വാഹനങ്ങള്‍ക്ക് ‘മുഖ തുടര്‍ച്ച’ നല്‍കി കാര്‍ നിര്‍മ്മാതാക്കള്‍ രംഗം കൊഴുപ്പിക്കുന്നു

വാഹനങ്ങള്‍ക്ക് ‘മുഖ തുടര്‍ച്ച’ നല്‍കി കാര്‍ നിര്‍മ്മാതാക്കള്‍ രംഗം കൊഴുപ്പിക്കുന്നു
പുതിയ വാഹനങ്ങള്‍ സ്വന്തം ഫാമിലി ലുക്കില്‍ (ഫേഷ്യല്‍ കണ്‍ടിനൂവിറ്റി)
പുറത്തിറക്കുകയാണ് ഇപ്പോള്‍ കാര്‍ നിര്‍മ്മാതാക്കള്‍

ന്യൂ ഡെല്‍ഹി : മാരുതി ഈ വര്‍ഷമാദ്യം അവതരിപ്പിച്ച സുസുകി ഇഗ്നിസ് രാജ്യത്തെ എറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളുടെ ആദ്യ ചെറു ക്രോസ്ഓവറായിരുന്നു. എന്നാല്‍ ഇഗ്നിസിന്റെ പ്രധാന സവിശേഷത ഇതൊന്നുമായിരുന്നില്ല. പഴയ സുസുകി സെര്‍വോ/എസ്‌സി 100 മോഡലിന്റെ ഡിസൈനുമായി ഇഗ്നിസിനുള്ള അഭേദ്യമായ ബന്ധമാണത്. പഴയ സുസുകി സെര്‍വോ/എസ്‌സി 100 യുട കെട്ടിലും മട്ടിലും പുറത്തിറക്കിയ ഇഗ്നിസിലൂടെ കമ്പനി പുതിയ ‘ഫാമിലി ലുക്കിന്’ നാന്ദി കുറിക്കുകയായിരുന്നു.

1970 കളിലും 1980 കളുടെ തുടക്കത്തിലും സുസുകി വിപണിയിലെത്തിച്ച മിനി സ്‌പോര്‍ട്‌സ് കാറായ ‘ആദ്യ തലമുറ സെര്‍വോ’യുടെ പല ഡിസൈന്‍ സാദൃശ്യങ്ങളും പേറിയാണ് മാരുതി ഇഗ്നിസ് (ജപ്പാനില്‍ പുതിയ ആള്‍ട്ടോ) അവതരിച്ചത്.

സുസുകി ഒരിക്കലും ‘ഫാമിലി ലുക്’ മുറുകെപിടിച്ചിരുന്നില്ലെന്ന് ഡിസൈന്‍ കണ്‍സള്‍ട്ടന്റായ ഗൗതം സെന്‍ ചൂണ്ടിക്കാട്ടുന്നു. 1970 മോഡല്‍ സെര്‍വോയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഇഗ്നിസ് അവതരിപ്പിച്ചതിലൂടെ സവിശേഷ ഫാമിലി ലുക്കിനുള്ള രൂപരേഖയാണ് സുസുകി തയ്യാറാക്കിയതെന്ന് ഇദ്ദേഹം നിരീക്ഷിച്ചു.

പുതിയ വാഹനങ്ങള്‍ സ്വന്തം ഫാമിലി ലുക്കില്‍, വാഹന ഡിസൈന്‍ ഭാഷയില്‍ പറഞ്ഞാല്‍ ഫേഷ്യല്‍ കണ്‍ടിനൂവിറ്റി, പുറത്തിറക്കുകയാണ് ഇപ്പോള്‍ കാര്‍ നിര്‍മ്മാതാക്കള്‍. പുതിയ ഉല്‍പ്പന്നത്തിന് വിപണിയില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നതിന് ഈ ‘മുഖ തുടര്‍ച്ച’ ഇപ്പോള്‍ അനിവാര്യമാണെന്ന് കമ്പനികള്‍ കരുതുന്നു. ഒരു കാറിന് അതിന്റേതായ അന്തസ്സും പെരുമയും നല്‍കുന്നത് ഫ്രണ്ട് എന്‍ഡ് അഥവാ മുഖമാണെന്ന് മാരുതി സുസുകി എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ (എന്‍ജിനീയറിംഗ്) സിവി രാമന്‍ ചൂണ്ടിക്കാട്ടി.

