മൂന്നാറിലെ കൈയേറ്റങ്ങള്‍ക്കെതിരെ ദേശീയ ഹരിത ട്രൈബ്യൂണല്‍ കേസെടുത്തു.

മൂന്നാറിലെ കൈയേറ്റങ്ങള്‍ക്കെതിരെ ദേശീയ ഹരിത ട്രൈബ്യൂണല്‍ കേസെടുത്തു.

ചെന്നൈ: മൂന്നാറിലെ അനധികൃത കൈയേറ്റങ്ങളെ കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളെ അടിസ്ഥാനമാക്കി ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ കേസെടുത്തു. ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്വകാര്യവ്യക്തികളടക്കമുള്ളവര്‍ വന്‍ തോതില്‍ ഭൂമി കൈയ്യേറിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വനം പരിസ്ഥിതി സെക്രട്ടറി, കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍, വനം വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍, ഇടുക്കി ജില്ലാ കളക്റ്റര്‍, മൂന്നാര്‍ മുനിസിപ്പല്‍ കമ്മിഷണര്‍ എന്നിവര്‍ക്ക് കൈയേറ്റങ്ങള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ച് നോട്ടീസ് അയച്ചു. കേസ് മേയ് മൂന്നിന് വീണ്ടും പരിഗണിക്കും.

അനധികൃത നിര്‍മാണ ഖനന പ്രവര്‍ത്തനങ്ങള്‍ മൂന്നാറിന്റെ പാരിസ്ഥിതിക സന്തുലനത്തെ തകര്‍ക്കുന്നുവെന്നാണ് ട്രൈബ്യൂണല്‍ വിലയിരുത്തുന്നത്. ഇവ മൂന്നാറിന്റെ ജൈവിക സ്വഭാവത്തെ നശിപ്പിക്കുകയാണ്. പരിസ്ഥിതി നിയമങ്ങളെയും ലംഘിച്ചുകൊണ്ടാണ് വന്‍കെട്ടിടങ്ങള്‍ മൂന്നാറില്‍ ഉയരുന്നത്. കുന്നുകള്‍ ഇടിച്ചു നിരത്തിയും താഴ്‌നിലങ്ങള്‍ മണ്ണിട്ടു നികത്തുകയും ചെയ്യുന്നത് മൂന്നാറിനെ നാശത്തിലേക്കാണ് തള്ളി വിടുന്നതെന്നും ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി.

നേരത്തേ കേന്ദ്രമന്ത്രി സി ആര്‍ ചൗധരി മൂന്നാര്‍ സന്ദര്‍ശിച്ച് കൈയേറ്റങ്ങളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ കൈയേറ്റമൊഴിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. അതിനിടെ ഉണ്ടായ ചില വിവാദങ്ങള്‍ ഇക്കാര്യത്തില്‍ അനിശ്ചിതത്വം സൃഷ്ടിച്ചിരുന്നു. എന്നാല്‍ വന്‍കിട കൈയേറ്റങ്ങള്‍ക്കെതിരായ നടപടികള്‍ തുടരുമെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം നിയമസഭയില്‍ വ്യക്തമാക്കി.

Comments

comments

Categories: Top Stories

Related Articles