കുല്‍ഭൂഷണ്‍ ജാദവിനു വേണ്ടി ഇന്ത്യ പാക് കോടതിയില്‍ അപ്പീല്‍ നല്‍കി

കുല്‍ഭൂഷണ്‍ ജാദവിനു വേണ്ടി ഇന്ത്യ പാക് കോടതിയില്‍ അപ്പീല്‍ നല്‍കി

ഇസ്‌ലാമാബാദ്: ചാരവൃത്തി നടത്തിയെന്നാരോപിച്ച് പാക്കിസ്ഥാന്‍ വധശിക്ഷ വിധിച്ച മഹാരാഷ്ട്ര സ്വദേശി കുല്‍ഭൂഷണ്‍ ജാദവിനു വേണ്ടി ഇന്ത്യ പാക്കിസ്ഥാനിലെ കോടതിയില്‍ അപ്പീല്‍ നല്‍കി. പാക്കിസ്ഥാനിലെ ഇന്ത്യന്‍ അംബാസഡര്‍ ഗൗതം ബംബാവാലെ, പാക്കിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി ടെഹ്മിന ജാന്‍ജുവയെ കണ്ടാണ് ഹര്‍ജി കൈമാറിയത്. കുല്‍ഭൂഷണ്‍ നിരപരാധിയാണെന്നും അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നുമാണ് ഇന്ത്യയുടെ നിലപാട്.

ജാദവിനെ വധിക്കുന്നത് ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന താക്കീതും ഇന്ത്യ പാക്കിസ്ഥാനു നല്‍കിയിട്ടുണ്ട്. ജാദവിനെതിരെയുള്ള പാക്കിസ്ഥാന്റെ ആരോപണങ്ങളെ ഇന്ത്യന്‍ പാര്‍ലമെന്റും അപലപിച്ചു. കുല്‍ഭൂഷണ്‍ ജാദവിന്റെ അമ്മയുടെ പേരിലാണ് പാക്ക് കോടതിയില്‍ ഇന്ത്യ അപ്പീല്‍ സമര്‍പ്പിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പാക്കിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതി ഗൗതം ബംബാവാലെ പലതവണ പാക്ക് അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. പാക്ക് ആര്‍മി ആക്റ്റ് സെക്ഷന്‍ 133(ബി) അനുസരിച്ചാണ് ഹര്‍ജി നല്‍കിയത്. പാക്ക് വിദേശകാര്യ സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചയില്‍ ജാദവിന് നയതന്ത്ര സഹായം എത്തിക്കാന്‍ അനുവദിക്കണമെന്ന് ഗൗതം ബംബാവാലെ ആവശ്യപ്പെട്ടിരുന്നു.

ജാദവിന് നയതന്ത്ര സഹായം ലഭ്യമാക്കണമെന്ന ഇന്ത്യയുടെ ആവശ്യം 14 തവണയാണ് പാക്കിസ്ഥാന്‍ നിരസിച്ചത്. ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ കഴിഞ്ഞ 14നും പാക്ക് വിദേശകാര്യ സെക്രട്ടറിയെ കണ്ടിരുന്നു. ജാദവിനെതിരായ കുറ്റപത്രവും പട്ടാളക്കോടതിയുടെ വിധിയുടെ പകര്‍പ്പും ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഇന്ത്യന്‍ നാവികസേനയില്‍ നിന്നു കമാന്‍ഡറായി വിരമിച്ചയാളാണ് ജാദവ്. തുടര്‍ന്ന് ഇറാനില്‍ വ്യാപാരം നടത്തുകയായിരുന്ന അദ്ദേഹം 2016 മാര്‍ച്ച് മൂന്നിനു പാക്കിസ്ഥാനിലേക്കു കടക്കാന്‍ ശ്രമിക്കവേയാണു പൊലീസ് പിടികൂടിയത്.

പിന്നീട് ഇക്കഴിഞ്ഞ ഏപ്രില്‍ 10നാണ് ഇന്ത്യയ്ക്കായി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് ജാദവിനെ പാക്കിസ്ഥാനിലെ സൈനിക കോടതി വധശിക്ഷയ്ക്കു വിധിച്ചത്. കോടതി വിധിയോട് എതിര്‍പ്പുണ്ടെങ്കില്‍ 40 ദിവസത്തിനകം മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കണമെന്നാണ് പാക്കിസ്ഥാനിലെ നിയമം. ഇത്തരം കേസുകളില്‍ നയതന്ത്ര സഹായം ലഭ്യമാക്കുന്നതു സംബന്ധിച്ച് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഉഭയകക്ഷി കരാറുണ്ടെങ്കിലും കേസിന്റെ ഗൗരവം കണക്കിലെടുത്ത് മാത്രമെ ജാദവിനു നയതന്ത്ര സഹായം ലഭ്യമാക്കണമെന്ന ഇന്ത്യയുടെ ആവശ്യം പരിഗണിക്കാനാവു എന്നാണ് പാക്കിസ്ഥാന്റെ നിലപാട്.

Comments

comments

Categories: Top Stories