സുസുകി ഇഗ്നിസ് കൂടാതെ ഹോണ്ട ബിആര്‍വി, റെനോ ക്വിഡ് എന്നിവയെല്ലാം ഫാമിലി ലുക്കില്‍ പിറന്നവരാണ്. ഒരു ഉപഭോക്താവ് ആദ്യം കാണുന്നത് കാറിന്റെ ഫ്രണ്ട് എന്‍ഡ് ആണ്. കാറിനെ വ്യത്യസ്തമാക്കുന്നതിലും ഉപഭോക്താവ് തിരഞ്ഞെടുക്കുന്നതിലും ഫ്രണ്ട് എന്‍ഡിന് വലിയ പ്രാധാന്യമുണ്ടെന്ന് റെനോയുടെ ഇന്ത്യാ ഡിസൈന്‍ സ്റ്റുഡിയോസ് ഡിസൈന്‍ ഡയറക്റ്റര്‍ അലെയ്ന്‍ ലോണെ വ്യക്തമാക്കുന്നു.

നൂതന സാങ്കേതികവിദ്യ പ്രധാനമാണെങ്കിലും ഒരേ സാങ്കേതികവിദ്യയില്‍ പുറത്തിറങ്ങുന്ന വ്യത്യസ്ത കാറുകളില്‍നിന്ന് ഒരെണ്ണം തിരഞ്ഞെടുക്കുന്നതിന് ഫ്രണ്ട് എന്‍ഡ് സവിശേഷത വലിയ ഘടകമാണെന്ന് കാര്‍ നിര്‍മ്മാതാക്കള്‍ക്ക് തിരിച്ചറിയാം. റെനോ ക്വിഡിന്റെ കാര്യമെടുത്താല്‍ വാഹനത്തിന് സവിശേഷ എസ്‌യുവി ഡിസൈന്‍ നല്‍കിയതുവഴി ഇന്ത്യയിലെ കോംപാക്റ്റ് ഹാച്ച്ബാക്ക് മോഡലിന് പുതിയ നിര്‍വ്വചനം നല്‍കിയെന്ന് ലോണെ പറഞ്ഞു.

ഉപഭോക്താക്കള്‍ക്ക് ബ്രാന്‍ഡ് പെട്ടെന്ന് തിരിച്ചറിയാന്‍ സഹായിക്കുംവിധമാണ് കാര്‍ നിര്‍മ്മാണ കമ്പനികള്‍ ഫ്രണ്ട് എന്‍ഡ് ഡിസൈന്‍ ചെയ്യുന്നത്. ഏത് വലുപ്പത്തിലുള്ള കാറിനും ഈ ഡിസൈന്‍ ഉപയോഗിക്കാന്‍ കഴിയും. ആഗോളതലത്തില്‍ ബിഎംഡബ്ല്യു, മെഴ്‌സിഡസ്, ഔഡി എന്നീ കമ്പനികള്‍ വിവിധ തലമുറ കാറുകളുടെ പുതിയ ലോഞ്ചുകളില്‍ ഈ ഫാമിലി ലുക് പിന്തുടരുന്നുണ്ട്.

എന്നാല്‍ ഈ നാണയത്തിനും മറുവശമുണ്ട്. ഫാമിലി ലുക് വരുത്താനുള്ള വ്യഗ്രതയില്‍ എല്ലാ മോഡലുകളും ഒരുപോലെ ആയിത്തീരാനുള്ള സാധ്യതയാണ് വെല്ലുവിളി. എന്നാല്‍ ഈ ആശങ്ക അലെയ്ന്‍ ലോണെ തള്ളിക്കളഞ്ഞു. ഓരോ കാറിനും ശക്തവും സവിശേഷവുമായ വ്യക്തിത്വമുണ്ടെന്നും കാറുകള്‍ തമ്മില്‍ മാറിപ്പോകില്ലെന്നും അദ്ദേഹം തീര്‍ത്തുപറഞ്ഞു. റെനോയെ സംബന്ധിച്ച് വ്യത്യസ്ത ഉപഭോക്താക്കളെ ലക്ഷ്യം വെയ്ക്കുന്ന മോഡലുകള്‍ക്കിടയില്‍ വലിയ വ്യത്യാസം പ്രകടമാണ്. ഡിസൈന്‍ രീതി വ്യക്തമാണെന്നും കാറുകളോരോന്നും റെനോയുടേതാണെന്ന് തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് കഴിയുമെന്നും ലോണെ കൂട്ടിച്ചേര്‍ത്തു.

