ടൂറിസം ഏജന്‍സികളില്‍ ഒറ്റവാക്കായി ഇന്റര്‍സൈറ്റ്

ടൂറിസം ഏജന്‍സികളില്‍ ഒറ്റവാക്കായി ഇന്റര്‍സൈറ്റ്
ആഗോള വിനോദസഞ്ചാര രംഗത്ത് കേരളം സ്ഥാനം പിടിച്ചപ്പോള്‍ തനതു വഴി 
വെട്ടിത്തുറന്നാണ് എബ്രഹാം ജോര്‍ജും അദ്ദേഹം സാരഥ്യം വഹിക്കുന്ന ഇന്റര്‍സൈറ്റ് 
ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് പ്രൈവറ്റ് ലിമിറ്റഡും കയറിവന്നത്. ഇന്നിത് സംസ്ഥാന 
വിനോദസഞ്ചാര മേഖലയിലെ മായ്ക്കാനാകാത്ത മുദ്രയായി മാറിയിരിക്കുന്നു

കേരളത്തിന് ഒറ്റവിശേഷണമേയുള്ളു, ദൈവത്തിന്റെ സ്വന്തം നാട്. മനോഹരിയായ പ്രകൃതിയും അനുയോജ്യമായ കാലാവസ്ഥയും ലോക വിനോദസഞ്ചാര ഭൂപടത്തില്‍ ഈ കൊച്ച് സംസ്ഥാനത്തിന് സ്ഥാനം നല്‍കിക്കഴിഞ്ഞു. വിനോദ സഞ്ചാരികള്‍ കേട്ടും കണ്ടുമറിഞ്ഞ് ഇവിടേക്ക് എത്തിക്കൊണ്ടേയിരിക്കുന്നു, ആ സാധ്യതകളാണ് ടൂറിസം ഏജന്‍സികളുടെ ഉദയത്തിന് കാരണമായത്.

കേരളത്തിലെ വിനോദസഞ്ചാരമേഖല ആഗോളവളര്‍ച്ചയുടെ പാതയിലേക്ക് കാലെടുത്തു വെച്ച കാലഘട്ടമാണ് 1990കള്‍. ഈ സ്പന്ദനം മനസ്സിലാക്കി 1995- ലാണ് എബ്രഹാം ജോര്‍ജ് വ്യവസായത്തിലേക്ക് ഇറങ്ങുന്നത്. അതുവരെ വിനോദ സഞ്ചാരവുമായി യാതൊരു ബന്ധവുമില്ലാത്ത മേഖലയിലായിരുന്നു എബ്രഹാം ജോര്‍ജ് പ്രവര്‍ത്തിച്ചിരുന്നത്. 20 വര്‍ഷത്തെ ജോലിയും അതില്‍ നിന്നു ലഭിച്ച അനുഭവസമ്പത്തും പുതിയ സംരംഭത്തിലേക്കു പ്രവേശിക്കുന്നിന് അദ്ദേഹത്തിന് തുണയാകുകയായിരുന്നു. അസാധ്യമായി ഒന്നും തന്നെയില്ലെന്ന സത്യം ജീവിതത്തില്‍ എക്കാലവും പ്രാവര്‍ത്തികമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

‘ വിദേശികളെ നമ്മുടെ നാട്ടിലോട്ട് ആകര്‍ഷിക്കുകയും ഇവിടത്തെ വൈവിധ്യങ്ങള്‍ ആസ്വദിക്കാന്‍ അവസരം നല്‍കുകയുമാണ് വിനോദസഞ്ചാരം എന്ന വാക്കു കേള്‍ക്കുമ്പോള്‍ അന്ന് എല്ലാവരും കരുതിയിരുന്നത്. ആഭ്യന്തര വിനോദ സഞ്ചാരം മനസ്സില്‍പോലും കയറിക്കൂടിയിരുന്നില്ല, ‘ ഇന്റര്‍സൈറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ എബ്രഹാം ജോര്‍ജ് പറയുന്നു. 2013 മുതല്‍ കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയുടെ പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. വമ്പന്മാര്‍ പലരും അരങ്ങുവാണിരുന്ന വിനോദ സഞ്ചാരരംഗത്ത് ടിക്കറ്റ് ബുക്കിംഗിലൂടെയാണ് ഇന്റര്‍സൈറ്റ് ഹരിശ്രീ കുറിക്കുന്നത്. കഴിവും പ്രാവീണ്യവുമുള്ളവര്‍ നല്‍കുന്ന പല ഓഫറുകളും തുടക്കക്കാരെന്ന നിലയില്‍ നല്‍കാന്‍ ഈ സംരംഭത്തിന് സാധിച്ചിരുന്നില്ലെന്നത് വസ്തുതയാണ്.

