നിതി ആയോഗ് യോഗത്തില്‍ മൂന്ന് വര്‍ഷത്തെ കര്‍മപദ്ധതി അവതരിപ്പിച്ചു

നിതി ആയോഗ് യോഗത്തില്‍ മൂന്ന് വര്‍ഷത്തെ കര്‍മപദ്ധതി അവതരിപ്പിച്ചു

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച 2031-32ല്‍ 469 ലക്ഷം കോടി രൂപയിലേക്ക് ഉയര്‍ത്തുന്നതിന് ലക്ഷ്യമിടുന്നു

ന്യൂഡെല്‍ഹി: നിതി ആയോഗിന്റെ മൂന്നാം ഭരണസമിതി യോഗത്തില്‍ രാജ്യത്തിന്റെ വികസനത്തിനായുള്ള മൂന്ന് വര്‍ഷത്തെ കര്‍മ പദ്ധതിയുടെ കരട് രൂപം നിതി ആയോഗ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പനാഗരിയ അവതരിപ്പിച്ചു. സംസ്ഥാനങ്ങള്‍, കേന്ദ്ര മന്ത്രിമാര്‍, വിവിധ മേഖലകളിലെ വിദഗ്ധര്‍ എന്നിവരില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ ശേഖരിച്ചാണ് കരട് തയാറാക്കിയതെന്ന് നിതി (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ ട്രാന്‍സ്‌ഫോര്‍മിംഗ് ഇന്ത്യ) ആയോഗ് വൈസ് ചെയര്‍മാന്‍ പറഞ്ഞു. കരട് രേഖയിലെ കാഴ്ചപ്പാടുകളെ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള പിന്തുണയും കൂടുതല്‍ നിര്‍ദേശങ്ങളും അദ്ദേഹം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടു.

14-ാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകളോട് ചേര്‍ന്നുപോകുന്നതാണ് കര്‍മപദ്ധതി. കേന്ദ്ര, സംസ്ഥാനങ്ങളുടെ ഫണ്ടിംഗ് നിര്‍ണയത്തിന് കൂടുതല്‍ സ്ഥിരത നല്‍കുന്നു. മൂന്നു വര്‍ഷത്തെ കര്‍മപദ്ധതിക്കു പുറമെ ഏഴ് വര്‍ഷത്തേക്കുള്ള വികസന തന്ത്രവും 15 വര്‍ഷത്തേക്കുള്ള ദര്‍ശന രേഖയും തയാറാക്കും. മുന്‍കാല പഞ്ചവത്സര പദ്ധതികള്‍ക്ക് പകരമായാണ് ഈ സംവിധാനം നടപ്പാക്കുന്നത്. പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതി മാര്‍ച്ച് 31 ന് അവസാനിച്ചിരുന്നു. സംസ്ഥാന മുഖ്യമന്ത്രിമാരുടെ നിര്‍ദേശങ്ങളും ലഭിച്ചതിനു ശേഷം മാത്രമേ മൂന്നുവര്‍ഷത്തെ കര്‍മ പദ്ധതിക്ക് അന്തിമ രൂപം നല്‍കൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച 2015-16 ലെ 137 ലക്ഷം കോടി രൂപയില്‍ നിന്ന് 2031-32ല്‍ 469 ലക്ഷം കോടി രൂപയിലേക്ക്(2015-16 ലെ രൂപയുടെ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍) ഉയര്‍ത്തുന്നതിനാണ് 15 വര്‍ഷത്തെ ദര്‍ശന രേഖ ലക്ഷ്യമിടുന്നത്. പ്രതിവര്‍ഷം 8 ശതമാനം വളര്‍ച്ച അടിസ്ഥാനമാക്കിയാണ് ഇത് ആസൂത്രണം ചെയ്തിരിക്കുന്നതെന്നും പനാഗരിയ പറഞ്ഞു.

