ചങ്ങനാശ്ശേരി സെന്റ് ബര്‍ക്ക്മാന്‍സ് കോളേജ് : അധ്യയനമികവിന്റെ പര്യായം

ചങ്ങനാശ്ശേരി സെന്റ് ബര്‍ക്ക്മാന്‍സ് കോളേജ് : അധ്യയനമികവിന്റെ പര്യായം
കേരളത്തിന്റെ കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച 
ഒട്ടനവധി പ്രഗല്‍ഭര്‍ക്ക് ജന്മം നല്‍കിയ കലാലയമാണ് ചങ്ങനാശ്ശേരി എസ്ബി കോളെജ്.
മാറുന്ന കാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് മികവുറ്റ രീതിയില്‍ മാനേജ്‌മെന്റ് 
പഠനം വിദ്യാര്‍ത്ഥികളിലേക്ക് എത്തിച്ച് കൊളെജിന്റെ അഭിമാനമായി മാറുകയാണ് 
ബിഐഎംഎസ്

പ്രേം നസീര്‍ മുതല്‍ കുഞ്ചാക്കോബോബന്‍ വരെ..രാജു നാരായണ സ്വാമി ഐഎഎസ് മുതല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വരെ.. കേരളത്തില്‍ ഒരു പിടി പ്രമുഖരായ കലാകാരന്‍മാര്‍ക്കും രാഷ്ട്രീയ- സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും ജന്മം നല്‍കിയ ഒരു കലാലയമുണ്ട് കോട്ടയത്ത്. ചങ്ങനാശ്ശേരി നഗരത്തിലെ വാഴപ്പള്ളിയില്‍ സ്ഥിതിചെയ്യുന്ന എസ് ബി കോളെജ് എന്നറിയപ്പെടുന്ന സെന്റ് ബര്‍ക്ക്മാന്‍സ് കോളേജ് പലര്‍ക്കും കലാലയമെന്നതിനപ്പുറം ഒരു വികാരം തന്നെയാണ്. പാഠ്യരംഗത്തെന്നതു പോലെ പാഠ്യേതര രംഗത്തും ഖ്യാതി നേടിയ കലാലയങ്ങളില്‍ ഒന്നാണിത്.

ചങ്ങനാശ്ശേരി അതിരൂപതക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ കോളേജ് 1922- ല്‍ അന്നത്തെ ബിഷപ്പായിരുന്ന മാര്‍ തോമസ് കുര്യാളശേരിയാണ് സ്ഥാപിച്ചത്. കോളെജ് വിത്ത് എ പൊട്ടെന്‍ഷ്യല്‍ ഫോര്‍ എക്‌സലന്‍സ് എന്ന യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെ (യുജിസി) ബഹുമതി 2004- ല്‍ത്തന്നെ നേടിയെടുത്ത ഇന്ത്യയിലെ അത്യപൂര്‍വ്വം കോളെജുകളില്‍ ഒന്നാണിത്. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള എസ് ബി കോളേജിന് നാഷണല്‍ അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) എ ഗ്രേഡും നല്‍കിയിട്ടുണ്ട്. മികച്ച കോളെജിനുള്ള സംസ്ഥാനസര്‍ക്കാരിന്റെ ആര്‍ ശങ്കര്‍ അവാര്‍ഡ് രണ്ടു തവണ നേടിയ സ്ഥാപനം കൂടിയാണിത്.

എസ്ബി കോളെജ് ഇന്ന്

20 പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്പാര്‍ട്ട്‌മെന്റുകളും 16 അണ്ടര്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകളും എട്ട് ഗവേഷണ ഡിപ്പാര്‍ട്ട്‌മെന്റുകളും മൂന്ന് എംഫില്‍ ഡിപ്പാര്‍ട്ട്‌മെന്റുകളുമായി വിപുലമായ വിദ്യാഭ്യാസസ്ഥാപനമാണ് ഇന്ന് എസ്ബി കോളെജ്. അറിവ്, മൂല്യങ്ങള്‍, നൈപുണ്യം എന്നിവ പകര്‍ന്നു നല്‍കി വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വളര്‍ച്ചയ്ക്കുതകുന്ന ഒരു പരിതസ്ഥിതിയാണ് കോളെജിലുള്ളത്. 2014 ജൂണിലാണ് കോളെജിന് സ്വയംപദവി (അക്കാദമിക് ഓട്ടോണമി) ലഭിക്കുന്നത്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സംസ്‌കൃതം, സുറിയാനി, സാമ്പത്തികശാസ്ത്രം, ഊര്‍ജതന്ത്രം, രസതന്ത്രം, ഗണിതം, കൊമേഴ്‌സ്, ബോട്ടണി, സുവോളജി, സോഷ്യല്‍ വര്‍ക്ക്, മാനേജ്‌മെന്റ് സ്റ്റഡീസ്, ഫിനാന്‍ഷ്യല്‍ എജ്യുക്കേഷന്‍, ലൈബ്രറി സയന്‍സ്, കംപ്യൂട്ടര്‍ സയന്‍സ്, ബയോ ടെക്‌നോളജി, മൈക്രോ ബയോളജി എന്നിവയാണ് കോളെജിലെ ഡിപ്പാര്‍ട്ട്‌മെന്റുകള്‍.