വിദേശ അവസരങ്ങള്‍ മേഖലയിലെ പ്രശസ്ത കമ്പനികള്‍ക്ക് മാത്രമാണ് വരാറുള്ളത്. അതില്‍ ചുവടുകള്‍ മാറ്റിനോക്കുകയായിരുന്നു എബ്രഹാം ജോര്‍ജ്. ടിക്കറ്റിംഗില്‍ നിന്നും പതിയെ പാക്കേജ് ടൂറുകളിലേക്ക് മാറുകയായിരുന്നു. രണ്ട് വര്‍ഷത്തെ പഠന, നിരീക്ഷണങ്ങള്‍ക്കൊടുവില്‍ ഇന്റര്‍സൈറ്റ് മറ്റൊരു ദിശയിലൂടെ ചലിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ആഭ്യന്തര ടൂറിസത്തിന് മുന്‍ഗണന നല്‍കിക്കൊണ്ട് ഉത്തരേന്ത്യക്കാരെ കേരളാടൂറിസത്തിലേക്ക് ആകര്‍ഷിക്കുന്നതിനായി മുംബൈയില്‍ പുതിയൊരു ഓഫീസ് ആരംഭിച്ചു. ‘ ഉത്തരേന്ത്യക്കാര്‍ക്ക് കേരളത്തെ കുറിച്ച് മികച്ച അറിവ് നേരിട്ടുനല്‍കുന്നതിന് വേണ്ടിയാണ് ഞങ്ങളന്ന് അവിടെ ഓഫീസ് ആരംഭിക്കുന്നത്. 1998 ലായിരുന്നു ഇത്. പിന്നീട് ഡെല്‍ഹിയില്‍ മറ്റൊരു ഓഫീസുകൂടി തുറന്നു, എബ്രഹാം ജോര്‍ജ് പറയുന്നു. കേരള ടൂറിസത്തിന്റെ അനന്ത സാധ്യതകളെ പ്രയോജനപ്പെടുത്തിക്കൊണ്ട് കേരള വിനോദസഞ്ചാരമേഖലയ്ക്ക് വലിയ സംഭാവനകള്‍ നല്‍കിക്കൊണ്ടാണ് ഇന്റര്‍സൈറ്റ് ഇന്നു പ്രവര്‍ത്തിക്കുന്നത്.

ടൂറിസത്തില്‍ പുതിയൊരു അധ്യായത്തിന് ചുക്കാന്‍ പിടിക്കാന്‍ എബ്രഹാം ജോര്‍ജിന് കഴിഞ്ഞിട്ടുണ്ട്. യാത്രാദുരിതം രൂക്ഷമായിരുന്ന ഘട്ടത്തില്‍ ഉത്തരേന്ത്യയെ ദക്ഷിണേന്ത്യയുമായി കൂട്ടിയിണക്കിക്കൊണ്ട് റെയില്‍കോച്ചുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ റെയില്‍വേക്ക് മുന്നില്‍ 1999-ല്‍ ഹര്‍ജി സമര്‍പ്പിച്ചു. എന്നാല്‍ കേരളാ ടൂറിസവുമായി ബന്ധപ്പെടുത്തി മാത്രമാണ് ഇത്തരത്തിലൊരു യാത്രാ ആനുകൂല്യം ലഭിക്കുകയുള്ളുവെന്ന മറുപടിയായിരുന്നു ഇന്ത്യന്‍ റെയില്‍വേയില്‍ നിന്നും എബ്രഹാം ജോര്‍ജിന് ലഭിച്ചത്.

