പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു; ഒമാനിലെ ബാങ്കുകളിലെ കിട്ടാക്കടം പെരുകുന്നു

പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു; ഒമാനിലെ ബാങ്കുകളിലെ കിട്ടാക്കടം പെരുകുന്നു

കഴിഞ്ഞ വര്‍ഷം 43,110 പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമായെന്ന് തൊഴില്‍ മന്ത്രാലയം

മസ്‌കറ്റ്: തൊഴില്‍ നഷ്ടപ്പെട്ട് വിദേശ തൊഴിലാളികള്‍ രാജ്യം വിട്ടത് ഒമാനിലെ ബാങ്കുകള്‍ക്ക് തലവേദനയായിരിക്കുകയാണ്. പ്രവാസികള്‍ തിരിച്ചടയ്ക്കാനുള്ള വായ്പയുടെ തോത് കൂടിയതാണ് ബാങ്കുകളെ പ്രതിസന്ധിയിലാക്കുന്നത്. ഒമാന്‍ സാമ്പത്തികമായി തകര്‍ന്നതോടെ ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് പതിനായിരക്കണക്കിന് വിദേശ തൊഴിലാളികളാണ് രാജ്യം വിട്ടത്.

എണ്ണ വില ഇടിഞ്ഞതിനെത്തുടര്‍ന്ന് വരുമാനം കുറഞ്ഞതോടെ രണ്ട് വര്‍ഷമായി സ്വകാര്യ മേഖലയിലെ കമ്പനികളുടെ ലാഭം താഴേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ഇതിനെത്തുടര്‍ന്ന് ജീവനക്കാരുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരായി. തൊഴില്‍ മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ വര്‍ഷം സ്വകാര്യ മേഖലയില്‍ വിവിധ ജോലികള്‍ ചെയ്യുന്ന 43,110 പ്രവാസികള്‍ക്കാണ് തൊഴില്‍ നഷ്ടമായത്. മുന്‍ വര്‍ഷത്തേക്കാള്‍ 12 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്.

തൊഴില്‍ നഷ്ടപ്പെട്ടതിന് ശേഷം കഴിഞ്ഞ വര്‍ഷം 2,622 പ്രവാസികളും അവരുടെ ലോണുകള്‍ തിരിച്ചടച്ചിട്ടില്ലെന്നാണ് പ്രാദേശിക ബാങ്കുകളുടെ കണക്കുകള്‍ തെളിയിക്കുന്നത്. 2015ല്‍ 2,345 പേര്‍ക്കാണ് വായ്പ അടച്ചുതീര്‍ക്കാന്‍ കഴിയാതിരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി ഒമാന്‍ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി 21 മില്യണ്‍ റിയാലാണ്. ഓരോ പ്രവാസിയും ശരാശരി 4,515 റിയാലിന്റെ കടം വരുത്തിയാണ് രാജ്യം വിട്ടതെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. ഉപഭോക്തൃ വായ്പയാണ് ഭൂരിഭാഗം പ്രവാസികളും എടുത്തിട്ടുള്ളതെന്ന് ഒമാനിലെ കേന്ദ്ര ബാങ്കുകള്‍ പറയുന്നു.

എണ്ണ വില ഇടിഞ്ഞതിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ഒമാന്‍ സാമ്പത്തിക പ്രതിസന്ധിയിലായതോടെ ഗവണ്‍മെന്റ് ചെലവിടല്‍ വെട്ടിക്കുറച്ചു. പ്രതിസന്ധി രൂക്ഷമായതോടെ കമ്പനികള്‍ തൊഴിലാളികളുടെ എണ്ണം കുറച്ചു. 2016 ന്റെ ആദ്യ പാദത്തില്‍ ഒമാനിലെ 26 ബാങ്കുകളിലെ കിട്ടാക്കടം 69 ശതമാനമായി ഉയര്‍ന്നിരുന്നു. പ്രവാസികള്‍ മാത്രമല്ല വായ്പ അടച്ചുതീര്‍ക്കാത്ത ഒമാന്‍ പൗരന്‍മാരും നിരവധിയാണ്. നിഷ്‌ക്രിയ ആസ്തിയില്‍ നിന്ന് രക്ഷപ്പെടുന്നതിനായി സാമ്പത്തിക സ്ഥാപനങ്ങള്‍ അറ്റാദായത്തിന്റെ അഞ്ച് ശതമാനത്തിന് തുല്യമായ തുക മാറ്റിവയ്ക്കണെമന്ന് രണ്ട് വര്‍ഷം മുന്‍പ് കേന്ദ്രബാങ്ക് ആവശ്യപ്പെട്ടിരുന്നു.

1.86 മില്യണ്‍ പ്രവാസികളാണ് ഒമാനിലുള്ളത്. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ഫിലിപ്പിന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കൂടുതല്‍ പേരും. കടം അടച്ചു തീര്‍ക്കുന്നതിന് മുന്‍പ് ജോലി നഷ്ടപ്പെടുമോ എന്ന ചിന്തിയിലാണ് പ്രവാസികള്‍ ഒമാനില്‍ ജോലി ചെയ്യുന്നത്.

Comments

comments

Categories: Banking, World