ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് നയപരിപാടികളുമായി മോദി സര്‍ക്കാര്‍

ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് നയപരിപാടികളുമായി മോദി സര്‍ക്കാര്‍

ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കള്‍ക്ക് നികുതിയിളവുകള്‍ നല്‍കും

ന്യൂ ഡെല്‍ഹി ; 2030 ഓടെ രാജ്യത്ത് പരമാവധി ബാറ്ററി വാഹനങ്ങള്‍ അവതരിപ്പിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിക്കുന്നു. അടുത്ത രണ്ടോ മൂന്നോ മാസങ്ങള്‍ക്കുള്ളില്‍ ഇതുസംബന്ധിച്ച കര്‍മ്മപരിപാടി അവതരിപ്പിക്കും. ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കള്‍ക്ക് നികുതിയിളവുകള്‍ ഉള്‍പ്പെടെ നല്‍കുന്നതായിരിക്കും പദ്ധതി. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും അമേരിക്ക, ജപ്പാന്‍, ചൈന തുടങ്ങി മിക്ക രാജ്യങ്ങളും സ്വീകരിക്കുന്ന സമീപനമാകില്ല ഇന്ത്യ പിന്തുടരുന്നത്. ഇലക്ട്രിക് വാഹന സബ്‌സിഡിക്കായി ബില്യണ്‍ കണക്കിന് ഡോളറാണ് ഈ രാജ്യങ്ങള്‍ ചെലവഴിക്കുന്നത്.

ആദ്യഘട്ടത്തില്‍ പൊതുഗതാഗത സംവിധാനത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ കൊണ്ടുവരാനാണ് ഇന്ത്യ ശ്രമിക്കുന്നത്. മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസര്‍ അശോക് ജുന്‍ജുന്‍വാല പദ്ധതിക്ക് നേതൃപരമായ പങ്ക് വഹിക്കും. ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കള്‍ ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിലും വിദേശ വാഹന നിര്‍മ്മാതാക്കള്‍ ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് ഇന്ത്യയില്‍ താല്‍പ്പര്യപ്പെടുന്നത്.

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയനുസരിച്ച് ബാറ്ററിയില്ലാതെയായിരിക്കും വാഹന നിര്‍മ്മാണ കമ്പനികള്‍ ഇരുചക്ര വാഹനങ്ങളും മൂന്നുചക്ര വാഹനങ്ങളും സിറ്റി ബസ്സുകളും വില്‍ക്കുന്നത്. ഇതുവഴി വാഹനങ്ങളുടെ വില 70 ശതമാനത്തോളം കുറയും. ബാറ്ററി നിശ്ചിത വിലയ്ക്ക് വാടകയ്‌ക്കെടുക്കാന്‍ കഴിയും. ചാര്‍ജ് തീരുമ്പോള്‍ റീച്ചാര്‍ജ് സ്‌റ്റേഷനുകളില്‍നിന്ന് പകരം ബാറ്ററി ലഭിക്കുന്നതിന് സൗകര്യമുണ്ടാകും. സ്വകാര്യ വാഹനങ്ങളെ പദ്ധതിയുടെ അവസാനഘട്ടത്തില്‍ മാത്രമേ ഉള്‍പ്പെടുത്തൂ. ബാറ്ററി മാറ്റിയെടുക്കുന്നതിന് ഒന്നോ രണ്ടോ മിനിറ്റ് മാത്രമേ എടുക്കൂവെന്ന് ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കി.

ഇലക്ട്രിക് വാഹന നയത്തിന്റെ പൂര്‍ണ്ണരൂപം എത്രയും വേഗം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വാഹന നിര്‍മ്മാതാക്കള്‍. 2030 ഓടെ രാജ്യത്ത് പരമാവധി ഇലക്ട്രിക് വാഹനങ്ങള്‍ ലഭ്യമാക്കുകയും അതിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയുമെന്ന ലക്ഷ്യം കൈവരിക്കുന്നതിന് നീതി ആയോഗിന് കീഴില്‍ മന്ത്രിതല സമിതിയാണ് പദ്ധതിയുടെ വിശദാംശങ്ങള്‍ തയ്യാറാക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ എങ്ങനെ ഒരുക്കണമെന്നതിനെക്കുറിച്ചും വിശദമായ ചര്‍ച്ച നടന്നു. അതേസമയം ഹൈബ്രിഡ് പോലുള്ള സാങ്കേതികവിദ്യകള്‍ക്കെതിരെ സര്‍ക്കാര്‍ നിലപാട് സ്വീകരിക്കരുതെന്നും സമ്പൂര്‍ണ്ണ ഇലക്ട്രിക് വാഹനത്തിലേക്ക് മാറുന്നതിന് മുമ്പുള്ള പ്രധാന ഘട്ടമാണ് ഹൈബ്രിഡ് വാഹനങ്ങളെന്നും അഭിപ്രായമുയര്‍ന്നു.

ഓണ്‍ലൈന്‍ ടാക്‌സി സേവന ദാതാക്കളെയും പദ്ധതിയുടെ ഭാഗമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. വാഹന-ബാറ്ററി-വാഹനഘടക നിര്‍മ്മാതാക്കളുമായും ഓണ്‍ലൈന്‍ ടാക്‌സി സേവന ദാതാക്കളുമായും സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകള്‍ ആശാവഹമാണ്. വാഹന നിര്‍മ്മാതാക്കള്‍ക്ക് നല്‍കുന്ന നികുതിയിളവുകള്‍ മേക് ഇന്‍ ഇന്ത്യ പദ്ധതിക്കും ഗുണകരമാകും. ആദ്യഘട്ടത്തില്‍ ബാറ്ററി സെല്ലുകള്‍ ഇറക്കുമതി ചെയ്യും. തദ്ദേശീയമായി നിര്‍മ്മിക്കുന്ന കാര്യം പിന്നീട് ആലോചിക്കും. ഇലക്ട്രിക് കാറുകളുടെ വില കുറയുമ്പോള്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങളോടുള്ള താല്‍പ്പര്യം ജനങ്ങള്‍ അവസാനിപ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് രണ്ടായിരത്തിലധികം മൂവിംഗ് പാര്‍ട്‌സുകള്‍ ഉണ്ടെങ്കില്‍ ഇലക്ട്രിക് വാഹനങ്ങളില്‍ ഏകദേശം ഇരുപത് എണ്ണം മാത്രമേയുള്ളൂ. നിലവില്‍ ഇന്ത്യന്‍ പാതകളിലെ 200 മില്യണ്‍ വാഹനങ്ങളില്‍ ഒരു ശതമാനം മാത്രമാണ് ഇലക്ട്രിക് വാഹനങ്ങള്‍. അതേസമയം കേന്ദ്ര സര്‍ക്കാര്‍ വെല്ലുവിളികളും അഭിമുഖീകരിക്കേണ്ടിവരും. 2020 ല്‍ ബിഎസ്-6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ നടപ്പാക്കാനിരിക്കെ ഇതിനുമുന്നോടിയായി വലിയ നിക്ഷേപം നടത്താനാണ് വാഹന നിര്‍മ്മാതാക്കള്‍ തയ്യാറെടുക്കുന്നത്. ഈ നിക്ഷേപത്തിന് ഇനി സാധ്യത കുറയും. രാജ്യത്തെ എണ്ണശുദ്ധീകരണശാലകളുടെ കാര്യവും കഷ്ടത്തിലാകും.

Comments

comments

Categories: Auto