ടൊയോട്ടയുടെ ഹെവി-ഡ്യൂട്ടി ട്രക്കുകള്‍ ഫ്യൂവല്‍ സെല്‍ സാങ്കേതികവിദ്യ ഉപയോഗിക്കും

ടൊയോട്ടയുടെ ഹെവി-ഡ്യൂട്ടി ട്രക്കുകള്‍ ഫ്യൂവല്‍ സെല്‍ സാങ്കേതികവിദ്യ ഉപയോഗിക്കും
ഫ്യൂവല്‍ സെല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ട്രക്കുകളെ ആദ്യം ലോസ് ഏഞ്ചലസ്
തുറമുഖത്ത് പരീക്ഷിക്കും

ന്യൂ ഡെല്‍ഹി : അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഹെവി-ഡ്യൂട്ടി ട്രക്കുകളില്‍ ഫ്യൂവല്‍ സെല്‍ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ ടൊയോട്ട തീരുമാനിച്ചു. വാഹനങ്ങള്‍ പുറന്തള്ളുന്ന പുക അന്തരീക്ഷ മലിനീകരണത്തിനിടയാക്കുന്നത് ക്രമേണ കുറയ്ക്കുകയാണ് ടൊയോട്ടയുടെ ലക്ഷ്യം. ഫ്യൂവല്‍ സെല്‍ സാങ്കേതികവിദ്യ പ്രയോഗിക്കുന്ന ട്രക്കുകളെ ആദ്യം ലോസ് ഏഞ്ചലസ് തുറമുഖത്ത് പരീക്ഷിക്കും. ‘പ്രോജക്റ്റ് പോര്‍ട്ടല്‍’ എന്ന പേരിലാണ് പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ചെറിയ ദൂരങ്ങളിലേക്ക് ചരക്ക് കടത്തുന്ന ട്രക്കുകളിലാണ് ആദ്യം ഫ്യൂവല്‍ സെല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. ലോസ് ഏഞ്ചലസ് തുറമുഖത്ത് ഏറ്റവുമധികം മലിനീകരണം സൃഷ്ടിക്കുന്നത് ട്രക്കുകളാണ്. തങ്ങളുടെ ഫ്യൂവല്‍ സെല്‍ ട്രക്കുകള്‍ക്ക് 322 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്ന് ടൊയോട്ട അവകാശപ്പെടുന്നു.

രണ്ട് മിറായ് ഫ്യൂവല്‍ സെല്‍ സ്റ്റാക്കുകളും 12 കിലോവാട്ട്-അവര്‍ ബാറ്ററിയുമാണ് കണ്‍സെപ്റ്റ് ട്രക്കില്‍ ഉപയോഗിക്കുന്നത്. 670 കുതിരശക്തി കരുത്തും 1796.4 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. 36,000 കിലോഗ്രാം ഭാരം വഹിക്കാന്‍ ട്രക്കിന് ശേഷിയുണ്ടാകും. ജപ്പാനിലെ ബസ്സുകളില്‍ ടൊയോട്ട ഫ്യൂവല്‍ സെല്‍ സാങ്കേതികവിദ്യ പരീക്ഷിച്ചിരുന്നു. സാങ്കേതികവിദ്യയുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് ടൊയോട്ടയുടെ തീരുമാനം. ഇതിന്റെ ഭാഗമായി കാലിഫോര്‍ണിയയില്‍ ഹൈഡ്രജന്‍ ഫില്‍-അപ് സ്റ്റേഷനുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് ബഹുരാഷ്ട്ര എണ്ണ-വാതക കമ്പനിയായ ഷെല്ലുമായി ടൊയോട്ട പങ്കാളിത്തം പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനേക്കാള്‍ കുറച്ച് സമയം മതി ഫ്യൂവല്‍ സെല്‍ വാഹനങ്ങള്‍ക്ക് എന്നതാണ് ഈ സാങ്കേതികവിദ്യയുടെ മേന്‍മയായി ചൂണ്ടിക്കാട്ടുന്നത്. ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ ടെക്‌നോളജിക്ക് വലിയ സാധ്യതകളാണ് ടൊയോട്ട കാണുന്നത്. പ്രോജക്റ്റ് പോര്‍ട്ടല്‍ പദ്ധതിയിലൂടെ ഹെവി-ഡ്യൂട്ടി ട്രക്കുകള്‍ മലിനീകരണം സൃഷ്ടിക്കുന്നത് അവസാനിപ്പിക്കുമെന്ന് ടൊയോട്ട നോര്‍ത്ത് അമേരിക്കയിലെ ബോബ് കാര്‍ട്ടര്‍ പറഞ്ഞു.

Comments

comments

Categories: Auto