എസ്ബി കോളെജിന്റെ തിലകക്കുറിയാണ് 1995- ല്‍ സ്ഥാപിതമായ ബര്‍ക്ക്മാന്‍സ് ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് (ബിഐഎംഎസ്). ന്യൂഡെല്‍ഹി, ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്റെ (എഐസിടിഇ) അംഗീകാരം നേടിയെടുത്ത സ്ഥാപനം എംജി യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. രണ്ട് വര്‍ഷത്തെ മുഴുവന്‍ സമയ എംബിഎ പ്രോഗ്രാമാണ് ബര്‍ക്ക്മാന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ഉറപ്പു വരുത്തുന്നത്. ഈ സ്ഥാപനത്തില്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളെ എക്‌സിക്യൂട്ടീവുകളും കണ്‍സള്‍ട്ടന്റ്മാരും സംരംഭകരുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണാം.

ഉന്നത നിലവാരത്തിലുള്ള മാനേജ്‌മെന്റ് വിദ്യാഭ്യാസമാണ് ബിഐഎംഎസ് തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്കായി ഉറപ്പു വരുത്തുന്നത്. അക്കാദമിക വിദ്യാഭ്യാസത്തോടൊപ്പം സ്ഥാപകരായ കത്തോലിക്കാ സഭയുടെ ദര്‍ശനത്തിനനുസരിച്ചുള്ള സമുന്നത ധാര്‍മികമൂല്യങ്ങളും ഇവര്‍ വിദ്യാര്‍ത്ഥികളിലേക്കെത്തിക്കുന്നു. പ്രതിവര്‍ഷം 120 വിദ്യാര്‍ത്ഥികള്‍ക്കു വരെ ഇവിടെ പ്രവേശനം ലഭിക്കുന്നു. ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, എച്ച്ആര്‍, ഓപ്പറേഷന്‍സ് ആന്‍ഡ് സിസ്റ്റംസ് തുടങ്ങിയ വിഷയങ്ങളില്‍ സ്‌പെഷലൈസേഷനും സ്ഥാപനം ഉറപ്പു വരുത്തുന്നുണ്ട്.

വിദ്യാര്‍ത്ഥിക്കൊപ്പം.. സമൂഹത്തിനൊപ്പം

ഡോ. ടോമി ജോസഫാണ് ഇപ്പോള്‍ എസ്ബി കോളജിന്റെ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിക്കുന്നത്. ഡോ. സ്റ്റീഫന്‍ മാത്യുവാണ് ഡയറക്റ്റര്‍. കഴിഞ്ഞ ഒമ്പത് പതിറ്റാണ്ടുകളായി സാമൂഹ്യ നീതിയും അക്കാദമികനൈപുണ്യവും ഒരുപോലെ കാഴ്ചവെക്കുന്ന കലാലയമാണ് എസ്ബി കോളെജ് എന്ന് ടോമി ജോസഫ് പറയുന്നു. അറിവിന്റെ അതിരുകളില്ലാത്ത വാതിലുകളാണ് കോളെജിലെ ഏറ്റവും പ്രമുഖ വിഭാഗമായ ബിഐഎംഎസിലെ അധ്യപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ തുറന്നിടുന്നതെന്നും അദ്ദേഹം പറയുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച അവസരങ്ങള്‍ ഒരുക്കുന്നതിനൊപ്പം സാമൂഹികമായ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധവാന്‍മാരാക്കുകയും കൂടി ചെയ്യുന്ന അത്യപൂര്‍വ്വം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നുകൂടിയാണിത്. രാജ്യങ്ങളുടെ അതിര്‍ത്തികള്‍ ഇല്ലാതാകുന്ന ഇക്കാലത്ത് നമ്മുടെ വിദ്യാര്‍ത്ഥികളെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തേണ്ടതിന്റെ ആവശ്യകതയും ഇവര്‍ തിരിച്ചറിയുന്നു. ഇത്തരത്തിലുള്ള ഒരു സാഹചര്യത്തില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ തങ്ങളുടെ വിദ്യാര്‍ത്ഥികളെ ഇവര്‍ പ്രാപ്തരാക്കുന്നു.

