ഹീറോ 250 സിസിക്കുമുകളിലുള്ള ബൈക്കുകള്‍ പുറത്തിറക്കും

ഹീറോ 250 സിസിക്കുമുകളിലുള്ള ബൈക്കുകള്‍ പുറത്തിറക്കും

ഇരുചക്രവാഹന വിപണിയില്‍ ഏറ്റവുമധികം വളര്‍ച്ച കൈവരിക്കുന്നത് 250 സിസി പ്ലസ് മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റാണ്

ചെന്നൈ : ഇരുചക്ര വാഹന വിപണിയിലെ മാര്‍ക്കറ്റ് ലീഡറായ ഹീറോ മോട്ടോകോര്‍പ്പ് ‘സ്മാര്‍ട്ട്’ ഇലക്ട്രിക് വാഹനങ്ങളും പ്രീമിയം മോട്ടോര്‍സൈക്കിളുകളും അവതരിപ്പിക്കും. മൂന്ന് ഉല്‍പ്പന്നങ്ങളുമായി 150 സിസി പ്രീമിയം സെഗ്‌മെന്റില്‍ കമ്പനി നേരത്തെ പ്രവേശിച്ചിരുന്നു. റോയല്‍ എന്‍ഫീല്‍ഡ് അരങ്ങുവാഴുന്ന 250 സിസി സെഗ്‌മെന്റില്‍ 250 സിസിക്കും അതിനുമുകളിലുമുള്ള ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഹീറോ മോട്ടോകോര്‍പ്പ്. ആഭ്യന്തര വില്‍പ്പനയോടൊപ്പം കയറ്റുമതിയിലും ഹീറോയ്ക്ക് കണ്ണുണ്ട്.

ഇരുചക്രവാഹന വിപണിയില്‍ ഏറ്റവുമധികം വളര്‍ച്ച കൈവരിക്കുന്ന 250 സിസി പ്ലസ് മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റ് 31 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. വര്‍ഷം തോറും ഏഴ് ലക്ഷം യൂണിറ്റാണ് ഈ സെഗ്‌മെന്റിലെ വില്‍പ്പന. എന്നാല്‍ സമീപഭാവിയില്‍ ഹീറോ 250 സിസി വിപണിയില്‍ പ്രവേശിക്കില്ല. 150 സിസി സെഗ്‌മെന്റില്‍ ഹങ്ക്, എക്‌സ്ട്രീം, അച്ചീവര്‍ 150 i3S എന്നീ മൂന്ന്് മോഡലുകളാണ് ഹീറോ പുറത്തിറക്കിയിരിക്കുന്നത്.

2018 തുടക്കത്തില്‍ 200 സിസി എക്‌സ്ട്രീം 200S ഹീറോ മോട്ടോകോര്‍പ്പ് വിപണിയിലെത്തിക്കും. എന്‍ട്രി-ലെവല്‍ ബൈക്ക് വിപണിയുടെ 70 ശതമാനം ഹീറോയുടെ കയ്യില്‍ ഭദ്രമാണെന്നിരിക്കെ പ്രീമിയം ബൈക്ക്, ഇലക്ട്രിക് വാഹന വിപണിയില്‍ വല വീശിയെറിയാനാണ് ഹീറോ വരുന്നത്. ഭാവി ബിസിനസ് തന്ത്രം ഹീറോ രൂപപ്പെടുത്തുന്നത് ഇത്തരത്തിലാണ്.

നൂതന സാങ്കേതികവിദ്യയുമായി സ്മാര്‍ട്ട് ഇലക്ട്രിക് വാഹനങ്ങള്‍ വികസിപ്പിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ ഹീറോ മോട്ടോകോര്‍പ്പ്. ഇതിനായി സ്വന്തം വൈദഗ്ധ്യവും ബെംഗളൂരു ആസ്ഥാനമായ സ്മാര്‍ട്ട് ഇലക്ട്രിക് ടൂ-വീലര്‍ സ്റ്റാര്‍ട്ടപ്പ് ഏതര്‍ എനര്‍ജിയുടെ കഴിവുകളും ഹീറോ ഉപയോഗപ്പെടുത്തും. ഏതറിന്റെ 26-30 ശതമാനം ഓഹരി ഹീറോ മോട്ടോകോര്‍പ്പിന്റെ കൈവശമാണ്. ഭാവി മോഡലുകള്‍ ഏതൊക്കെയെന്ന് വെളിപ്പെടുത്താന്‍ ഹീറോ മോട്ടോകോര്‍പ്പ് വക്താവ് തയ്യാറായില്ല.

നീംറാണ, ഹലോല്‍ മാനുഫാക്ച്ചറിംഗ് പ്ലാന്റുകളും സെന്റര്‍ ഓഫ് ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജി, ഗ്ലോബല്‍ പാര്‍ട്‌സ് സെന്റര്‍ എന്നിവയും സ്ഥാപിക്കുന്നതിന് കമ്പനി 2,800 കോടി രൂപയാണ് നിക്ഷേപിച്ചത്. ഇലക്ട്രിക് വാഹന മേഖലയിലും ഹീറോയുടെ കണ്ണുടക്കിയിട്ടുണ്ട്. സെന്റര്‍ ഓഫ് ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജിയിലാണ് ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

Comments

comments

Categories: Auto