ട്രംപ് ടവറിലെ അപ്പാര്‍ട്ട്‌മെന്റുകളുടെ വില്‍പ്പന ലോധ ഗ്രൂപ്പ് പുനരാരംഭിക്കും
75 നിലകളുള്ള ട്രംപ് ടവറിലെ 300 അപ്പാര്‍ട്ട്‌മെന്റുകളുടെ വില്‍പ്പന ജൂണിലോ
ജൂലൈയിലോ പുനരാരംഭിക്കും

മുംബൈ : ലോവര്‍ പാരലിലെ ട്രംപ് ടവറിലെ അപ്പാര്‍ട്ട്‌മെന്റുകളുടെ വില്‍പ്പന ലോധ ഗ്രൂപ്പ് പുനരാരംഭിക്കും. അമേരിക്കന്‍ പ്രസിഡന്റിന്റെ ബ്രാന്‍ഡ് ഇന്ത്യയിലെ ലക്ഷ്വറി ഹോം വിപണിക്ക് പുത്തനുണര്‍വ്വ് പകരുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. രാജ്യത്തെ വലിയ പ്രോപ്പര്‍ട്ടി ഡെവലപ്പര്‍മാരിലൊരാളായ ലോധ ഡെവലപ്പേഴ്‌സ് 75 നിലകളുള്ള ട്രംപ് ടവറിലെ അപ്പാര്‍ട്ട്‌മെന്റുകളുടെ വിപണനം ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ പുനരാരംഭിക്കും. കെട്ടിടത്തിലെ അറുപത് ശതമാനത്തോളം അപ്പാര്‍ട്ട്‌മെന്റുകളുടെ വില്‍പ്പന നടത്തിയിരുന്നു. 2019 ല്‍ ട്രംപ് ടവറിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് ലോധ ഡെവലപ്പേഴ്‌സ് മാനേജിംഗ് ഡയറക്റ്റര്‍ അഭിഷേക് ലോധ പറഞ്ഞു.

ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പട്ട ശേഷം അപ്പാര്‍ട്ട്‌മെന്റുകളുടെ വില്‍പ്പന നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. മാറിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പ്രയോജനം ആരും നേടേണ്ട എന്ന് ബോധപൂര്‍വ്വം തീരുമാനിക്കുകയായിരുന്നുവെന്ന് അഭിഷേക് ലോധ വ്യക്തമാക്കി. ജൂണിലോ ജൂലൈയിലോ വീണ്ടും വില്‍പ്പന തുടങ്ങാനാണ് നിശ്ചയിച്ചിരിക്കുന്നത്.

ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും വിവാദ നയതീരുമാനങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങുകയും ചെയ്തതോടെ ലോകത്തിന്റെ ചില ഭാഗങ്ങളില്‍ ട്രംപ് ബ്രാന്‍ഡിനോടുള്ള താല്‍പ്പര്യം കുറഞ്ഞിരുന്നു. ചില മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൡനിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്ക് യാത്രാ വിലക്ക്, എച്ച്‌വണ്‍-ബി വിസ നിയന്ത്രണം തുടങ്ങിയ തീരുമാനങ്ങള്‍ ശക്തമായ എതിര്‍പ്പാണ് വരുത്തിവെച്ചത്.

മാര്‍ച്ചില്‍ വാന്‍കൂവറിലെ ട്രംപ് ഹോട്ടല്‍ പ്രതിഷേധപ്രകടനങ്ങള്‍ക്കിടെയാണ് തുറന്നത്. ടൊറന്റോയിലെ ട്രംപ് റസിഡന്‍ഷ്യല്‍ ടവറിലേക്ക് ആളെ കിട്ടാതായതോടെ ഇപ്പോള്‍ വില്‍ക്കാന്‍ വെച്ചിരിക്കുകയാണ്. ട്രംപിന്റെ കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ സര്‍ക്കാരിന്റെ നയതീരുമാനങ്ങളെ സ്വാധീനിക്കുമെന്നതിനാല്‍ ഡൊണാള്‍ഡ് ട്രംപ് ബിസിനസ്സില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് അമേരിക്കയില്‍ ആവശ്യമുയര്‍ന്നിരുന്നു.

ഡൊണാള്‍ഡ് ട്രംപ് ബിസിനസ് കാര്യങ്ങളില്‍ ഇടപെടുന്നില്ല എന്നതിനാല്‍ അദ്ദേഹവുമായി ആശയവിനിമയം നടത്തിയില്ലെന്ന് അഭിഷേക് ലോധ വ്യക്തമാക്കി. ട്രംപിന്റെ പ്രത്യേകതയായ പോസ്റ്റ്-സെയ്ല്‍സ് സര്‍വീസസ് കാരണം മുംബൈയിലെ ടവര്‍ വിജയം കാണുമെന്ന് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് ലോധ അറിയിച്ചു. 24 മണിക്കൂര്‍ റസിഡന്റ് മാനേജര്‍, സ്വകാര്യ ജെറ്റ് സര്‍വീസില്‍ അംഗത്വം, ഏഴ് ഏക്കര്‍ സ്വകാര്യ പാര്‍ക്ക് ഉപയോഗിക്കാനുള്ള അവസരം ഇവയെല്ലാം മുംബൈയിലെ ട്രംപ് ടവര്‍ തരും.

ഇന്ത്യയിലും യുകെയിലുമായി ലോധ ഡെവലപ്പേഴ്‌സ് ഏറ്റെടുത്തുനിര്‍മ്മിക്കുന്ന 31 പ്രോജക്റ്റുകളിലൊന്നാണ് മുംബൈ ട്രംപ് ടവര്‍. നഗരത്തില്‍ 117 നിലകളുള്ള ‘വേള്‍ഡ് വണ്‍’ ടവര്‍ നിര്‍മ്മിച്ചുവരികയാണ് ലോധ ഡെവലപ്പേഴ്‌സ്. ലോകത്തെ ഏറ്റവും വലിയ റസിഡന്‍ഷ്യല്‍ ടവറായിരിക്കും ‘വേള്‍ഡ് വണ്‍’ എന്ന് ലോധ അവകാശപ്പെടുന്നു. പ്രാഥമിക ഓഹരി വില്‍പ്പന നടത്താനും ലോധ ഡെവലപ്പേഴ്‌സ് ആലോചിക്കുന്നു.

Comments

comments

Categories: Business & Economy