പതഞ്ജലിയുടെ ലക്ഷ്യം ഭക്ഷ്യസംസ്‌കരണ വിപണിയില്‍ 20% വിപണിവിഹിതം

പതഞ്ജലിയുടെ ലക്ഷ്യം ഭക്ഷ്യസംസ്‌കരണ വിപണിയില്‍ 20% വിപണിവിഹിതം

5,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പതഞ്ജലി പദ്ധതിയിടുന്നു

ന്യൂഡെല്‍ഹി: രാജ്യത്തെ പ്രമുഖ എഫ്എംസിജി കമ്പനിയായ പതഞ്ജലി ആയുര്‍വേദ നിലവിലെ സാമ്പത്തിക വര്‍ഷം ഭക്ഷ്യ സംസ്‌കരണ വിപണിയിലെ വിപണിവിഹിതം ഇരട്ടിയാക്കാന്‍ ലക്ഷ്യമിടുന്നു. യോഗ ഗുരു രാംദേവിന്റെ ഉടമസ്ഥതയിസലുള്ള കമ്പനി വിവിധ യൂണിറ്റുകളുടെ വിപൂലീകരണത്തിനായി 5,000 കോടി രൂപ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നുണ്ട്. കൂടാതെ പുതിയ യൂണിറ്റുകള്‍ തുറക്കുന്നതിനും നിലവിലെ യൂണിറ്റുകളുടെ ശേഷി ഉയര്‍ത്തുന്നതിനുമായി നിര്‍ദിഷ്ട ഫണ്ടിന്റെ ഗണ്യമായൊരുഭാഗം നീക്കിവെ്ക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

ഏകദേശം 85,000 കോടി രൂപയുടേതാണ് ഇന്ത്യയിലെ ഭക്ഷ്യ സംസ്‌കരണ വ്യവസായം. ഇതില്‍ കമ്പനിയുടെ നിലവിലെ വിപിണിവിഹിതം ഏതാണ്ട് 10 ശതമാനമാണ്. നടപ്പു സാമ്പത്തിക വര്‍ഷം ഇത് 20 ശതമാനമാക്കി ഇരട്ടിപ്പിക്കാനാണ് കമ്പനി തീരുമാനമെന്ന് പതഞ്ജലി ആയുര്‍വേദയുടെ മാനേജിംഗ് ഡയറക്റ്ററായ ആചാര്യ ബാലകൃഷ്ണ പറഞ്ഞു. വരും വര്‍ഷങ്ങളില്‍ ഭക്ഷ്യ സംസ്‌കരണ വ്യവസായത്തിന് കമ്പനിയുടെ പരമാവധി സംഭാവന നല്‍കാന്‍ പരിശ്രമിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭക്ഷ്യ സംസ്‌കരണ വ്യവസായം കര്‍ഷകര്‍ക്ക് മികച്ച വില നല്‍കുക മാത്രമല്ല മറിച്ച് രാജ്യത്ത് ഗുണമേന്മയുള്ള ഭക്ഷ്യോല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിന് അവരെ സഹായിക്കുകയും വേണമെന്ന് ബാലകൃഷ്ണ പറഞ്ഞു. ആഗോളതലത്തില്‍ 90 ശതമാനം ഭക്ഷണം സംസ്‌കരിക്കുന്നുണ്ട്. ചൈനയെ പോലുള്ള രാജ്യങ്ങള്‍ ഏതാണ്ട് 40 ശതമാനം ഭക്ഷണവും സംസ്‌കരിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ വെറും ആറു ശതമാനം മാത്രമാണ് ഭക്ഷണവും പച്ചക്കറികളും സംസ്‌കരിക്കുന്നത്. 35 ശതമാനം ഭക്ഷണവും പാഴാകുകയാണ്.

ഇത് സംസ്‌കരണത്തിലൂടെ സംരക്ഷിക്കപ്പെടുന്നില്ല. ഭക്ഷ്യ സംസ്‌കരണം ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്ന പ്രവണതയെ എതിരിടാന്‍ സഹായകരമാകും. ഇത് രാജ്യത്ത് വ്യാപകമാണ്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോതമ്പ്, അരി, ചോളം തുടങ്ങിയ ധാന്യങ്ങളും പയറുവര്‍ഗ്ഗങ്ങളുമാണ് പതഞ്ജലി നിലവില്‍ ഉപയോഗിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി 10,000 കോടി രൂപയുടെ വില്‍പ്പന നടത്തിയിരുന്നു.

Comments

comments