പ്രതീക്ഷിച്ചതിലും മികച്ച വരുമാനം നേടാനായതായി വിപ്രോ

പ്രതീക്ഷിച്ചതിലും മികച്ച വരുമാനം നേടാനായതായി വിപ്രോ

വരുമാനം 1.7 ശതമാനം വര്‍ധിച്ച് 1.95 ബില്യണ്‍ ഡോളറിലെത്തി

ബെംഗളൂരു: 2016-17 സാമ്പത്തിക വര്‍ഷം മാര്‍ച്ചില്‍ അവസാനിച്ച പാദത്തിലെ ഫലം വിപ്രോ പുറത്തുവിട്ടു. നാലാം പാദത്തില്‍ പ്രതീക്ഷിച്ചതിലും മികച്ച വരുമാനം നേടാനായിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം അവസാനത്തോടെ വ്യാവസായിക തലത്തില്‍ വളര്‍ച്ച കൈവരിക്കുമെന്നാണ് കമ്പനിയുടെ പ്രവചനം. ബോണസ് ഓഹരികള്‍ പുറത്തിറക്കാന്‍ ഉന്നതതലസമിതി നിര്‍ദേശിച്ചതായും കമ്പനി അറിയിച്ചു. രണ്ട് മാസത്തിനുള്ളില്‍ ബോണസ് ഓഹരി വിതരണം നടത്തുന്ന കാര്യം ബോര്‍ഡ് പരിഗണിക്കുമെന്നും കമ്പനി പ്രസ്താവനയില്‍ പറയുന്നു. നേരത്തേ ടിസിഎസ്, ഇന്‍ഫോസിസ് കമ്പനികള്‍ ഓഹരികള്‍ തിരിച്ചു വാങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു.

മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ വിപ്രോ ഐടി സര്‍വീസസിന്റെ വരുമാനം 1.7 ശതമാനം വര്‍ധിച്ച് 1.95 ബില്യണ്‍ ഡോളറിലെത്തിയതായി കമ്പനി റിപ്പോര്‍ട്ടില്‍ പറയുന്നു. രൂപയുടെ അടിസ്ഥാനത്തില്‍ വിപ്രോ 13.400 കോടി രൂപയുടെ വരുമാനവും 2,530 കോടി രൂപയുടെ ലാഭവുമാണ് രേഖപ്പെടുത്തിയത്. ഒരു സാമ്പത്തിക വര്‍ഷത്തിന്റെ മൊത്തം വളര്‍ച്ചാ ശേഷിയുടെ പ്രതിഫലനമാണ് ഒന്നാം പാദമെന്ന് തങ്ങള്‍ വിശ്വസിക്കുന്നില്ലെന്ന് വിപ്രോ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ആബിദലി നിമുച്ച്‌വാല മാര്‍ച്ച് പാദഫലം പുറത്തുവിട്ടതിനു ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ വളര്‍ച്ച തിരിച്ചുപിടിക്കാനാകുമെന്നും നിമുച്ച്‌വാല പ്രതീക്ഷ പ്രകടിപ്പിച്ചു.

ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഐടി സര്‍വീസസ് വിഭാഗത്തില്‍ 1.91 ബില്യണ്‍ ഡോളറിനും 1.95 ബില്യണ്‍ ഡോളറിനുമിടയില്‍ വരുമാനം നിലനിര്‍ത്താനാകുമെന്നാണ് വിപ്രോ രേഖപ്പെടുത്തിയിട്ടുള്ളത്. വരുമാനത്തില്‍ രണ്ട് ശതമാനത്തിന്റെ വര്‍ധനയുണ്ടാകുമെന്നാണ് അനലിസ്റ്റുകളുെട നിരീക്ഷണം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വ്യാവസായിക തലത്തിലെ വളര്‍ച്ചാ നിരക്കിലും കുറഞ്ഞ വളര്‍ച്ച മാത്രമെ വിപ്രോയ്ക്ക് രേഖപ്പെടുത്താനായിട്ടുള്ളു. എന്നാല്‍ അടുത്ത മാര്‍ച്ച് മാസത്തോടെ ഇത് സാധിക്കുമെന്നാണ് കമ്പനിയുടെ വിശ്വാസം. നടപ്പു വര്‍ഷം ആദ്യ പാദം അവസാനിക്കുന്നതോടെ യുഎസില്‍ തങ്ങളുടെ തൊഴില്‍ ശേഷിയുടെ പകുതിയും അമേരിക്കകാര്‍ തന്നെയാകുമെന്നും യുഎസില്‍ നിന്നു കൂടുതല്‍ നിയമനങ്ങള്‍ നടത്തുമെന്നും കമ്പനി അറിയിച്ചു.

Comments

comments

Categories: Business & Economy