മൂന്ന് വര്‍ഷത്തെ വികസന അജണ്ടയെ ഏഴ് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഓരോ ഭാഗത്തിനും പ്രത്യേകമായ ആക്ഷന്‍ പോയ്ന്റുകള്‍ ഉണ്ട്. ആരോഗ്യമേഖല, അടിസ്ഥാനസൗകര്യങ്ങള്‍, കൃഷി, ഗ്രാമീണ സമ്പദ് വ്യവസ്ഥകള്‍ എന്നിവയിലെ ചെലവിടല്‍ വര്‍ധിപ്പിക്കുന്ന തരത്തില്‍ മുന്‍ഗണനകളില്‍ മാറ്റം വരുത്തും. പപ്രധാന മേഖലകള്‍, വളര്‍ച്ചയെ ബലപ്പെടുത്തുന്ന ഘടകങ്ങള്‍, ഭരണനിര്‍വഹണം, സാമൂഹ്യ മേഖലകള്‍, സുസ്ഥിര വികസനം എന്നിവയെ അടിസ്ഥാനമാക്കിയ നിര്‍ദേശങ്ങളും കര്‍മ പദ്ധതി മുന്നോട്ടുവെക്കുന്നു.

രണ്ടാം ഭാഗത്തില്‍ കൃഷി, വ്യവസായങ്ങളും സേവനങ്ങളും എന്നിവ കൈകാര്യം ചെയ്യുന്നു. മൂന്നാം ഭാഗം ഗതാഗത കണക്ടിവിറ്റി, ഡിജിറ്റല്‍ കണക്ടിവിറ്റി, പൊതു സ്വകാര്യ പങ്കാളിത്തം, ഊര്‍ജ്ജം, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയെക്കുറിച്ചാണ്. നാലം ഭാഗം നവീകരണത്തെയും സംരംഭകത്വത്തെയും കുറിച്ചുള്ളതാണ്. അഞ്ചാം ഭാഗം ഭരണനിര്‍വഹണം, നികുതി നയം, അഡ്മിനിസ്‌ട്രേഷന്‍, നിയമ വ്യവസ്ഥ, മത്സരാധിഷ്ഠിത നയങ്ങളും നിയന്ത്രണങ്ങളും എന്നിവയാണ്. ആറാം ഭാഗത്തില്‍ ആരോഗ്യം, വിദ്യാഭ്യാസം, സമൂഹം കെട്ടിപ്പടുക്കല്‍ എന്നിവയെക്കുറിച്ചും ഏഴാം ഭാഗത്തില്‍ പരിസ്ഥിതി വനമേഖല, ജലസ്രോതസ്സുകളുടെ സുസ്ഥിര നിര്‍വഹണം എന്നിവയെക്കുറിച്ചുമുള്ള നിര്‍ദേശങ്ങള്‍ വ്യക്തമാക്കുന്നു.

യോഗത്തില്‍ നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് കാര്‍ഷികം, ദാരിദ്ര്യ നിര്‍മാര്‍ജനം, ആരോഗ്യം, വിദ്യാഭ്യാസം, ഡിജിറ്റല്‍ പേമെന്റ്, ഓഹരി വില്‍പ്പന, തീരദേശ മേഖല, ദ്വീപുകളുടെ വികസനം തുടങ്ങിയ മേഖലകളെ സംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രത്യേക പരിഗണന നല്‍കേണ്ട ജില്ലകളിലെയും പ്രദേശങ്ങളിലെയും അടിസ്ഥാന സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിന് നിതി ആയോഗ് സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര റവന്യൂ സെക്രട്ടറി ഹഷ്മുഖ് ആദിയ ചരക്ക് സേവന നികുതി (ജിഎസ്ടി) യിലെ പരോക്ഷനികുതി ശേഖരണ സംവിധാനത്തിന്റെ ആനുകൂല്യങ്ങളും മുന്‍കരുതല്‍ മാര്‍ഗവും യോഗത്തില്‍ വിശദീകരിച്ചു. സംസ്ഥാന ജിഎസ്ടി ബില്ലുകളുടെ നിയമനിര്‍മാണത്തെ ത്വരിതപ്പെടുത്തുന്നതിനായി അദ്ദേഹം സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു. ജലസേചനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കല്‍, സാങ്കേതികവിദ്യയുടെ ഉല്‍പ്പാദനവും പ്രചാരണവും, നയവും വിപണി പരിഷ്‌കാരങ്ങളും എന്നിവയെ കുറിച്ചുള്ള നിര്‍ദേശങ്ങളടങ്ങുന്ന റിപ്പോര്‍ട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അവതരിപ്പിച്ചു.

Comments

comments

Categories: Business & Economy