ചൈനയില്‍ ഇലക്ട്രിക് വാഹന വില്‍പ്പന ഉഷാറാകും

ചൈനയില്‍ ഇലക്ട്രിക് വാഹന വില്‍പ്പന ഉഷാറാകും

‘ന്യൂ എനര്‍ജി’ വാഹനങ്ങളുടെ വില്‍പ്പന കഴിഞ്ഞ വര്‍ഷം 53 ശതമാനം വര്‍ധിച്ചു

ഷാങ്ഹായ് : ചൈനയിലെ ഇലക്ട്രിക് കാര്‍ വിപണി ഇപ്പോള്‍തന്നെ ലോകത്തെ ഏറ്റവും വലുതാണ്. വാഹന നിര്‍മ്മാതാക്കള്‍ക്കുമേല്‍ ചൈനീസ് ഗവണ്‍മെന്റ് നടപ്പാക്കുന്ന ‘ന്യൂ എനര്‍ജി’ വെഹിക്ക്ള്‍ ക്വോട്ട രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതിന് ഇടയാക്കും. ഷാങ്ങ്ഹായ് ഓട്ടോ ഷോയില്‍ പ്രമുഖ വാഹന നിര്‍മ്മാതാക്കളെല്ലാം തന്നെ ചൈനയിലെ തങ്ങളുടെ ഇലക്ട്രിക് വാഹന പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു പക്ഷേ ഇനി ചൈനയില്‍ ഇലക്ട്രിക് കാറുകളെ മുട്ടി നടക്കാന്‍ പറ്റാത്ത സ്ഥിതിയാകും.

2019 ല്‍ തങ്ങളുടെ ആദ്യ 100 ശതമാന ഇലക്ട്രിക് കാര്‍ ചൈനയില്‍ അവതരിപ്പിക്കുമെന്ന് വോള്‍വോ വ്യക്തമാക്കിക്കഴിഞ്ഞു. 2018 തുടക്കത്തില്‍ ഫോര്‍ഡ് അവരുടെ ആദ്യ ഹൈബ്രിഡ് വാഹനം ചൈനയില്‍ പുറത്തിറക്കും. 2025 ഓടെ ചൈനയിലെ തങ്ങളുടെ കാറുകളില്‍ 70 ശതമാനത്തിലും ഇലക്ട്രിക് ഓപ്ഷന്‍ ഫോര്‍ഡ് ഉറപ്പുവരുത്തും.

മലിനീകരണം സൃഷ്ടിക്കാത്ത ഇലക്ട്രിക് വ്യവസായം ചൈനയില്‍ വലിയ കുതിച്ചുചാട്ടത്തിനാണ് തയ്യാറെടുക്കുന്നതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇലക്ട്രിക് കാറുകളുടെ നിര്‍മ്മാണ ചെലവ് കുറയുമെന്നും കൂടുതല്‍ പേര്‍ ഇത്തരം കാറുകള്‍ വാങ്ങുമെന്നും ഇവര്‍ പറഞ്ഞു. ഫലത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ തലങ്ങും വിലങ്ങുമോടുന്നതിന് ചൈനീസ് നഗരങ്ങള്‍ സാക്ഷ്യം വഹിക്കും.

ചൈനയിലെ ‘ന്യൂ എനര്‍ജി’ വാഹനങ്ങളുടെ വില്‍പ്പന കഴിഞ്ഞ വര്‍ഷം 53 ശതമാനം വര്‍ധിച്ചിരുന്നു. 5,07,000 ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റത്. സര്‍ക്കാര്‍ സബ്‌സിഡികളാണ് വില്‍പ്പന വര്‍ധിക്കുന്നതിന് സഹായിച്ചത്. പ്ലഗ്-ഇന്‍ ഇലക്ട്രിക് വാഹനങ്ങളെയും ബാറ്ററി ഇലക്ട്രിക് വാഹനങ്ങളെയും പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളെയുമാണ് ചൈനീസ് ന്യൂ എനര്‍ജി വെഹിക്ക്‌ളെന്ന് (എന്‍ഇവി) വിളിക്കുന്നത്. 2016 ല്‍ 24.38 മില്യണ്‍ പാസഞ്ചര്‍ കാറുകളാണ് ചൈനയില്‍ വിറ്റത്. വിവിധ ലോക വിപണികളില്‍ ഈ കണക്കുകള്‍ ചൈനയെ മുന്നിലെത്തിച്ചു.

