കിട്ടാക്കടം, പ്രശ്‌നപരിഹാരം ഉടനെന്ന് എസ്.എസ് മുന്ദ്ര

കിട്ടാക്കടം, പ്രശ്‌നപരിഹാരം ഉടനെന്ന് എസ്.എസ് മുന്ദ്ര
2016 മാര്‍ച്ച് അവസാനം പൊതുമേഖലാ ബാങ്കുകളുടെ അറ്റ നിഷ്‌ക്രിയ ആസ്തി 5.02
ലക്ഷം കോടി രൂപ ആയിരുന്നു. 2016 ഡിസംബര്‍ ആയപ്പോഴേക്കും ഇത് 6.06 ലക്ഷം
കോടി രൂപയായി ഉയര്‍ന്നു

ന്യൂഡെല്‍ഹി: ബാങ്കിംഗ് മേഖലയിലെ അറ്റ നിഷ്‌ക്രിയ ആസ്തിയുടെ പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടി വൈകാതെ സര്‍ക്കാര്‍ പദ്ധതി അവതരിപ്പിക്കുമെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ എസ് എസ് മുന്ദ്ര. കൃത്യമായ ഒരു സമയം നിര്‍വചിക്കുക പ്രയാസമാണ്. എന്നാല്‍ അത് വളരെ അടുത്ത് തന്നെയുണ്ട്. വളരെ ഗൗരവപരമായ ഇടപെടലുകള്‍ ഇതിനു വേണ്ടി നടക്കുന്നുണ്ട്. പ്രശ്‌നപരിഹാരം തേടി നിരവധി ചര്‍ച്ചകളും ഇതിനോടകം തന്നെ നടന്നു കഴിഞ്ഞു. അത് അനിശ്ചിതകാലത്തേക്ക് നീണ്ടു നില്‍ക്കുന്നതോ വൈകിപ്പിക്കേണ്ടതോ ആയ വിഷയമല്ല-അദ്ദേഹം പറഞ്ഞു.

ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കിട്ടാക്കടം സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 2016 മാര്‍ച്ച് അവസാനം പൊതുമേഖലാ ബാങ്കുകളുടെ അറ്റ നിഷ്‌ക്രിയ ആസ്തി 5.02 ലക്ഷം കോടി രൂപ ആയിരുന്നത് 2016 ഡിസംബര്‍ ആയപ്പോഴേക്കും 6.06 ലക്ഷം കോടി രൂപയായി ഉയര്‍ന്നിരുന്നു.

ബാങ്കുകളുടെ കിട്ടാക്കടം കുമിഞ്ഞുകൂടുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ റിസര്‍വ് ബാങ്കുമായി സഹകരിച്ച് ഉടനടി പരിഹാരം കണ്ടെത്തുമെന്നും ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തവരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി തിരിച്ചടവിനുള്ള വഴികള്‍ തേടുമെന്നും കഴിഞ്ഞ മാസം കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു. പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കടത്തിന് ഉത്തരവാദികള്‍ ഏകദേശം 30 മുതല്‍ 50 കമ്പനികളാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം അവയുടെ എക്കൗണ്ടുകളില്‍ നിന്ന് തന്നെ പ്രശ്‌നപരിഹാരം കണ്ടെത്തുമെന്നും കൂട്ടിച്ചേര്‍ത്തിരുന്നു.

Comments

comments

Categories: Banking