ഇന്ത്യന്‍ ഭാഷകള്‍ ഉള്‍പ്പെടുത്തി പുതിയ മെഷീന്‍ ലേണിംഗ് ഉല്‍പ്പന്നങ്ങളുമായി ഗൂഗിള്‍

ഇന്ത്യന്‍ ഭാഷകള്‍ ഉള്‍പ്പെടുത്തി പുതിയ മെഷീന്‍ ലേണിംഗ് ഉല്‍പ്പന്നങ്ങളുമായി ഗൂഗിള്‍

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഭാഷകള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള പുതിയ മെഷീന്‍ ലേണിംഗ് ഉല്‍പ്പന്നങ്ങള്‍ ഗൂഗിള്‍ അവതരിപ്പിച്ചു. കൂടുതല്‍ ആളുകളെ ഓണ്‍ലൈനിലേക്ക് കൊണ്ടുവരിക, വെബ് സേവനങ്ങള്‍ അവര്‍ക്ക് കൂടുതല്‍ ഉപയോഗപ്രദമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഗൂഗിള്‍ പുതിയ മെഷീന്‍ ലേണിംഗ് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയത്. ഹിന്ദി, ബംഗാളി, പഞ്ചാബി, മറാത്തി, ഗുജറാത്തി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങി ഒന്‍പത് ഇന്ത്യന്‍ ഭാഷകളില്‍ ന്യൂറല്‍ മെഷീന്‍ വിവര്‍ത്തനം ലഭ്യമാക്കിയതായും ഗൂഗിള്‍ അറിയിച്ചു.

വിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കുന്നതിന് ഗൂഗിള്‍ ക്രോമിലും ഗൂഗിള്‍ മാപ്പിലും ന്യൂറല്‍ മെഷീന്‍ ട്രാന്‍സ്‌ലേഷന്‍ ലഭ്യമാക്കിയിട്ടുണ്ട്. പ്രതിദിനം ഒരു ബില്യണ്‍ വിവര്‍ത്തനം കമ്പനി നടത്തുന്നതായും ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റിന്റെ 95 ശതമാനത്തോളം യുഎസിനു പുറത്തുള്ള ആവശ്യത്തിനു വേണ്ടിയുള്ളതാണെന്നും കമ്പനി അറിയിച്ചു. വിവര്‍ത്തനത്തിന് ആദ്യഘട്ടത്തില്‍ ന്യൂറല്‍ നെറ്റ്‌വര്‍ക്ക് പത്ത് സെക്കന്‍ഡ് എടുത്തിരുന്നതായി ഗൂഗിള്‍ പറയുന്നു. പക്ഷെ, രണ്ട് മാസത്തിനുള്ളില്‍ ഇത് 0.2 സെക്കന്‍ഡായി കുറയ്ക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

ഇന്ത്യയിലെ 22 ഭാഷകള്‍ ക്രമീകരിച്ച ‘ജിബോര്‍ഡും’ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് വാക്കുകളും, അര്‍ത്ഥവും മാത്രമല്ല ഇമോജികള്‍ പോലും പ്രാദേശിക ഭാഷകളില്‍ സെര്‍ച്ച് ചെയ്യാനാകുമെന്നാണ് ഗൂഗിളിന്റെ വാദം. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല പ്രസുമായി സഹകരിച്ച് ഗൂഗിള്‍ സെര്‍ച്ചില്‍ ഹിന്ദി ഡിക്ഷണറിയും ഗൂഗിള്‍ അവതരിപ്പിച്ചിട്ടുണ്ട്.

രാജ്യത്ത് എല്ലാവരിലേക്കും ഇന്റര്‍നെറ്റ് സേവനം എത്തിക്കാനാണ് ഗൂഗിളിന്റെ ശ്രമം. ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ നിന്നും ഇന്ത്യക്കാരെ അകറ്റി നിര്‍ത്തുന്ന പ്രധാന തടസങ്ങള്‍ കമ്പനി കണ്ടെത്തിയതായും, നിലവില്‍ 400 മില്യണ്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുള്ള ഇന്ത്യയില്‍ 2020ഓടെ 600 മില്യണ്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളെ സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗൂഗിള്‍ ഇന്ത്യ, സൗത്ത്ഈസ്റ്റ് ഏഷ്യ വൈസ് പ്രസിഡന്റ് രാജന്‍ ആനന്ദന്‍ പറഞ്ഞു. രാജ്യത്തെ മൊത്തം ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 300 മില്യണ്‍ ആളുകളും സ്മാര്‍ട്ട്‌ഫോണ്‍ വഴി ഇന്റര്‍നെറ്റ് സേവനം ഉപയോഗപ്പെടുത്തുന്നവരാണെന്ന് രാജന്‍ ആനന്ദന്‍ വ്യക്തമാക്കി.

Comments

comments

Categories: Top Stories