ഫാമിലി ലുക് മുഖത്തോ ഫ്രണ്ട് എന്‍ഡിലോ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. കാറിന്റെ സര്‍ഫേസ് ട്രീറ്റ്‌മെന്റിലാകെത്തന്നെ ഫാമിലി ലുക് വരുത്താന്‍ ശ്രമിക്കുന്നതായി മഹീന്ദ്ര & മഹീന്ദ്ര ചീഫ് ഡിസൈനര്‍ രാംകൃപ അനന്തന്‍ പറഞ്ഞു. അതായത് കാറിന്റെ ബോഡി കണ്ടാല്‍ നിര്‍മ്മാണ കമ്പനി തിരിച്ചറിയാന്‍ കഴിയണം.

കാലചക്രത്തിനനുസരിച്ചാണ് വാഹനങ്ങളുടെ രൂപകല്‍പ്പന ഉരുത്തിരിയുന്നത്. ഡിസൈന്‍ കണ്ടാല്‍ പലപ്പോഴും കാലപ്പഴക്കം മനസ്സിലാക്കാന്‍ കഴിയും. നിയമങ്ങളും നിയന്ത്രണങ്ങളും ഫ്രണ്ട് എന്‍ഡ് അപ്പിയറന്‍സിനെ മാറ്റിമറിക്കും. നിയമങ്ങളും കാലം മാറുന്നതിനനുസരിച്ച് നിര്‍മ്മിക്കപ്പെടുന്നവയാണ്. ഉദാഹരണത്തിന്, നിലവിലെ ഫ്രണ്ടല്‍ ക്രാഷ്, പെഡസ്ട്രിയന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഒരു പ്രത്യേക ആകൃതി ആവശ്യപ്പെടുന്നു. വാഹനം രൂപകല്‍പ്പന ചെയ്യുമ്പോള്‍ ഡിസൈനര്‍മാര്‍ ഇതുംകൂടി കണക്കിലെടുക്കേണ്ടിവരുമെന്ന് രാംകൃപ അനന്തന്‍ ചൂണ്ടിക്കാട്ടി.

ഫ്രണ്ട് സേഫ്റ്റ് ബീമിന് ചുറ്റുമായി ഫ്രണ്ട് ഫേസിയ (ഹെഡ്‌ലൈറ്റുകളുടെയും ഗ്രില്ലിന്റെയും ചുറ്റുപാടുമുള്ള പെയിന്റ് ചെയ്ത ബോഡി ഭാഗം) പണിതപ്പോഴും ഹെഡ് ഇംപാക്റ്റ് മാനദണ്ഡത്തിന് അനുസൃതമായി ഹുഡ് പണിതീര്‍ത്തപ്പോഴും ഫേഷ്യല്‍ കണ്‍ടിനൂവിറ്റി നിലനിര്‍ത്താന്‍ കഴിഞ്ഞതായി അവര്‍ വിശദീകരിച്ചു.

റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പിന്തുടരുമ്പോഴും ഫേഷ്യല്‍ കണ്‍ടിനൂവിറ്റി നിലനിര്‍ത്താന്‍ ഡിസൈനര്‍മാര്‍ ആധുനിക സാങ്കേതികിവിദ്യയും നിര്‍മ്മാണരീതികളും വേണ്ടവിധം ഉപയോഗിക്കുന്നു. തങ്ങളുടെ വാഹനങ്ങളുടെ ഡിസൈന്‍ കണ്ടാല്‍ അത് മഹീന്ദ്ര ബ്രാന്‍ഡാണെന്ന് ഉപഭോക്താക്കള്‍ക്ക് എളുപ്പം തിരിച്ചറിയാന്‍ കഴിയുമെന്ന് രാംകൃപ അവകാശപ്പെട്ടു.

എയ്‌റോഡൈനാമിക്‌സ്, ഇന്ധനക്ഷമത തുടങ്ങിയ കാര്യങ്ങളിലും വാഹനങ്ങല്‍ തമ്മില്‍ സമാനതകളുണ്ട്. സ്‌പോയ്‌ലര്‍, എയ്‌റോ കോര്‍ണര്‍, സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവയും വാഹനങ്ങള്‍ തമ്മിലുള്ള സാമ്യം പ്രകടമാക്കുന്നതാണ്. ജന-കേന്ദ്രീകൃത ഡിസൈന്‍ ഫിലോസഫിയിലാണ് ഹോണ്ട വിശ്വസിക്കുന്നത്. ‘സോളിഡ് വിംഗ് ഫേസ്’ ആണ് കമ്പനിയുടെ പുതിയ ഡിസൈന്‍ ഭാഷ. ഈ കണ്‍സെപ്റ്റ് ഹോണ്ട വാഹനങ്ങള്‍ക്ക് ഫാമിലി ലുക് നല്‍കുന്നു.

Comments

comments

Categories: Auto