സംരക്ഷണവാദം ലോക സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കും: ജയ്റ്റ്‌ലി

സംരക്ഷണവാദം ലോക സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കും: ജയ്റ്റ്‌ലി

നിഷ്‌ക്രിയാസ്തികളുടെ കാര്യത്തില്‍ ഇന്ത്യ ജാഗ്രത പുലര്‍ത്തുന്നു

ന്യൂഡെല്‍ഹി: ആഗോള വ്യാപകമായി ഉയര്‍ന്നുവരുന്ന സംരക്ഷണവാദ മുറവിളികള്‍ ലോക സമ്പദ്ഘടനയെയും ജനങ്ങളുടെ ക്ഷേമത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുന്നതും അസമത്വം ഉയര്‍ത്തുന്നതുമായ നടപടികളില്‍ നിന്നും ലോകത്തെ സംരക്ഷിക്കുന്നതിന് രാഷ്ട്രങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന് ലോക ബാങ്ക്- ഐഎംഎഫ് വാര്‍ഷിക സമ്മേളനത്തിന്റെ സമാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസിത സമ്പദ്ഘടനകള്‍ മുന്നോട്ടുവെക്കുന്ന സാമ്പത്തിക നിലപാടുകളുടെ അനന്തരഫലം, സാധനങ്ങളുടെ വിലയിലുണ്ടാകുന്ന സമ്മര്‍ദം, വര്‍ധിക്കുന്ന സംരക്ഷണവാദ നീക്കങ്ങള്‍ തുടങ്ങിയ വെല്ലുവിളികള്‍ ആഗോള വളര്‍ച്ചയിലെ ആത്മവിശ്വാസം കെടുത്തുന്നുണ്ടെന്നാണ് ജയ്റ്റ്‌ലിയുടെ വാദം. വികസിത രാഷ്ട്രങ്ങളുടെ പ്രധാനമായും യുഎസിന്റെ സാമ്പത്തിക പശ്ചാത്തലത്തില്‍ ദൃശ്യമായിട്ടുള്ള പുരോഗതിയുടെ അടിസ്ഥാനത്തില്‍ 2017ല്‍ ആഗോള വളര്‍ച്ചയുടെ വേഗം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജയ്റ്റ്‌ലി അറിയിച്ചു.

ഈ സാഹചര്യത്തില്‍ ആഗോള സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനത്തെ പിന്തുണയ്ക്കുന്ന ശ്രമങ്ങള്‍ ശക്തമാക്കേണ്ടത് അനിവാര്യമാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നടന്ന ജി-20 യോഗം വാഗ്ദാനം ചെയ്തത് പോലെ വളര്‍ച്ചാ സൗഹൃദ നയങ്ങള്‍ ഏറ്റെടുക്കുകയും സ്വതന്ത്രവും നീതിയുക്തവുമായ വ്യാപാര പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് ജയ്റ്റ്‌ലി ആവശ്യപ്പെട്ടു. ആഗോള ആവശ്യകത പരിപോഷിക്കുന്നതില്‍ വികസിത രാഷ്ട്രങ്ങള്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്നും ധനമന്ത്രി യോഗത്തില്‍ പറഞ്ഞു. 2017-2018 സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 7.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് കഴിഞ്ഞ ദിവസം ജയ്റ്റ്‌ലി പറഞ്ഞിരുന്നു. ഇന്ത്യന്‍ ബാങ്കുകള്‍ വലിയ മൂലധന ശേഷി കൈവരിക്കുന്നതായും നിഷ്‌ക്രിയാസ്തികളുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അതീവ ശ്രദ്ധചെലുത്തുന്നതായും ജയ്റ്റ്‌ലി സമ്മേളനത്തില്‍ അറിയിച്ചു.

ഐടി പ്രൊഫഷണലുകളുടെ കുടിയേറ്റം നിയന്ത്രിക്കുന്നതിന് യുഎസ്, ഓസ്‌ട്രേലിയ, ന്യൂസ്‌ലന്‍ഡ് തുടങ്ങിയ വികസിത രാജ്യങ്ങളില്‍ വളര്‍ന്നു വരുന്ന പ്രവണതകളില്‍ ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു. ആയിരക്കണക്കിന് കംപ്യൂട്ടര്‍ പ്രോഗ്രാമര്‍മാരെയും കണ്‍സള്‍ട്ടന്റുകളെയും വിദേശത്തേക്ക് അയക്കുന്ന ഇന്ത്യന്‍ ടെക്‌നോളജി കമ്പനികള്‍ക്ക് ഇത്തരം നീക്കങ്ങള്‍ തിരിച്ചടിയാകുമെന്നും ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതില്‍ വിദഗ്ധരായ തൊഴിലാളികളുടെ അഭാവം വിവിധ വിപണികളില്‍ പ്രതിഫലിക്കുമെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. എച്ച് 1ബി വിസാ നയം സംബന്ധിച്ച യുഎസിന്റെ നിലപാടുകളില്‍ ഇന്ത്യയുടെ ആശങ്ക അറിയിക്കുന്നതിനായി കഴിഞ്ഞ ദിവസം യുഎസ് വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസുമായും അരുണ്‍ ജയ്റ്റ്‌ലി കൂടിക്കാഴ്ച നടത്തിയിരുന്നു. എച്ച് 1ബി വിസ നിയന്ത്രണങ്ങള്‍ ഇന്ത്യന്‍ ഐടി മേഖലയെ പ്രതിസന്ധിയിലാക്കുമെന്ന് റോസുമായുള്ള ചര്‍ച്ചയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടു.

യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മുച്ചിനുമായും ജയ്റ്റ്‌ലി ചര്‍ച്ച നടത്തിയിരുന്നു. ഭീകരവാദത്തിന്റെ സാമ്പത്തിക സ്രോതസ്സുകളുയര്‍ത്തുന്ന പ്രശ്‌നങ്ങളും ചര്‍ച്ചയില്‍ പ്രതിപാദിച്ചതായാണ് വിവരം. ഭീകരവാദത്തെ ചെറുക്കുന്നതിന് ഇന്ത്യ കൈകൊണ്ടിട്ടുള്ള നീക്കങ്ങളെ സ്റ്റീവന്‍ മുച്ചിന്‍ പ്രശംസിച്ചതായി ജയ്റ്റ്‌ലി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

Comments

comments

Categories: Business & Economy, World