എന്‍ട്രി-ലെവല്‍ സെഡാനുകളുടെ കുടമാറ്റം

എന്‍ട്രി-ലെവല്‍ സെഡാനുകളുടെ കുടമാറ്റം

ഈ വര്‍ഷം ഇന്ത്യന്‍ വിപണിയിലെത്തുന്നത് അര ഡസനോളം പുതിയ എന്‍ട്രി-ലെവല്‍ സെഡാന്‍

ന്യൂ ഡെല്‍ഹി : മാര്‍ക്കറ്റ് ലീഡറായ മാരുതി സുസുകി ഉള്‍പ്പെടെയുള്ള കാര്‍ നിര്‍മ്മാതാക്കള്‍ ഈ വര്‍ഷം ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നത് അര ഡസനോളം പുതിയ എന്‍ട്രി-ലെവല്‍ സെഡന്‍. ഇതോടെ എന്‍ട്രി-ലെവല്‍ സെഗ്‌മെന്റില്‍ മത്സരം പൊടിപാറും. മാരുതി സുസുകിയുടെ ന്യൂ-ജെന്‍ ഡിസൈര്‍, ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ എക്‌സെന്റ്, ടാറ്റ മോട്ടോഴ്‌സിന്റെ ടിഗോര്‍, ഷെവര്‍ലെയുടെ ബീറ്റ് എസന്‍ഷ്യ, ഫോര്‍ഡിന്റെ ഫേസ്‌ലിഫ്റ്റഡ് ആസ്പയര്‍ തുടങ്ങിയ മോഡലുകളാണ് ഈ വര്‍ഷം ഇന്ത്യ പിടിക്കാന്‍ രംഗത്തുവരുന്നത്.

എന്‍ട്രി-ലെവല്‍ സെഡാന്‍ സെഗ്‌മെന്റില്‍ നിലവില്‍ അമ്പത് ശതമാനം വിപണി വിഹിതം മാരുതി സുസുകിക്കാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാരുതി സുസുകിയുടെ 1,99,878 സെഡാന്‍ കാറുകളാണ് വിറ്റുപോയത്. 47,614 ഹ്യുണ്ടായ് എക്‌സെന്റും 33,756 ഹോണ്ട അമേസ് കാറുകളും വിറ്റുപോയി. മാര്‍ക്കറ്റ് ലീഡറായ സ്വിഫ്റ്റ് ഡിസൈറിനേക്കാള്‍ 65,000-83,000 രൂപ കുറവാണ് ടാറ്റ ടിഗോറിന്റെ വില. ഹ്യുണ്ടായ് കഴിഞ്ഞ വ്യാഴാഴ്ച്ച എക്‌സെന്റ് അവതരിപ്പിച്ചിരുന്നു. ഡെല്‍ഹി എക്‌സ്-ഷോറൂം വില 5.38-8.41 ലക്ഷം രൂപ. ഇന്ത്യന്‍ കാര്‍ വിപണിക്ക് നേതൃത്വം നല്‍കുന്ന മാരുതി സുസുകി അടുത്ത മാസം പുതു തലമുറ ഡിസൈര്‍ പുറത്തിറക്കും.

പ്രീമിയം ഹാച്ച്ബാക്ക്, ചെറു എസ്‌യുവി സെഗ്‌മെന്റുകളില്‍ പുതിയ മോഡലുകള്‍ രംഗത്തെത്തിയതിനെതുടര്‍ന്ന് എന്‍ട്രി-ലെവല്‍ സെഡാന്‍ വിപണിയുടെ ആവേശം ചോര്‍ന്നിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് പുതിയ ഉല്‍പ്പന്ന ഇടപെടലുകള്‍ക്ക് കാര്‍ നിര്‍മ്മാതാക്കള്‍ തയ്യാറാവുന്നത്. 2014-15 ല്‍ എന്‍ട്രി-ലെവല്‍ സെഡാന്‍ സെഗ്‌മെന്റ് 20 ശതമാനം വില്‍പ്പന വളര്‍ച്ച കൈവരിച്ചെങ്കില്‍ (4,27,331 യൂണിറ്റ്) തൊട്ടടുത്ത വര്‍ഷം വില്‍പ്പന വളര്‍ച്ച മൂന്ന് ശതമാനത്തിലേക്ക് കൂപ്പുകുത്തി. 2016-17 വര്‍ഷത്തില്‍ വില്‍പ്പന 8.7 ശതമാനം ഇടിഞ്ഞ കാഴ്ച്ചയാണ് കണ്ടത്. വിറ്റതാകട്ടെ 4,02,608 എന്‍ട്രി-ലെവല്‍ സെഡാന്‍.

കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയും ബ്രാന്‍ഡിംഗ്/വിപണന തന്ത്രങ്ങള്‍ മാറ്റിപ്പിടിച്ചും ഉപഭോക്താക്കളെ തിരികെയെത്തിക്കുന്നതിനാണ് കാര്‍ നിര്‍മ്മാതാക്കള്‍ പുതിയ ഉല്‍പ്പന്നങ്ങളുമായി വരുന്നത്. ഫഌറ്റ് ഓപ്പറേറ്റര്‍മാരേക്കാള്‍ വ്യക്തിഗത ഉപഭോക്താക്കളെ ലക്ഷ്യം വെച്ചാണ് മാരുതി സുസുകി പുതിയ ഡിസൈര്‍ അവതരിപ്പിക്കുന്നത്. പഴയ തലമുറ സ്വിഫ്റ്റ് ഡിസൈര്‍ ടാക്‌സി ഓപ്പറേറ്റര്‍മാര്‍ക്ക് വില്‍ക്കുന്നത് തുടരും. സ്വിഫ്റ്റ് ഡിസൈര്‍ വാങ്ങുന്നവരില്‍ 44 ശതമാനം പേരും ആദ്യമായി വാങ്ങുന്നവരാണ്.

സമാനമായി ‘പ്രൈം’ ബ്രാന്‍ഡില്‍ ഹ്യുണ്ടായ് പഴയ എക്‌സെന്റ് ഫഌറ്റ് ഓപ്പറേറ്റര്‍മാര്‍ക്ക് വില്‍ക്കും. പുതിയ എക്‌സെന്റ് വ്യക്തിഗത ഉപഭോക്താക്കളെ ലക്ഷ്യം വെച്ചുള്ളതാണ്. രണ്ട് എക്‌സെന്റും കൂടി പ്രതിമാസം 5,000 യൂണിറ്റ് വില്‍ക്കാമെന്നാണ് ഹ്യുണ്ടായ് കണക്കുകൂട്ടുന്നത്. സബ്-4 മീറ്റര്‍ സെഡാനായ സെസ്റ്റിനെ ഫഌറ്റ് വിപണിയിലേക്ക് മാറ്റിയതായി ടിഗോര്‍ പുറത്തിറക്കിയശേഷം ടാറ്റ മോട്ടോഴ്‌സ് വ്യക്തമാക്കിയിരുന്നു. ഫാമിലി, കാബ് സെഗ് മെന്റുകള്‍ക്കായി ടൊയോട്ട എറ്റിയോസ് പ്ലാറ്റിനം ആണ് കൊണ്ടുവന്നത്.

Comments

comments

Categories: Auto