എഐഎഡിഎംകെ ലയനത്തിനു സാധ്യത വര്‍ധിച്ചു : ശശികല പുറത്താകും

എഐഎഡിഎംകെ ലയനത്തിനു സാധ്യത വര്‍ധിച്ചു : ശശികല പുറത്താകും

ചെന്നൈ: എഐഎഡിഎംകെയില്‍ ചേരിതിരിഞ്ഞ രണ്ടു വിഭാഗങ്ങള്‍ ഒരുമിക്കാനുള്ള സാധ്യത വര്‍ധിച്ചു. ഇതോടെ പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിനു നേതൃത്വം നല്‍കിയ ശശികല പുറത്താകുമെന്നും ഉറപ്പായി. ലയന ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി പളനിസ്വാമി ഏഴംഗ സമിതി രൂപീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം പനീര്‍സെല്‍വം മുന്നോട്ടുവച്ച നിബന്ധനകള്‍ മന്ത്രിമാരായ ഡി ജയകുമാര്‍, എസ് പി വേലുമണി, സി വി ഷണ്‍മുഖം, രാജ്യസഭാ എംപി ആര്‍ വൈദ്യലിംഗം തുടങ്ങിയവരുമായി പളനിസ്വാമി ചര്‍ച്ച ചെയ്യുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണു സമവായത്തിലെത്തി ചേര്‍ന്നത്.

തിങ്കളാഴ്ച രാത്രിയാണു ശശികല ക്യാംപിലെ ഭൂരിഭാഗം പേരും യോഗം ചേര്‍ന്നു പനീര്‍സെല്‍വവുമായി രമ്യതയിലെത്തണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പനീര്‍സെല്‍വവുമായി ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചു. മാനദണ്ഡങ്ങളൊന്നുമില്ലാതെയാണു ചര്‍ച്ചയ്ക്കു തയാറായത്. എന്നാല്‍ ശശികലയെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കം ചെയ്യാതെ ചര്‍ച്ചയ്ക്കില്ലെന്നു പനീര്‍സെല്‍വം അറിയിച്ചു.

മാത്രമല്ല ശശികലക്കെതിരേ സിബിഐ അന്വേഷണം നടത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുകയും വേണമെന്ന നിലപാട് പനീര്‍സെല്‍വം സ്വീകരിച്ചതോടെ ലയന സാധ്യതകള്‍ മങ്ങുമെന്ന് ഒരു ഘട്ടത്തില്‍ തോന്നിപ്പിക്കുകയും ചെയ്തു. എന്നാല്‍ മുഖ്യമന്ത്രി ഇടപ്പാടി പളനിസ്വാമി അടക്കമുള്ള മുന്‍നിര നേതാക്കള്‍ പനീര്‍സെല്‍വത്തിന്റെ ഡിമാന്‍ഡ് അംഗീകരിക്കുകയായിരുന്നു. പനീര്‍സെല്‍വത്തെ മയപ്പെടുത്തുന്നതിന്റെ ഭാഗമായി എതിര്‍ ചേരിയിലുള്ളവര്‍ കഴിഞ്ഞ ദിവസം എഐഎഡിഎംകെ ശശികല വിഭാഗം പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും ടിടിവി ദിനകരനെ നീക്കം ചെയ്തിരുന്നു.

Comments

comments

Categories: Politics