ഇന്ത്യന്‍ മാമ്പഴങ്ങള്‍ ഓസ്‌ട്രേലിയ ഇറക്കുമതി ചെയ്യുന്നു

ഇന്ത്യന്‍ മാമ്പഴങ്ങള്‍ ഓസ്‌ട്രേലിയ ഇറക്കുമതി ചെയ്യുന്നു

ന്യൂഡെല്‍ഹി: പ്രാദേശിക വിപണിയില്‍ ഏഷ്യയില്‍ നിന്നുള്ള പഴങ്ങളുടെ വിപണനം അനുവദിക്കുന്ന തരത്തില്‍ നിയമങ്ങള്‍ പരിഷ്‌കരിച്ച ശേഷം ഇതാദ്യമായി ഓസ്‌ട്രേലിയ ഇന്ത്യയില്‍ നിന്നുള്ള മാമ്പഴങ്ങള്‍ ഇറക്കുമതി ചെയ്യുന്നു. ഇന്ത്യ വിടുന്നതിനു മുമ്പ് എല്ലാ തരത്തിലുള്ള പരിശോധനകള്‍ക്കും ശേഷമായിരിക്കും മാമ്പഴങ്ങള്‍ ഓസ്‌ട്രേലിയയില്‍ എത്തിക്കുകയെന്നാണ് സിന്‍ഹുവാ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ മാമ്പഴ സീസണ്‍ അവസാനിച്ചതിനു ശേഷവും ഓസ്‌ട്രേലിയയില്‍ മാമ്പഴം ലഭ്യമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓസ്‌ട്രേലിയയില്‍ മാമ്പഴ സീസണ്‍ അവസാനിച്ചതിനു ശേഷമായിരിക്കും ഇന്ത്യയില്‍ നിന്നും മാമ്പഴം ഇറക്കുമതി ചെയ്യുകയെനന്നും എല്ലായ്‌പ്പോഴും മാമ്പഴം വിപണിയില്‍ ലഭ്യമാണെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്നും ഓസ്‌ട്രേലിയന്‍ മാന്‍ഗോ ഇന്‍ഡസ്ട്രി അസോസിയേഷന്‍ പ്രതിനിധിയായ റോബര്‍ട്ട് ഗ്രെ പറഞ്ഞു. പഴങ്ങളുടെ ഇറക്കുമതി സംബന്ധിച്ച പ്രോട്ടോകോള്‍ സുരക്ഷിമാണെന്നും രാജ്യത്തിന് അത് ദോഷം ചെയ്യില്ലെന്നുമാണ് ഗ്രെ അഭിപ്രായപ്പെടുന്നത്. മറ്റ് രാജ്യങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ തങ്ങളുടെ വിപണിയിലേക്ക് പ്രവേശിക്കുന്നതിനെ പിന്തുണയ്ക്കുന്നതായും അദ്ദേഹം പറയുന്നു.

അല്‍ഫോന്‍സേ, കേസര്‍ എന്നീ രണ്ട് വിഭാഗങ്ങളില്‍പ്പെട്ട മാമ്പഴങ്ങളാണ് ഓസ്‌ട്രേലിയയിലേക്ക് കയറ്റി അയക്കുന്നതെന്ന് കെ ബീ എക്‌സ്‌പോര്‍ട്ട് ചീഫ് എക്‌സിക്യൂട്ടീവ് കൗശല്‍ കാകര്‍ അറിയിച്ചു. പഴങ്ങളുടെ രാജാവ് എന്നാണ് ഇന്ത്യയില്‍ മാമ്പഴങ്ങള്‍ അറിയപ്പെടുന്നത്. വിവിധയിനം മാമ്പഴങ്ങളില്‍ ഏറ്റവും മികച്ച ഇനമായാണ് അല്‍ഫോന്‍സോ മാമ്പഴം കണക്കാക്കപ്പെടുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ഒന്നാമതുള്ളത് കേസര്‍ മാമ്പഴങ്ങളാണ്. വിലയിലും രുചിയിലും പരിപാലിക്കുന്നതിലും കേസര്‍ മുന്‍പന്തിയിലാണെന്നാണ് ഇന്ത്യന്‍ ഫ്രൂട്ട് എക്‌സ്‌പോര്‍ട്ടര്‍മാരുടെ വാദം.

എല്ലാ തരത്തിലുള്ള ഗുണനിലവാര പരിശോധനകളും ഇന്ത്യന്‍ മാമ്പഴങ്ങള്‍ അതിജീവിച്ചു കഴിഞ്ഞാല്‍ ഓസ്‌ട്രേലിയക്കാര്‍ക്ക് ഇന്ത്യ-ഓസ്‌ട്രേലിയ കരാറിന്റെ പ്രയോജനം ലഭിക്കുമെന്നും കൗശല്‍ കാകര്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ വിപണികളിലൊന്നാണ് ഇന്ത്യ. നിലവില്‍ പ്രതിവര്‍ഷം 200 മുതല്‍ 300 ടണ്‍ വരെ മാമ്പഴമാണ് ഇന്ത്യ യുഎസിലേക്ക് കയറ്റി അയക്കാന്‍ ശ്രമിക്കുന്നത്. സമാനമായ തരത്തിലുള്ള കയറ്റുമതി ഓസ്‌ട്രേലിയയിലേക്കും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഗ്രേ പറഞ്ഞു.

Comments

comments