ഐഡിഎഫ്‌സിക്ക് നവി മുംബൈയില്‍ 1.8 ലക്ഷം ചതുരശ്ര അടി ഓഫീസ് സ്‌പേസ്

ഐഡിഎഫ്‌സിക്ക് നവി മുംബൈയില്‍ 1.8 ലക്ഷം ചതുരശ്ര അടി ഓഫീസ് സ്‌പേസ്

അഞ്ച് വര്‍ഷത്തേക്ക് അറുപത് കോടി രൂപ വാടക നല്‍കേണ്ടിവരും

മുംബൈ : ഐഡിഎഫ്‌സി ബാങ്ക് നവി മുംബൈയില്‍ 1.8 ലക്ഷം ചതുരശ്ര അടി ഓഫീസ് സ്‌പേസ് വാടകയ്‌ക്കെടുത്തു. ഈ വര്‍ഷം ഇതുവരെ രാജ്യത്തെ വലിയ ഓഫീസ് സ്‌പേസ് ഇടപാടുകളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്. കെ രഹേജ കോര്‍പ്പിന്റെ മിക്‌സ്ഡ്-യൂസ് ഡെവലപ്‌മെന്റായ ‘മൈന്‍ഡ്‌സ്‌പേസി’ലാണ് 1.80 ലക്ഷം ചതുരശ്ര അടി വലുപ്പമുള്ള ഓഫീസ് കെട്ടിടം വാടകയ്‌ക്കെടുത്തത്.

അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. ചതുരശ്ര അടിക്ക് ഒരു മാസം 55 രൂപയാണ് ബാങ്ക് വാടക നല്‍കുക. അതായത് അടുത്ത അഞ്ച് വര്‍ഷത്തേക്ക് അറുപത് കോടി രൂപ ഐഡിഎഫ്‌സി ബാങ്ക് വാടകയായി നല്‍കേണ്ടിവരും. ഐഡിഎഫ്‌സി ബാങ്ക് രാജ്യത്തെ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്നത് ഇവിടെനിന്നായിരിക്കും. ആദ്യഘട്ടമായി ഒരു മാസത്തിനകം ഒരു ലക്ഷം ചതുരശ്ര അടിയില്‍ പ്രവര്‍ത്തനമാരംഭിക്കും.

ആകെ ഏഴ് മില്യണ്‍ ചതുരശ്ര അടി വലുപ്പം വരുന്ന മിക്‌സ്ഡ്-യൂസ് പ്രോജക്റ്റ് 2,500 കോടി രൂപ ചെലവഴിച്ചാണ് കെ രഹേജ കോര്‍പ്പ് നിര്‍മ്മിക്കുന്നത്. നവി മുംബൈ ജുയി നഗറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പ്രോജക്റ്റ് പൂര്‍ത്തിയാകുമ്പോള്‍ 5-6 വര്‍ഷമെടുക്കും. പ്രത്യേക സാമ്പത്തിക മേഖല, സോഫ്റ്റ്‌വെയര്‍ ടെക്‌നോളജി പാര്‍ക്, റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ തുടങ്ങിയവ ഈ മിക്‌സ്ഡ്-യൂസ് പ്രോജക്റ്റിലുണ്ടാകും. പ്രോജക്റ്റിന്റെ ഒരു ഭാഗത്ത് സ്വിസ് ബാങ്കായ യുബിഎസ്സും ഓഫീസ് തുറന്നിരുന്നു.

Comments

comments

Categories: Business & Economy