ട്രംപിനെ പുകഴ്ത്തിയ ഇവാന്‍കയ്ക്ക് കൂക്കിവിളി

ട്രംപിനെ പുകഴ്ത്തിയ ഇവാന്‍കയ്ക്ക് കൂക്കിവിളി

ബെര്‍ലിന്‍: ജര്‍മനിയില്‍ ചൊവ്വാഴ്ച നടന്ന സ്ത്രീകളുടെ ഉച്ചകോടിയില്‍ പങ്കെടുക്കവേ, യുഎസ് പ്രസിഡന്റ് ട്രംപ് സ്ത്രീകള്‍ക്കു വേണ്ടി പോരാടുന്ന വ്യക്തിയാണെന്ന മകള്‍ ഇവാന്‍കയുടെ പരാമര്‍ശം വന്‍വിവാദമായി. ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ശ്രോതാക്കള്‍ കൂകി വിളിച്ചു കൊണ്ടാണ് ട്രംപിനെ പുകഴ്ത്തി കൊണ്ടുള്ള ഇവാന്‍കയുടെ പരാമര്‍ശത്തെ വരവേറ്റത്.

ജര്‍മനിയില്‍ w-20 ഉച്ചകോടിയുടെ ഭാഗമായി സ്ത്രീ ശാക്തീകരണവും സംരംഭകത്വവും എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയിലാണ് ഇവാന്‍ക ട്രംപിനെ പുകഴ്ത്തിയത്. ചര്‍ച്ചയില്‍ ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍, അന്താരാഷ്ട്ര നാണയനിധി അധ്യക്ഷ ക്രിസ്റ്റിന്‍ ലഗാര്‍ഡ്, കാനഡയുടെ വിദേശകാര്യമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

ചര്‍ച്ച ആരംഭിച്ചത് ഇവാന്‍കയുടെ മറുപടിയോടെയാണ്. ജര്‍മന്‍ ബിസിനസ് മാഗസിന്‍ എഡിറ്റര്‍ മിറിയം മെക്കലാണ് ഇവാന്‍കയോട് ചോദ്യം ചോദിച്ചത്. നിങ്ങള്‍ പ്രഥമ പുരുഷന്റെ മകളാണ്. എന്താണ് നിങ്ങളുടെ റോള്‍ ? ആരെയാണ് നിങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത് ? നിങ്ങളുടെ അച്ഛനെയാണോ, അതോ അമേരിക്കന്‍ ജനതയെയോ അതോ നിങ്ങളുടെ ബിസിനസിനെയോ ? ഇതായിരുന്നു ഇവാന്‍കയോടുള്ള ചോദ്യം.

‘ഒരിക്കലും ഞാന്‍ ബിസിനസിനെയല്ല പ്രതിനിധീകരിക്കുന്നത്. ഞാന്‍ ബിസിനസ് മേഖലയില്‍ ഇപ്പോഴും അപരിചിതയാണ്. അത് എനിക്ക് ഇപ്പോഴും പുതിയ ഒരു അനുഭവമാണ്. വൈറ്റ് ഹൗസില്‍ പ്രവേശിച്ചിട്ട് 100 ദിവസത്തില്‍ താഴെ മാത്രമേ ആകുന്നുള്ളൂ. എങ്കിലും അനന്യസാധാരണമാണ്, അവിശ്വസനീയമാണ് യാത്ര. എനിക്ക് സ്വാധീനിക്കാന്‍ പറ്റുന്ന കാര്യങ്ങളെ കുറിച്ചു ഞാന്‍ ശ്രദ്ധിക്കുകയാണ്, പഠിക്കുകയാണ്’ ഇവാന്‍ക പറഞ്ഞു.

ഇത്തരം മറുപടികളിലൂടെ ഇവാന്‍ക സദസിനെ കൈയ്യിലെടുത്തു. എന്നാല്‍ ജോലി സ്ഥലത്തു സ്ത്രീകള്‍ക്ക് പ്രതിഫലത്തോടു കൂടിയ അവധിയെ (paid leave) കുറിച്ചു ചര്‍ച്ച ചെയ്തപ്പോഴാണ് ഇവാന്‍ക പിതാവും യുഎസ് പ്രസിഡന്റുമായ ട്രംപിനെ പുകഴ്ത്തിയതും അതിനെതിരേ സദസില്‍നിന്നും കൂകി വിളി ഉയര്‍ന്നതും.

പ്രസിഡന്റാവുന്നതിനുമൊക്കെ മുന്‍പ് തന്നെ കുടുംബ ബന്ധങ്ങളെ കുറിച്ചു ട്രംപ് ബോധവാനായിരുന്നെന്നും ഓരോ കുടുംബങ്ങളുടെയും ഉന്നതിക്കു വേണ്ടി വാദിച്ചിരുന്നെന്നും ഇവാന്‍ക പറഞ്ഞു. എന്നാല്‍ ഈ പരാമര്‍ശം സദസിനെ പ്രകോപിപ്പിച്ചു. ഇവാന്‍കയ്‌ക്കെതിരേ ആക്ഷേപശരങ്ങള്‍ അവര്‍ എയ്തു. ഇതോടെ ചര്‍ച്ച തടസപ്പെടുകയായിരുന്നു.

Comments

comments

Categories: Top Stories, World