സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുന്നതിന് കേന്ദ്രം ധനസഹായം വര്‍ധിപ്പിച്ചേക്കും

സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുന്നതിന് കേന്ദ്രം ധനസഹായം വര്‍ധിപ്പിച്ചേക്കും

ന്യൂഡെല്‍ഹി: സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് അഫോര്‍ഡബ്ള്‍ ഹൗസിംഗ് വിഭാഗത്തില്‍ കേന്ദ്ര സഹായം വര്‍ധിപ്പിക്കുന്നത് പരിഗണിക്കുമെന്ന് കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി വെങ്കയ്യ നായിഡു. സ്വകാര്യ ഭൂമികളില്‍ നടപ്പാക്കുന്ന പദ്ധതിക്കു കീഴില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന അര്‍ഹരായ ഓരോ കുടുംബത്തിനും 1.50 ലക്ഷം രൂപ വീതമാണ് കേന്ദ്ര സഹായം നല്‍കുന്നത്.

കുടിയേറ്റ തൊഴിലാളികളുടെയും, വിദ്യാര്‍ത്ഥികളുടെയും തനിച്ച് ജീവിക്കുന്ന ജോലിക്കാരായ സ്ത്രീകളുടെയും ഭവന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ദേശീയ നഗര വാടക ഭവന പദ്ധതി (എന്‍യുആര്‍എച്ച്പി) ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രധാന്‍ മന്ത്രി ആവാസ് യോജനയ്ക്കു കീഴില്‍ സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയോടെ 5,83,427 വീടുകളുടെ നിര്‍മാണത്തിനാണ് ഹൗസിംഗ്, നഗരവികസന മന്ത്രാലയം ഇതുവരെ അനുമതി നല്‍കിയിട്ടുള്ളത്. 2022 ഓടെ ‘എല്ലാവര്‍ക്കും വീട്’ എന്നതാണ് മന്ത്രാലയത്തിന്റെ പ്രഖ്യാപിത ലക്ഷ്യം.

ഇത് 2019ഓടെ തന്നെ യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ 15ഓളം സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും പ്രവര്‍ത്തിക്കുന്നതായും വെങ്കയ്യ നായിഡു പറയുന്നു.  കേരളം, ഹിമാചല്‍പ്രദേശ്, ജമ്മു ആന്‍ഡ് കശ്മീര്‍, അരുണാചല്‍പ്രദേശ്, മണിപ്പൂര്‍, മേഘാലയ, നാഗലന്‍ഡ് , സിക്കിം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളും ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപ്, ചണ്ഡീഗഢ്, ധാദ്ര, നാഗര്‍ ഹവേലി, ദാമന്‍ & ദിയു, പുതുച്ചേരി തുടങ്ങിയ കേന്ദ്ര ഭരണപ്രശേങ്ങളുമാണ് ഈ ഉദ്യമത്തില്‍ പങ്കാളികളായിട്ടുള്ളത്.

Comments

comments

Categories: Business & Economy