ഇന്റര്‍നെറ്റ് സജ്ജ സംസ്ഥാനങ്ങളില്‍ കേരളം നാലാമത്

ഇന്റര്‍നെറ്റ് സജ്ജ സംസ്ഥാനങ്ങളില്‍ കേരളം നാലാമത്

കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്തായിരുന്ന മഹാരാഷ്ട്ര ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് സജ്ജമായ സംസ്ഥാനവും കേന്ദ്രഭരണപ്രദേശവും ഡെല്‍ഹിയാണെന്ന് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബീല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ(ഐഎഎംഎഐ), നീല്‍സെന്‍ എന്നീ സ്ഥാപനങ്ങളുടെ സംയുക്ത റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്തായിരുന്ന മഹാരാഷ്ട്ര ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ‘ഇന്‍ഡെക്‌സ് ഓഫ് ഇന്റര്‍നെറ്റ് റെഡിനെസ് ഓഫ് ഇന്ത്യന്‍ സ്റ്റേറ്റ്‌സ്’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ കേരളം നാലാംസ്ഥാനത്താണ്. ഈ വിഷയത്തില്‍ കര്‍ണാടക രണ്ടാം സ്ഥാനവും തമിഴ്‌നാട് അഞ്ചാം സ്ഥാനവും നേടി. കേന്ദ്രഭരണപ്രദേശങ്ങളില്‍ ചണ്ഢീഗഡും പുതുച്ചേരിയുമാണ് ഡെല്‍ഹിക്ക് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്.

ഇന്റര്‍നെറ്റ് സജ്ജതയുടെ കാര്യത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ പിന്നിലാണെന്നും അതിനാല്‍ ഈ മേഖലയിലെ അടിസ്ഥാനസൗകര്യങ്ങളും നിക്ഷേപവും വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. നാഗാലന്‍ഡാണ് ഈ മേഖലയിലെ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് സജ്ജമായ സംസ്ഥാനം. മണിപ്പൂര്‍ രണ്ടാം സ്ഥാനത്തും ത്രിപുര മൂന്നാം സ്ഥാനത്തുമാണ്്. ഇ-ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍ഡെക്‌സ്, ഇ-പാര്‍ട്ടിസിപ്പേഷന്‍ ഇന്‍ഡെക്‌സ്, ഐടി എന്‍വിയോണ്‍മെന്റ് ആന്‍ഡ് ഗവണ്‍മെന്റ് ഇ-സര്‍വീസ് ഇന്‍ഡെക്‌സ്, കോര്‍ ഇന്റര്‍നെറ്റ് എന്നീ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നടന്നത്.

ഐടി ആന്‍ഡ് ഇലക്ട്രോണിക്‌സ് മന്ത്രാലയം സെക്രട്ടറി അരുണാ സുന്ദരരാജനാണ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തത്. ആഗോളതലത്തില്‍ അതിവേഗത്തില്‍ ഡിജിറ്റല്‍വല്‍ക്കരണം നടന്നുകൊണ്ടിരിക്കുന്ന സമ്പ്ദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയെന്നും ടെലികോം മേഖലയാണ് ഈ മാറ്റത്തിന് ചുക്കാന്‍ പിടിക്കുന്നതെന്നും അരുണാ സുന്ദരരാജന്‍ അഭിപ്രായപ്പെട്ടു. അടുത്ത ആറു വര്‍ഷത്തിനുള്ളില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയുടെ കാര്യത്തില്‍ ആഗോളതലത്തിലെ 155-ാം സ്ഥാനത്തു നിന്നും അഞ്ചാം സ്ഥാനത്തേക്ക് ഇന്ത്യക്ക് ഉയരാനാകുമെന്നാണ് പ്രതീക്ഷ.

നോട്ട് അസാധുവാക്കല്‍ നടപടിയോടനുബന്ധിച്ച് ഡിജിറ്റല്‍ പണമിടപാടുകള്‍ വന്‍തോതില്‍ വര്‍ധിച്ചതായാണ് കാണുന്നത്. 1.5 ലക്ഷം പിഒഎസ് മെഷീനുകളുണ്ടായിരുന്ന രാജ്യത്ത് നോട്ട് അസാധുവാക്കലിനുശേഷം ഇത് മൂന്നു ദശലക്ഷം ആയി വര്‍ധിച്ചതായും അവര്‍ പറഞ്ഞു.

Comments

comments

Categories: Tech