വലിയ ഫലം നല്‍കാത്ത സന്ദര്‍ശനം

വലിയ ഫലം നല്‍കാത്ത സന്ദര്‍ശനം
നേപ്പാള്‍ പ്രസിഡന്റ് ഭണ്ഡാരിയുടെ ഡെല്‍ഹി സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ക്കും 
ഇടയിലുള്ള വിശ്വാസ്യതക്കുറവ് പരിഹരിക്കുന്നതില്‍ കാര്യമായി ഒന്നും ചെയ്തില്ല

നേപ്പാള്‍ പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരിയുടെ ഡെല്‍ഹി സന്ദര്‍ശനം വന്‍ വിജയമാണെന്നാണ് നേപ്പാളിന്റെ ഔദ്യോഗിക പ്രതികരണം. സന്ദര്‍ശനം പോസിറ്റിവാണെന്ന് ഇന്ത്യയും പറയുന്നു. എന്നാല്‍ വഷളായ ഇന്ത്യ-നേപ്പാള്‍ ബന്ധത്തില്‍ കാര്യമായ ഒരു കൂട്ടിച്ചേര്‍ക്കലും നടത്താന്‍ ഭണ്ഡാരിയുടെ സന്ദര്‍ശനത്തിന് കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സാംസ്‌കാരികമായി ഇന്ത്യയോട് ഏറെ അടുത്ത് നില്‍ക്കുന്ന രാജ്യമാണ് നേപ്പാളെങ്കിലും അവിടത്തെ മാവോയിസ്റ്റ് സ്വാധീനവും ചൈനയുടെ ഇടപെടലും കാരണം ബന്ധത്തില്‍ സ്ഥിരതയാര്‍ന്ന ചങ്ങാത്ത സ്വഭാവം കണ്ടിരുന്നില്ല.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ നിരവധി വലിയ ഉയര്‍ച്ച, താഴ്ച്ചകളിലൂടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കടന്നുപോയത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ഏറ്റവും ആദ്യം സന്ദര്‍ശിച്ച രാജ്യങ്ങളില്‍ ഒന്നാണ് നേപ്പാള്‍. അത്രമാത്രം പ്രാധാന്യം അദ്ദേഹം അവര്‍ക്ക് നല്‍കിയിരുന്നു. ഇന്ത്യയെ സംബന്ധിച്ചും മോദിയുടെ മാതൃസംഘടനയായ ആര്‍എസ്എസിനെ സംബന്ധിച്ചും നേപ്പാളില്‍ സ്വാധീനം ചെലുത്തേണ്ടതും ബന്ധം ശക്തമാക്കേണ്ടതും അതീവ പ്രാധാന്യമുള്ള കാര്യമായിരുന്നു.

കുറച്ചു കാലമായി ഇന്ത്യക്ക് അവിടെ വിശ്വാസ്യതയും സ്വാധീനവും നഷ്ടപ്പെടുന്നതാണ് കാണുന്നത്. എന്തുകൊണ്ടാണ് അത്തരത്തില്‍ സംഭവിക്കുന്നതെന്ന് മനസിലാക്കി, അതിനെ അഭിമുഖീകരിക്കാനുള്ള കാര്യമായ ശ്രമങ്ങള്‍ നമ്മുടെ ഭാഗത്തുനിന്നുണ്ടായോ എന്നത് ചിന്തിക്കേണ്ടതുണ്ട്. രണ്ടു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരികമായ സമാനതകളെക്കുറിച്ച് എപ്പോഴും നാം വാചാലരാകാറുണ്ടെങ്കിലും ഇപ്പോള്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ വിശ്വാസമില്ലായ്മയെക്കുറിച്ച് അത്ര ചിന്തിക്കാറില്ല.

കഴിഞ്ഞ ഒക്‌റ്റോബറിലാണ് പ്രസിഡന്റായി ഭണ്ഡാരി ചുമതലയേറ്റത്. അതിന് ശേഷം അവര്‍ നടത്തുന്ന ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. എന്നാല്‍ വഷളായ ബന്ധത്തില്‍ വഴിത്തിരിവുണ്ടാക്കുന്നതില്‍ ഈ സന്ദര്‍ശനം പരാജയപ്പെട്ടുവെന്നതാണ് വാസ്തവം. ക്രിയാത്മകമായ യാതൊരുവിധ നീക്കങ്ങളും ഉണ്ടായില്ല. നേപ്പാളിന്റെ നന്മയ്ക്കാണ് ഇന്ത്യ കാര്യങ്ങള്‍ ചെയ്യുന്നതെന്ന് ബോധ്യപ്പെടുത്താന്‍ സാധിച്ചില്ല. മധേശി വിഷയങ്ങളില്‍ കൃത്യമായ നിലപാട് കൈക്കൊള്ളാന്‍ അവിടത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും കഴിഞ്ഞില്ല.