വാഹനങ്ങള്‍ പുറന്തള്ളുന്ന പുക സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണം ചൈനയില്‍ ജനജീവിതം ദുസ്സഹമാക്കിയിരുന്നു. ഇതില്‍നിന്ന് രക്ഷ നേടുന്നതിന് ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിച്ച സര്‍ക്കാര്‍ ഇത്തരം വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് സബിസിയും പ്രഖ്യാപിച്ചു. പിന്നീട് ഈ വര്‍ഷം ആനുകൂല്യങ്ങള്‍ കുറച്ചുകൊണ്ടുവന്നത് ഇലക്ട്രിക് വാഹന വില്‍പ്പന കുറയുന്നതിന് ഇടയാക്കി. പകരം വാഹന നിര്‍മ്മാതാക്കളെ ശാക്തീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.

2018 കാലാവധി നിശ്ചയിച്ച് വാഹന നിര്‍മ്മാതാക്കള്‍ക്ക് ‘ഗ്രീന്‍’ വാഹനോല്‍പ്പാദന ക്വോട്ട സര്‍ക്കാര്‍ കഴിഞ്ഞ സെപ്റ്റംബറില്‍ നിശ്ചയിച്ചുനല്‍കുകയായിരുന്നു. മാര്‍ക്കറ്റ് ലീഡറായ ഫോക്‌സ്‌വാഗണ്‍ 2016 ല്‍ നാല്‍പ്പത് ലക്ഷം കാറുകളാണ് ചൈനയില്‍ വിറ്റത്. ഇതില്‍ നൂറുകണക്കിന് എണ്ണം മാത്രമായിരുന്നു ന്യൂ എനര്‍ജി വാഹനങ്ങള്‍. ജര്‍മ്മന്‍ വാഹനനിര്‍മ്മാതാക്കള്‍ അടുത്ത വര്‍ഷം ചൈനയില്‍ ഇലക്ട്രിക് കാര്‍ നിര്‍മ്മിച്ചുതുടങ്ങും. ചൈനീസ് കമ്പനിയായ ജെഎസി മോട്ടോഴ്‌സുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭമായിരിക്കുമിത്.

2020 ഓടെ ചൈനയില്‍ നാല് ലക്ഷം ന്യൂ എനര്‍ജി വാഹനങ്ങള്‍ വില്‍ക്കുകയാണ് ലക്ഷ്യമെന്ന് ഫോക്‌സ്‌വാഗണ്‍ ചൈന സിഇഒ ജോഷെം ഹിസ്മാന്‍ പറഞ്ഞു. ക്വോട്ട സിസ്റ്റം പൂര്‍ണ്ണമായും പാലിക്കുമെന്ന് ഹിസ്മാന്ഡ വ്യക്തമാക്കി. ചൈനയില്‍ കുറഞ്ഞത് പത്ത് ന്യൂ എനര്‍ജി വാഹനങ്ങള്‍ അവതരിപ്പിക്കുമെന്ന് ജനറല്‍ മോട്ടോഴ്‌സ് വ്യക്തമാക്കി. 2020 ഓടെ പ്രതിവര്‍ഷം ഒന്നര ലക്ഷം വാഹനങ്ങള്‍ വില്‍ക്കുകയാണ് ലക്ഷ്യം. ചൈനീസ് നിര്‍മ്മാതാക്കള്‍ തന്നെയാണ് രാജ്യത്തെ വാഹന വിപണിയില്‍ അധീശത്വം പുലര്‍ത്തുന്നത്. ബിവൈഡി എന്ന വാഹന നിര്‍മ്മാതാക്കള്‍ കഴിഞ്ഞ വര്‍ഷം 96,000 ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റത്.

Comments

comments

Categories: Auto