കെടിഡിസിയും ഇന്റര്‍സൈറ്റും ഇന്ത്യന്‍ റെയില്‍വേയും സംയുക്തമായി കെടിഡിസി റെയില്‍ ഹോളിഡേയ്‌സ് എന്ന പേരില്‍ 2000-ല്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കി. നേത്രാവതി എക്‌സ്പ്രസ്സില്‍ മുംബൈയില്‍ നിന്ന്തിരുവനന്തപുരം വരെ എസി കോച്ചുകളാണ് അന്ന് അനുവദിച്ചത്. കൂടാതെ അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളില്‍ കേരളത്തിലേക്ക സ്‌പെഷല്‍ എസി കോച്ച് സീറ്റുകളും തരപ്പെടുത്തി. ഭക്ഷണ വിതരണത്തിന് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് കോര്‍പറേഷന്‍ മാത്രമായിരുന്നു. ഇതില്‍ ടൂറിസം കോര്‍പ്പറേഷനെ കൂടി ഉള്‍പ്പെടുത്തുന്നതില്‍ ചെറുതല്ലാത്ത പങ്ക് വഹിക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

പ്രതിസന്ധികളിലൂടെ കടന്നുപോയ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്റര്‍സൈറ്റ് മികവിന്റെ പാതയിലേക്ക് എത്തുന്നത്. വരുമാനത്തില്‍ മികച്ച നേട്ടം കൈവരിക്കാന്‍ സാധിക്കാതിരുന്ന അക്കാലത്ത് തന്റെ ശമ്പളം പോലും എടുക്കാന്‍ എബ്രഹാം ജോര്‍ജിന് കഴിഞ്ഞിരുന്നില്ല. അഞ്ച് പങ്കാളികളുമായാണ് ഇന്റര്‍സൈറ്റ് ഇദ്ദേഹം ആരംഭിച്ചത്. ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന ട്രാവല്‍ ഏജന്‍സികളില്‍ മുന്‍നിരയിലാണ് ഇന്‍ര്‍സൈറ്റ്. പ്രാഗല്‍ഭ്യം നേടിയ 200 വര്‍ക്കേഴ്‌സിന്റെ കൂട്ടായപരിശ്രമം കൂടയാണ് ഈ സ്ഥാപനത്തിന്റെ കെട്ടുറപ്പ്. ഇന്ത്യയില്‍ വിവിധ നഗരങ്ങളിലായി 14 ശാഖകളുണ്ട് ഇന്റര്‍സൈറ്റിന്.

‘ഏത് മേഖല തെരഞ്ഞെടുക്കുകയാണെങ്കിലും അതിനെക്കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാട് ആവശ്യമാണ്. പുതുമകള്‍ കൊണ്ടുവരുകയും കഠിനാധ്വാനവുമാണ് അത്യാവശ്യം. നമ്മുടെ സമയവും ഊര്‍ജ്ജവും പൂര്‍ണമായും വിനിയോഗിച്ചാല്‍ മാത്രമാണ് വിജയം കൈവരിക്കാന്‍ സാധിക്കുകയുള്ളു. പാരമ്പര്യവും വിദ്യാഭ്യാസവുമല്ല കഴിവും ഇച്ഛാശക്തിയും അനുഭവ സമ്പത്തും തന്നെയാണ് ഏറ്റവും അത്യവശ്യമായി വേണ്ടത് ,’ അദ്ദേഹം പറയുന്നു.