ഭണ്ഡാരി ഇന്ത്യാ സന്ദര്‍ശനം നടത്തുന്ന അതേ വേളയില്‍ തന്നെയായിരുന്നു നേപ്പാളും ചൈനയും തമ്മിലെ സംയുക്ത സംയുക്ത സൈനിക  അഭ്യാസവും നടന്നത്. നേപ്പാളില്‍ സ്വാധീനം ചെലുത്താനും ഇന്ത്യാ വിരുദ്ധത പ്രചരിപ്പിക്കാനും തീവ്ര ശ്രമമാണ് ചൈന നടത്തുന്നത്. ആദ്യമായാണ് കാഠ്മണ്ഡുവില്‍ നേപ്പാള്‍-ചൈന സംയുക്ത സൈനിക അഭ്യാസം നടക്കുന്നത്. തീവ്രവാദത്തെ പ്രതിരോധിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നേപ്പാള്‍ സൈന്യത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്നാണ് ചൈന പറയുന്നത്.

ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ബാലന്‍സ് ചെയ്തുകൊണ്ടുപോകാനാണ് നേപ്പാള്‍ ശ്രമിക്കുന്നത്. എന്നാല്‍ ചൈന അവിടെ അധീശത്വം സ്ഥാപിക്കാന്‍ പരമാവധി യത്‌നിക്കുന്നുണ്ട്. നേപ്പാളിന്റെ സമാധാനത്തിന് വേണ്ടി നിലകൊള്ളുന്നത് ചൈനയാണ്, ഇന്ത്യ അവരെ വിഘടിപ്പിക്കാനും സ്വന്തം താല്‍പ്പര്യങ്ങള്‍ നടപ്പാക്കാനുമാണ് ശ്രമിക്കുന്നതെന്നും നേപ്പാളി ജനതയെ ബോധ്യപ്പെടുത്താനാണ് ചൈന ശ്രമിക്കുന്നത്. നേപ്പാള്‍ ആര്‍മിയുമായി കൂടുതല്‍ ഇടപെടലുകള്‍ നടത്താനും സംയുക്ത അഭ്യാസങ്ങള്‍ നടത്താനും ഇന്ത്യ തയാറാകണം. മാവോയിസ്റ്റുകളുമായുള്ള യുദ്ധത്തില്‍ നേപ്പാള്‍ ആര്‍മിക്ക് ഇന്ത്യ ആയുധങ്ങളും മറ്റും നല്‍കിയിരുന്നു. എന്നാല്‍ അവര്‍ സമാധാന പാതയിലേക്ക് വരുന്നതുകണ്ട് ആയുധസാമഗ്രികളുടെ വിതരണം ഇന്ത്യ നിര്‍ത്തിവെച്ചിരുന്നു. ഇതിലെല്ലാം പുനര്‍വിചിന്തനം നടത്താവുന്നതാണ്.

തന്ത്രപരമായി ഇന്ത്യക്ക് ഏറ്റവും പ്രാധാന്യമുള്ള രാജ്യങ്ങളിലൊന്നാണ് നേപ്പാള്‍. അവരുമായുള്ള ബന്ധം ശക്തമാക്കാനും ചൈനയുടെ ഹിഡന്‍ അജണ്ട ബോധ്യപ്പെടുത്താനും ഇന്ത്യക്ക് സാധിക്കണം. എന്ത് വില കൊടുത്തും ഹിമാലയന്‍ രാജ്യവുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ നരേന്ദ്ര മോദിയും വിദേശകാര്യസഹമന്ത്രി വി കെ സിംഗും ശ്രമിക്കണം. അല്ലെങ്കില്‍ വലിയ പ്രത്യാഘാതമായിരിക്കും നമ്മെ കാത്തിരിക്കുന്നത്.

Comments

comments

Categories: Editorial