എഐഎഡിഎംകെ ഓഫീസില്‍നിന്നും ശശികലയുടെ ബാനറുകള്‍ നീക്കം ചെയ്തു

എഐഎഡിഎംകെ ഓഫീസില്‍നിന്നും ശശികലയുടെ ബാനറുകള്‍ നീക്കം ചെയ്തു

ചെന്നൈ: എഐഎഡിഎംകെ(അമ്മ) ജനറല്‍ സെക്രട്ടറി വി കെ ശശികലയുടെ കട്ടൗട്ടുകളും പോസ്റ്ററുകളും പ്രവര്‍ത്തകര്‍ ചെന്നൈയിലെ ആസ്ഥാനകേന്ദ്രത്തില്‍നിന്നും ബുധനാഴ്ച നീക്കം ചെയ്തു. ശശികലയുടെ ബന്ധുവും ജനറല്‍ സെക്രട്ടറിയുമായ ടി ടി വി ദിനകരനെ അറസ്റ്റ് ചെയ്ത് ഏതാനും മണിക്കൂറുകള്‍ക്കു ശേഷമാണു ശശികലയുടെ പോസ്റ്ററുകള്‍ നീക്കം ചെയ്തത്. രണ്ടില ചിഹ്നം സ്വന്തമാക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ചു കോഴ പണം വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തെ തുടര്‍ന്നു ചൊവ്വാഴ്ച രാത്രി ദിനകരനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദിനകരനു വേണ്ടി ഇടനിലക്കാരനായി പ്രവര്‍ത്തിച്ച വ്യക്തിയെ കഴിഞ്ഞയാഴ്ച ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണു ദിനകരന്‍ കോഴ വാഗ്ദാനം ചെയ്ത വിവരം പൊലീസിന് ലഭിച്ചത്. ഇതേ തുടര്‍ന്നാണു ചൊവ്വാഴ്ച ദിനകരനെ അറസ്റ്റ് ചെയ്തത്. ദിനകരനോടൊപ്പം അനുയായി മല്ലികാര്‍ജ്ജുനനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ദിനകരന്റെ അറസ്റ്റോടെ, ശശികല ക്യാംപിന്റെ പതനം ഏറെക്കുറെ പൂര്‍ണമായിരിക്കുകയാണ്. ദിനകരന്‍ അറസ്റ്റിലാവുകയും ശശികല ജയിലിലകപ്പെടുകയും ചെയ്തത് എതിര്‍ ചേരിയായ പനീര്‍സെല്‍വം ക്യാംപിനു സന്തോഷിക്കാന്‍ വക നല്‍കുകയും ചെയ്തിട്ടുണ്ട്. പാര്‍ട്ടി ഓഫീസില്‍ നിന്നും ശശികലയുടെ പോസ്റ്ററുകള്‍ പ്രവര്‍ത്തകര്‍ നീക്കം ചെയ്തത് ശുഭസൂചനയാണെന്നു പനീര്‍സെല്‍വം ക്യാംപിലെ മീഡിയ കോഓര്‍ഡിനേറ്ററായ കെ സ്വാമിനാഥന്‍ പറഞ്ഞു. അതേസമയം ദിനകരന്റെ അറസ്റ്റോടെ ശശികല ക്യാംപിലെ കൂടുതല്‍ പേര്‍ കോഴ കേസില്‍ കുടുങ്ങുമെന്ന് ശ്രുതിയുണ്ട്. രണ്ടില ചിഹ്നം സ്വന്തമാക്കാന്‍ ദിനകരനോടൊപ്പം പാര്‍ട്ടിയിലെ മറ്റ് പ്രമുഖരും തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിക്കാന്‍ ശ്രമിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ദിനകരനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ വരും ദിവസങ്ങളില്‍ വന്‍ ഭൂകമ്പം സംഭവിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നുണ്ട്.

Comments

comments

Categories: Politics, Top Stories