പ്രതിബന്ധങ്ങള്‍ ഓരോന്നായി തരണം ചെയ്യാന്‍ സാധിച്ചതാണ് ഇന്റര്‍സൈറ്റിന് ഇന്നുകാണുന്ന തരത്തില്‍ മുന്‍നിരക്കാരായി മാറാന്‍ സാധിച്ചത്.കഷ്ടപ്പാടുകളും വേദനകളും അതിജീവിക്കാന്‍ തയ്യാറുണ്ടെങ്കില്‍ മാത്രമേ ഒരു നല്ല സംരംഭകനാകാന്‍ സാധിക്കുകയുള്ളൂവെന്ന് എബ്രഹാം ജോര്‍ജ് അഭിപ്രായപ്പെടുന്നു. ജീവിതത്തില്‍ മറ്റുള്ളവരെ മാതൃകയാക്കാം. പക്ഷെ അവരെ അനുകരിക്കുന്നതിലൂടെ വിജയം കൈവരിക്കാമെന്ന ധാരണ തെറ്റാണെന്നും എളുപ്പവഴികള്‍ ഒരിക്കലും ശാശ്വതമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ചാല്‍ കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്നാണ് എബ്രഹാമിന്റെ അഭിപ്രായം. രാഷ്ട്രീയ, ഭരണ നേതൃത്വത്തിന് കൃത്യമായ ഇച്ഛാശക്തിയും മുന്‍വിധിയുമില്ല. ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ മാറി വരുന്ന സര്‍ക്കാരുകള്‍ തുനിഞ്ഞിറങ്ങാത്തതാണ് ഇതിന് കാരണമെന്നാണ് ഇദ്ദേഹത്തിന്റെ വിലയിരുത്തല്‍. സാമൂഹ്യവ്യവസ്ഥിതിയിലുള്ള പോരായ്മകളും പ്രധാനഘടകമാണ്. സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പൊതുവെ വിമുഖത കാട്ടുന്ന സമൂഹമാണ് നമ്മുടേത്. ഒരുപക്ഷെ ഈ സാഹചര്യങ്ങളായിരിക്കാം കേരളത്തിന് വെളിയില്‍ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് പലരേയും പ്രേരിപ്പിക്കുന്നത്. ഇത്തരത്തില്‍ സാമ്രാജ്യങ്ങള്‍ കെട്ടിപ്പൊക്കിയ നിരവധി മലയാളി സംരംഭകര്‍ നമുക്കിടയിലുണ്ട്.

‘വികസനത്തെ ജനങ്ങള്‍ ഇരുംകൈയും നീട്ടി സ്വീകരിച്ചാല്‍ മാത്രമേ പല പോരായ്മകളും തരണം ചെയ്യാന്‍ കേരളത്തിന് സാധിക്കുകയുള്ളു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വലിയ പങ്ക് വഹിക്കേണ്ടതുണ്ട്. പരിസ്ഥിതിക്ക് ഇണങ്ങുന്ന രീതിയിലുള്ള വികസനങ്ങള്‍ പരമാവധി പ്രോല്‍സാഹിപ്പിക്കാന്‍ ശ്രമിക്കണം. എന്തിനേയും കണ്ണടച്ച് എതിര്‍ക്കുന്ന കാഴ്ച്ചപ്പാടാണ് നമുക്കുള്ളത്. ടൂറിസത്തിന്റെ കാര്യത്തിലും മറിച്ചല്ല. മനോഹരമായ പ്രദേശമാണ് കേരളം.പക്ഷെ ഇവിടെ വരുന്ന ഓരാള്‍ക്ക് പ്രകൃതി ഭംഗിമാത്രമല്ല വേണ്ടത്. അടിസ്ഥാന സൗകര്യങ്ങളും വികസനവും അത്യാവശ്യമാണ്. ,’ എബ്രഹാം ജോര്‍ജ് പറയുന്നു.

