കാര്‍ഷിക വരുമാനത്തിന് മേല്‍ നികുതി ചുമത്താന്‍ പദ്ധതിയില്ലെന്ന് അരുണ്‍ ജയ്റ്റ്‌ലി

കാര്‍ഷിക വരുമാനത്തിന് മേല്‍ നികുതി ചുമത്താന്‍ പദ്ധതിയില്ലെന്ന് അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: കാര്‍ഷിക വരുമാനത്തിന്മേല്‍ യാതൊരു തരത്തിലുള്ള നികുതി ചുമത്താനും കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. കാര്‍ഷിക വരുമാനത്തിന് നികുതി ചുമത്തണമെന്നാവശ്യപ്പെട്ട് നീതി ആയോഗ് അംഗം ബിബേക് ദെബ്‌റോയ് മുന്നോട്ട് വെച്ച ശുപാര്‍ശയുടെ പശ്ചാത്തലത്തിലാണ് ധനമന്ത്രിയുടെ ട്വിറ്ററിലൂടെയുള്ള വിശദീകരണം.  അധികാരത്തിന്റെ ഭരണഘടനാ വിന്യാസപ്രകാരം കാര്‍ഷിക വരുമാനത്തിന് നികുതി ചുമത്താന്‍ കേന്ദ്രത്തിന് അധികാരമില്ലെന്നും മന്ത്രി വ്യക്തമാക്കി. നികുതിയുടെ അടിത്തറ വിപുലീകരിക്കാന്‍ ഒരു നിശ്ചിത പരിധിയിക്ക് മുകളിലുള്ള കാര്‍ഷിക വരുമാനത്തിന് മേല്‍ നികുതി ചുമത്തണമെന്ന് കഴിഞ്ഞ ദിവസം ദെബ്‌റോയ് പറഞ്ഞിരുന്നു. വ്യക്തിഗത ആദായ നികുതിയുടെ അടിത്തറ വിപുലപ്പെടുത്തുന്നതിന് ഇളവുകള്‍ ഒഴിവാക്കുന്നതിനൊപ്പം ഗ്രാമീണമേഖലയെ നികുതി പരിധിയിലെത്തിക്കുകയാണ് വേണ്ടതെന്നും ദെബ്‌റോയ് ചൂണ്ടിക്കാട്ടിയിരുന്നു.

കാര്‍ഷിക വരുമാന നികുതി രാഷ്ട്രീയപരമായി കൂടി പ്രാധാന്യമുള്ള വിഷയമാണ്. ഇന്ത്യയിലെ ഗ്രാമീണ ജനതയുടെ പ്രധാന വരുമാന മാര്‍ഗം ഇപ്പോഴും കൃഷിയായതിനാല്‍ ഇത്തരമൊരു നീക്കം വലിയ തിരിച്ചടിയായിരിക്കും കേന്ദ്ര ഭരണകക്ഷിക്ക് നല്‍കുക. കാര്‍ഷികവരുമാനത്തിന് നികുതിയില്ലെന്നും ഭാവിയില്‍ നികുതി ഏര്‍പ്പെടുത്തില്ലെന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി കഴിഞ്ഞ മാര്‍ച്ചില്‍ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.

Comments

comments

Categories: Top Stories