വര്‍ഷാവര്‍ഷം വിവിധ മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ എത്തുന്നത് തങ്ങളുടെ എംബിഎ പ്രോഗ്രാമിനുള്ള ഡിമാന്‍ഡാണ് വെളിവാക്കുന്നതെന്ന് ഡയറക്റ്റര്‍ ഡോ. സ്റ്റീഫന്‍ മാത്യു പറയുന്നു. മികച്ച നിലവാരത്തില്‍ ഉത്തരവാദിത്തോടു കൂടിയ മാനേജര്‍മാരേയും സംരംഭകരെയും നേതാക്കളെയും വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിഐഎംഎസ് തങ്ങള്‍ക്ക് സ്വന്തമായൊരു സിലബസ് ക്രമീകരിച്ചത്. ബിസിനസിലെ അറിവ് എന്നത് എന്നത് ധാര്‍മികതയും സാമൂഹികപ്രതിബദ്ധതയും കൂടി ചേര്‍ന്നതാണെന്ന് ഇവര്‍ വിശ്വസിക്കുന്നു. അതുതന്നെയാണ് സ്ഥാപനത്തിന്റെ വിജയവും പാരമ്പര്യവും.

ഭാവിക്കായി

വിദ്യാര്‍ത്ഥികളുടെ കഴിവിനും പ്രാപ്തിക്കുമനുസരിച്ച് മികച്ച തൊഴിലില്‍ പ്രവേശനം നല്‍കാനാണ് കോളെജില്‍ പ്ലേസ്‌മെന്റ് ഓഫീസ് ആവിഷ്‌കരിച്ചിരിക്കുന്നത്. തങ്ങളുടെ താല്‍പര്യം തിരിച്ചറിയാനും, മികച്ച കരിയര്‍ തെരഞ്ഞെടുക്കാനും ഇത് വിദ്യാര്‍ത്ഥികളെ സഹായിക്കുന്നു. അഭിരുചി പരിശീലനങ്ങള്‍, വര്‍ക്ക് ഷോപ്പുകള്‍, സോഫ്റ്റ്‌സ്‌കില്‍, ഹാര്‍ഡ് സ്‌കില്‍, മോക്ക് ഇന്റര്‍വ്യൂ, ചര്‍ച്ചകള്‍ തുടങ്ങിയവയെല്ലാം പ്ലേസ്‌മെന്റ് ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നു. മികച്ച പ്ലേസ്‌മെന്റ് റെക്കോര്‍ഡും ഇവര്‍ക്കുണ്ട്. ഇവൈ, ഫോര്‍ട്ടിസ് ഹോസ്പിറ്റല്‍, ഡെക്കാത്ത്‌ലോണ്‍, ഐടിസി, കെപിഎംജി, കിംസ്, റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്‍ഡ്, റോയ്‌റ്റേഴ്‌സ്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങി ലോകത്തിലെ തന്നെ പ്രമുഖങ്ങളായ നിരവധി സ്ഥാപനങ്ങളില്‍ ഇവിടെ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ സേവനമനുഷ്ഠിച്ചു വരുന്നു.

മാനേജര്‍മാര്‍ക്കാവശ്യമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനായി നിരവധി നൈപുണ്യവികസനപരിപാടികള്‍ ഇവര്‍ അവതരിപ്പിക്കുന്നുണ്ട്. മാനേജീരിയല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം ഇത്തരത്തിലുള്ള ഒന്നാണ്. എംപ്ലോയബിലിറ്റി ടെക്‌നിക്ക്, ലൈഫ് സ്‌കില്‍, ഇംഗ്ലിഷ് ഭാഷയിലുള്ള ആശയവിനിമയം, വാര്‍ത്താ വിശകലനം, വിദേശ ഭാഷ, യോഗ തുടങ്ങി മാനേജീരിയല്‍ സ്‌കില്ലുമായി ബന്ധപ്പെട്ട വിഷയങ്ങളിലെല്ലാം ഇവര്‍ മികച്ച സാധ്യതകള്‍ മുന്നോട്ട് വയ്ക്കുന്നു. ബിസിനസുമായി ബന്ധപ്പെട്ട സകല മേഖലകളിലും ഇവര്‍ കൈ വെച്ചിട്ടുണ്ട്. ബിസിനസ് പ്ലാന്‍ കോംപറ്റീഷനായ ന്യൂവ ഇംപ്രസ, ബെര്‍ക്ക് ഇംപ്രസാരിയോ എന്ന ഓന്‍ട്രപ്രണര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ്, ബെര്‍ക്ക്‌നോവ എന്ന ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് ഫെസ്റ്റ്, ബെര്‍ക്ക് എന്‍വിറോണ്‍ എന്ന പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പദ്ധതി എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്.

Comments

comments

Categories: Education, FK Special