30,000നു മുകളില്‍ വ്യാപാരം അവസാനിപ്പിച്ച് സെന്‍സെക്‌സ്

30,000നു മുകളില്‍ വ്യാപാരം അവസാനിപ്പിച്ച് സെന്‍സെക്‌സ്

30133.35 ലാണ് സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിച്ചത്

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി സര്‍വകാല നേട്ടത്തില്‍. ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ച് സെന്‍സെക്‌സ് റെക്കോഡ് ഉയരത്തിലാണ് വ്യാപാരം ആരംഭിച്ചതും അവസാനിപ്പിച്ചതും. വ്യാപാര ആരംഭത്തില്‍ സെന്‍സെക്‌സ് 132 പോയന്റ് ഉയര്‍ന്ന് 30,082 പോയന്റിലെത്തി. 2015 മാര്‍ച്ചില്‍ ആര്‍ബിഐ വായ്പാ പ്രഖ്യാപനത്തില്‍ പലിശനിരക്ക് കുറച്ചപ്പോള്‍ രേഖപ്പെടുത്തിയ 30,025 ആയിരുന്നു അതുവരെയുളള റെക്കോഡ്. അതു തിരുത്തി കുറിച്ചാണ് ഓഹരി വിപണി സര്‍വകാല റെക്കോഡിലേക്ക് കുതിച്ചത്. വ്യാപാരം അവസാനിക്കുമ്പോഴേക്കും സെന്‍സെക്‌സ് ചരിത്രപരമായ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. 30133.35 ലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. 190.11 പോയ്ന്‍ിന്റെ ഉയര്‍ച്ചയാണ് ഇന്നലെ ഉണ്ടായത്. ആദ്യമായാണ് 30,000നു മുകളിലെ പോയന്റില്‍ സെന്‍സെക്‌സ് ഒരു ദിവസത്തെ വ്യാപാരം അവസാനിപ്പിക്കുന്നത്.

നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയായ നിഫ്റ്റി ഇതാദ്യമായാണ് 9300നു മുകളിലേക്ക് വ്യാപാരം നടക്കുന്നത്. 42.25 പോയിന്റ് ഉയര്‍ന്ന് 9,351.85 ലാണ് നിഫ്റ്റി ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. രാജ്യാന്തര വിപണിയിലുണ്ടായ മുന്നേറ്റമാണ് ഏഷ്യന്‍ വിപണിയിലും ബിഎസ്ഇയിലും പ്രതിഫലിക്കുന്നത്. ഫ്രാന്‍സില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ ഇമ്മാനുവേല്‍ മാക്രോണ്‍ിന് അനുകൂലമായി പുറത്തുവന്ന വാര്‍ത്തയാണ് ആഗോള വിപണികളില്‍ ആവേശം നിറച്ചത്. കൂടാതെ, ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെട്ടതും കമ്പനികളുടെ സാമ്പത്തിക പാദത്തിലെ മികച്ച റിപ്പോര്‍ട്ടുകളും ഓഹരി വിപണിയിലെ കുതിപ്പിനു കാരണമായി. ഡോളറിന് 64.2 എന്ന നിലയിലായിരുന്നു രൂപയുടെ വിനിമയ നിരക്ക്.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റേത് ഉള്‍പ്പടെയുള്ള വന്‍ കമ്പനികളുടെ കഴിഞ്ഞ സാമ്പത്തിക പാദത്തിലെ നേട്ടങ്ങള്‍ നിക്ഷേപകര്‍ക്കിടയില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. സെന്‍സെക്‌സ് സൂചികയില്‍ വിപ്രോ ഓഹരി മൂല്യം 2.28 ശതമാനം വര്‍ധിച്ച് 505.85 രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം നടത്താന്‍ സാധിച്ചതായി കമ്പനി റിപ്പോര്‍്ട്ട് ചെയ്തതിന് തൊട്ടുപുറകെയാണ് ഓഹരി വിപണിയിലെ മുന്നേറ്റം. മഹീന്ദ്ര & മഹീന്ദ്രയുടെ ഓഹരി വില 1.15 ശതമാനം വര്‍ധിച്ച് 1,322 രൂപയിലെത്തി. ആക്‌സിസ് ബാങ്ക്, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്‌സി, ഐടിസി, എസ്ബിഐ തുടങ്ങിയവയുടെ ഓഹരി വിലയും ഉയര്‍ന്നു. സിപ്ല, ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, ഭാരതി ഇന്‍ഫ്രാടെല്‍, തുടങ്ങിയവയുടെ ഓഹരി വില ഇടിഞ്ഞു.

Comments

comments

Categories: Top Stories