എന്‍ബിഎയുടെ മത്സരങ്ങള്‍ക്ക് മിഡില്‍ ഈസ്റ്റ് വേദിയാകും

എന്‍ബിഎയുടെ മത്സരങ്ങള്‍ക്ക് മിഡില്‍ ഈസ്റ്റ് വേദിയാകും
പ്രീ സീസണ്‍ മത്സരങ്ങളും ലീഗ് മത്സരങ്ങളും മേഖലയിലേക്ക് കൊണ്ടുവരുമെന്ന്
ലോകത്തിലെ ഏറ്റവും വലിയ ബാസ്‌കറ്റ്‌ബോള്‍ ലീഗായ നാഷണല്‍ ബാസ്‌ക്റ്റ്‌ബോള്‍
അസോസിയേഷന്‍

ദുബായ്: യുഎസിന് പുറത്തേക്ക് ബാസ്‌കറ്റ് ബോളിനെ വളര്‍ത്തുന്നതിന്റെ ഭാഗമായി യുഎഇയിലേക്കും മിഡില്‍ ഈസ്റ്റിലേക്കും മത്സരങ്ങള്‍ വ്യാപിപ്പിക്കാന്‍ ഒരുങ്ങി നാഷണല്‍ ബാസ്‌ക്റ്റ്‌ബോള്‍ അസോസിയേഷന്‍ (എന്‍ബിഎ). പ്രീ സീസണ്‍ മത്സരങ്ങളും ലീഗ് മത്സരങ്ങളും മേഖലയിലേക്ക് കൊണ്ടുവരാനുള്ള തയാറെടുപ്പിലാണ് വടക്കേ അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ബാസ്‌കറ്റ്‌ബോള്‍ ലീഗ്.

ഉടന്‍തന്നെ മേഖലയിലേക്ക് എന്‍ബിഎയുടെ മത്സരങ്ങള്‍ കൊണ്ടുവരുമെന്ന് എന്‍ബിഎ മിഡില്‍ ഈസ്റ്റ് സീനിയര്‍ വൈസ് പ്രസിഡന്റും മാനേജിംഗ് ഡയറക്റ്ററുമായ ബെഞ്ചമിന്‍ മോറെല്‍ പറഞ്ഞു. മേഖലയില്‍ ഞങ്ങളുടെ മത്സരങ്ങള്‍ നടക്കുന്നില്ലെന്നും അതിനാല്‍ ഇവിടെ മത്സരങ്ങള്‍ നടത്താനുള്ള അവസരങ്ങള്‍ നോക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ബിഎയുടെ നിലവാരത്തിനനുസരിച്ചുള്ള കളിസ്ഥലങ്ങള്‍ ആവശ്യമാണ്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ചില നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ക്ക് ഇണങ്ങുന്ന രീതിയിലുള്ളതാണെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും മോറെല്‍ പറഞ്ഞു.

നിലവില്‍ യുകെ, മെക്‌സികോ, ഇറ്റലി, സ്‌പെയ്ന്‍, ബ്രസീല്‍, ജപ്പാന്‍, ചൈന എന്നിവിടങ്ങളിലാണ് പ്രീ സീസണ്‍ മത്സരങ്ങളും ലീഗ് മത്സരങ്ങളും നടത്തുന്നത്. ലീഗിന് ആഗോളതലത്തില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന ചിന്തയിലാണ് മിഡില്‍ ഈസ്റ്റിലേക്ക് മത്സരങ്ങള്‍ കൊണ്ടുവരുന്നത്. ലോകവ്യാപകമായി മത്സരത്തെ വളര്‍ത്തുക എന്ന ലക്ഷ്യമാണ് എന്‍ബിഎക്കുള്ളത്. എന്‍ബിഎയിലെ 450 കളിക്കാരില്‍ 113 പേരും അമേരിക്കയ്ക്ക് പുറത്തുള്ളവരാണെന്നും മോറല്‍ വ്യക്തമാക്കി. മിഡില്‍ ഈസ്റ്റില്‍ മികച്ച സാധ്യതകളാണുള്ളത്. ഇവിടെ നടത്തുന്ന മത്സരങ്ങള്‍ കാണുന്നതിലൂടെയും സോഷ്യല്‍ മീഡിയപ്രചാരണത്തിലൂടെയും എന്‍ബിഎക്ക് കൂടുതല്‍ പ്രശസ്തി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും താഴെ തട്ടില്‍ നിന്ന് പ്രവര്‍ത്തനം ആരംഭിക്കാനാണ് എന്‍ബിഎയുടെ പദ്ധതി. ജനങ്ങള്‍ക്കിടയില്‍ മികച്ച ജീവിതശൈലിയുണ്ടാക്കിയെടുക്കുന്നതിനായി കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സിഎസ്ആര്‍)യുടെ ഭാഗമായി മത്സരത്തെ പ്രോത്സാഹിപ്പിക്കും. എന്‍ബിഎയുടെ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍ മേഖലയില്‍ വ്യാപിപ്പിക്കാനും ഇവര്‍ പദ്ധതിയിടുന്നുണ്ട്. മേഖലയിലെ എന്‍ബിഎയുടെ ആദ്യത്തെ സ്റ്റോര്‍ ദോഹയില്‍ ആരംഭിച്ചു. യുഎഇയിലാണ് അടുത്ത സ്‌റ്റോര്‍ ഒരുങ്ങുന്നത്. ലീഗിന്റെ വാര്‍ത്ത, വിനോദ പോര്‍ട്ടലായ എന്‍ബിഎ ഡോട്ട് കോം മുഴുവന്‍ അറബിക് ഭാഷയിലേക്ക് മാറ്റി പ്രചാരണം വ്യാപിപ്പിക്കാനും എന്‍ബിഎ ഒരുങ്ങുന്നുണ്ട്.

Comments

comments

Categories: Sports, World