രാജ്യത്ത് ഐടി മേഖലയിലുണ്ടായ വളര്‍ച്ചയില്‍ നിര്‍ണായക സാന്നിധ്യമാകാന്‍ കേരളത്തിനും സാധിച്ചിട്ടുണ്ട്. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വികസനങ്ങളിലൊന്നാണ് വിവരസാങ്കേതികവിദ്യയുടേതെന്ന് ചൂണ്ടിക്കാട്ടുന്ന അദ്ദേഹം ഒപ്പം മറ്റൊരു കാര്യം കൂടി ഓര്‍മ്മിപ്പിക്കുന്നു. തുടര്‍ച്ചയായുള്ള ജോലിഭാരത്തില്‍നിന്നും മടുപ്പുകളില്‍നിന്നും മുക്തി നേടാന്‍ മദ്യത്തെയും മറ്റും ആശ്രയിക്കുന്നവര്‍ക്കുമാത്രമല്ല മദ്യനയം തിരിച്ചടിയാകാന്‍ പോകുന്നത് വിദേശികളില്‍ നല്ലൊരു ശതമാനം വന്നുപോകുന്ന കേരളത്തിലെ വിനോദ സഞ്ചാരമേഖലയെക്കൂടി ഇത് പ്രതികൂലമായി ബാധിക്കും. മദ്യം ഭക്ഷണത്തിന്റെ ഭാഗമാക്കിയ പല വിദേശരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ സാധിക്കുകയില്ല. സംസ്‌കാരത്തിന് എതിരായുള്ള വികസനം എന്ന് വിമര്‍ശിക്കുന്നതിന് പകരം കേരളത്തിന് വരുമാനം നേടിത്തരുന്ന വിനോദസഞ്ചാര മേഖലയെ ബാധിക്കാത്ത വിധത്തിലുള്ള മദ്യനയമാണ് ഇവിടെ ആവശ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം തള്ളിക്കളയാന്‍ പറ്റാത്ത മറ്റൊന്നുകൂടിയുണ്ട്, മാലിന്യ നിര്‍മ്മാര്‍ജനം. വലിയ മണിമാളികകള്‍ കെട്ടിപ്പൊക്കുന്ന മലയാളികള്‍ മാലിന്യം വലിച്ചെറിയുന്നത് പൊതുനിരത്തുകളിലേക്കാണ്. സ്വാര്‍ത്ഥചിന്തകളുടെ കൂടാരമായി മാറുന്ന സമൂഹമാണ് നമുക്ക് മുന്നിലുള്ളത്. ഒരു കൈകൊണ്ട് ചവര്‍ എറിയുമ്പോള്‍ മറുകൈ കൊണ്ട് മൂക്കുപൊത്തി മാലിന്യ നിര്‍മ്മാര്‍ജനത്തിന്റെ അശാസ്ത്രീയതയെപ്പറ്റി ഘോരഘോരം കുറ്റം പറയുന്നവരായി മാറിക്കഴിഞ്ഞു നമ്മള്‍. വിദേശരാജ്യങ്ങളില്‍ കര്‍ശന നിയമങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ നിയമം അനുസരിക്കാന്‍ ജനങ്ങള്‍ തയ്യാറാണെന്നതും വസ്തുതയാണ്.

സുസ്ഥിരവികസനത്തിന് പ്രാധാന്യം നല്‍കി അടിസ്ഥാനപരമായ തത്വങ്ങള്‍ പാലിച്ചുവേണം ഓരോ വ്യവസായിയും സംരംഭങ്ങള്‍ ആരംഭിക്കാന്‍ എന്നാണ് അനുഭവത്തിന്റെ വെളിച്ചത്തില്‍ നിന്നും എബ്രഹാം ജോര്‍ജ് വ്യക്തമാക്കുന്നത്. ഏതൊരു വ്യവസായിയുടേയും വിജയത്തിന് പിന്നില്‍ അനിഷേധ്യഘടകമായി നിലകൊള്ളുന്നതു കുടുംബമാണ്. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ താങ്ങും തണലുമായി ഭാര്യയും മൂന്നുമക്കളും അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നു. തിരക്കുകള്‍ മനസ്സിലാക്കി കുടുംബം കൂടെ നില്‍ക്കുന്നതിനാലാണ് വ്യാവസായിക കാര്യങ്ങളില്‍ കാര്യമായി ശ്രദ്ധചെലുത്താന്‍ തനിക്കാകുന്നതെന്നും എബ്രഹാം അഭിപ്രായപ്പെടുന്നു.

തങ്ങളുടെ വളര്‍ച്ചയില്‍ അശരണര്‍ക്ക് നേരെ കാരുണ്യത്തിന്റെ കരംനീട്ടാന്‍ ഇന്റര്‍ സൈറ്റ് എപ്പോഴും ശ്രമിക്കുന്നു. ഇതിനായി ഇന്‍ര്‍സൈറ്റ് മാനേജ്‌മെന്റ്ും ടീം അംഗങ്ങളും ചേര്‍ന്ന് 2010ല്‍ ഇന്റര്‍സൈറ്റ് ഫൗണ്ടേഷന്‍ രൂപീകരിച്ചിട്ടുണ്ട്. ഫൗണ്ടേഷനിലെ അംഗങ്ങള്‍ ചേര്‍ന്ന് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസ കാര്യങ്ങളും ഇതുവഴി നല്‍കുന്നു.

കൂടാതെ ഡ്രൈവര്‍മാരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി സാരഥി സൗഹൃദം സ്‌കീം നടപ്പിലാക്കിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന ഡ്രൈവര്‍മാര്‍ക്ക് പുതിയ വാഹനം വാങ്ങി അതിന്റെ സാമ്പത്തിക ബാധ്യതകള്‍ ഇന്റര്‍സൈറ്റ് വഹിച്ച് മൂന്ന് വര്‍ഷത്തിനുള്ളില്‍ ഡ്രൈവര്‍മാര്‍ക്ക് ഈ വാഹനം സ്വന്തമായി നല്‍കുന്നു. ഈ മൂന്ന് വര്‍ഷവും ശമ്പളവും എല്ലാ ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കുകയും ചെയ്യും. കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് മികച്ച യാത്ര ഉറപ്പുവരുത്തന്നതിനു വേണ്ടിയാണ് ഇത്തരമൊരു പദ്ധതിയുമായി ഇന്റര്‍സൈറ്റ് മുന്നിട്ടിറങ്ങിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 10 പേര്‍ക്കായിരുന്നു ഈ അവസരം ലഭിച്ചത്.

സാമൂഹ്യമാധ്യമങ്ങളുടെ അതിപ്രസരം കുടുംബബന്ധങ്ങളെ കൂട്ടിയിണക്കുന്നില്ലെന്ന പക്ഷക്കാരനാണ് ഇദ്ദേഹം. ലോകം മാറുന്നു, സാങ്കേതികവിദ്യകള്‍ മാറുന്നു, പക്ഷെ അടുത്തിരിക്കുന്നവരെ മുഖമുയര്‍ത്തി നോക്കാനോ ഒന്നു ചിരിക്കാനോ കഴിയാത്തവിധത്തില്‍ സാമൂഹ്യമാധ്യമങ്ങള്‍ എല്ലാവരെയും കീഴടക്കിക്കഴിഞ്ഞു. വ്യാവസായികാവശ്യങ്ങള്‍ക്കപ്പുറത്ത് സാമൂഹ്യമാധ്യമങ്ങളെ ആശ്രയിക്കാനും എബ്രഹാം ജോര്‍ജ് തയ്യാറല്ല. ”സത്യസന്ധമായ കാര്യങ്ങളില്‍ മാത്രമാണ് ഇടപെടാറുള്ളൂ. ധാര്‍മ്മികതയ്ക്കു വലിയ സ്ഥാനം കല്‍പ്പിക്കുന്നുണ്ട്. നല്ല സേവനങ്ങള്‍ നല്‍കിയാല്‍ ആളുകള്‍ കൂടെയുണ്ടാകും. ആര്‍ക്കും നമ്മെ തോല്‍പ്പിക്കാനും സാധിക്കില്ല. മറ്റുള്ളവരെ ദ്രോഹിക്കാതിരിക്കാനാണ് ഓരോ വ്യക്തിയും ശ്രമിക്കേണ്ടത്. ‘ അദ്ദേഹം പറയുന്നു.

കേന്ദ്ര വിനോദ സഞ്ചാര വകുപ്പിന്റെ ഇന്‍ബോണ്ട് ടൂര്‍ ഓപ്പറേറ്റേഴ്‌സ്, ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്റ്‌സ് എന്നിവിയക്കുള്ള അംഗീകാരം, കേരള വിനോദസഞ്ചാരവകുപ്പിന്റെ ടൂര്‍ ഓപ്പറേറ്റേഴ്‌സ് അംഗീകാരം, 2009-10, 2010-11, 2011-12, 2013-14 വര്‍ഷങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഇന്‍ബോണ്‍ ടൂര്‍ ഓപ്പറേറ്റേഴ്‌സിനുള്ള അവാര്‍ഡും ഇന്റര്‍സൈറ്റിന് ലഭിച്ചിട്ടുണ്ട്.

കേരള ട്രാവല്‍മാര്‍ടിന്റെ അമരക്കാരനായ ഇദ്ദേഹം അസ്സോസ്സിയേഷന്‍ ഓഫ് ഡൊമസ്റ്റിക് ടൂര്‍ ഓപ്പറേറ്റര്‍ ഓഫ് ഇന്ത്യയുടെ കേരള ചാപ്റ്റര്‍ ചെയര്‍മാന്‍, കേരളടൂറിസം വകുപ്പിന് കീഴിലുള്ള അഡൈ്വസറി കമ്മിറ്റി അംഗം, സെന്‍ട്രല്‍ എക്‌സൈസിന് കീഴില്‍ റീജിനല്‍ അഡൈ്വസറി കമ്മിറ്റി അംഗം എന്നീസ്ഥാനങ്ങളും വഹിക്കുന്നു. കൂടാതെ നിരവധി അവാര്‍ഡുകളാണ് ഇദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്. എന്‍ഡിടിവി ഏര്‍പ്പെടുത്തിയ ഇന്ത്യയുടെ ടൂറിസം രംഗത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിക്കുള്ള 2014 ലെ അവാര്‍ഡ്, ടൂറിസത്തിലെ ബ്രാന്‍ഡ് ഐക്കണുള്ള 2014 ലെ ടൈംസ് ഓഫ് ഇന്ത്യ അവാര്‍ഡ്, വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ 2011ലെ യംഗ് എന്റര്‍പ്രണര്‍ഷിപ്പ് അവാര്‍ഡ്, ബിസിനസ് ദീപികയുടെ 2015 ലെ ട്രാവല്‍ ആന്‍ഡ് ടൂറിസത്തിലെ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ്, സാരഥി സൗഹൃദം പ്രോജക്റ്റിന് കേരളാ ടൂറിസത്തിന്റെ സ്‌പോണ്‍സിബിള്‍ ടൂറിസം ഇനിഷേറ്റീവ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

” വികസനത്തെ ജനങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചാല്‍ മാത്രമാണ് പല പോരായ്മകളും തരണം ചെയ്യാന്‍ കേരളത്തിന് സാധിക്കുകയുള്ളൂ. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വലിയ പങ്ക് വഹിക്കേണ്ടതുണ്ട്. പരിസ്ഥിതിക്ക് ഇണങ്ങുന്ന രീതിയിലുള്ള വികസനങ്ങള്‍ പരമാവധി പ്രോല്‍സാഹിപ്പിക്കാന്‍ ശ്രമിക്കണം. എന്തിനേയും കണ്ണടച്ച് എതിര്‍ക്കുന്ന കാഴ്ച്ചപ്പാടാണ് നമുക്കുള്ളത്. ടൂറിസത്തിന്റെ കാര്യത്തിലും മറിച്ചല്ല. മനോഹരമായ പ്രദേശമാണ് കേരളം. പക്ഷേ ഇവിടെ വരുന്ന ഓരാള്‍ക്ക് പ്രകൃതി ഭംഗിമാത്രമല്ല വേണ്ടത്. അടിസ്ഥാന സൗകര്യങ്ങളും വികസനവും അത്യാവശ്യമാണ്. ,”

എബ്രഹാം ജോര്‍ജ്
ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്റ്റര്‍
ഇന്റര്‍സൈറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് പ്രൈവറ്റ് ലിമിറ്റഡ്

Comments

comments