മേജര്‍ വിമാനത്താവളമായി വാരണാസി വിമാനത്താവളം

മേജര്‍ വിമാനത്താവളമായി വാരണാസി വിമാനത്താവളം

ജനുവരിയിലാണ് കേന്ദ്ര സര്‍ക്കാര്‍ വാരണാസി വിമാനത്താവളത്തെ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലൊന്നായി പ്രഖ്യാപിച്ചത് 

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭാ മണ്ഡലമായി വാരണാസിയിലെ വിമാനത്താവളത്തിന് മേജര്‍ പദവി നേടിയെടുത്തിരിക്കുകയാണ്. ജനുവരിയിലാണ് രാജ്യത്തെ പ്രധാനവിമാനത്താവളങ്ങളിലൊന്നായി കേന്ദ്രസര്‍ക്കാര്‍ വാരണാസി വിമാനത്താവളത്തെ അംഗീകരിച്ചത്. 2016-17 ല്‍ 1.5 മില്യണിലധികം യാത്രക്കാരെ കൈകാര്യം ചെയ്‌തോടെ തുടര്‍ച്ചയായ മൂന്ന് വര്‍ഷത്തെ ശരാശരിക്കു മുകളില്‍ പ്രകടനം നടത്തിയ വിമാനത്താവളമായി മാറിയതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ പ്രഖ്യാപനം നടത്തിയത്.

2013 സാമ്പത്തിക വര്‍ഷത്തില്‍ വാരണാസി വിമാനത്താവളം യാത്രക്കാരുടെ വളര്‍ച്ചയില്‍ 8 ശതമാനവും 2014 സാമ്പത്തിക വര്‍ഷത്തില്‍ 2 ശതമാനം വളര്‍ച്ചയും നേടിയിരുന്നു. 2014-15 മുതലുള്ള കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലും ദേശീയ ശരാശരിയായ 20 ശതമാനത്തേക്കാള്‍ വലിയ ഉര്‍ച്ചയാണ് വാരണാസി വിമാനത്താവളം നേടിയത്. മേജര്‍ വിമാനത്താവളമായുള്ള മാറ്റം സര്‍ക്കാരിന്റെ വിമാനത്താവള നിക്ഷേപ പദ്ധതിയില്‍ നിന്ന് മികച്ച വിഹിതം നേടിയെടുക്കാന്‍ വാരണാസിക്ക് സഹായകരമാകും. വാരണാസി യര്‍പോര്‍ട്ടിന്റെ സാമ്പത്തിക പദ്ധതികളും പ്രവര്‍ത്തനവും എയര്‍പോര്‍ട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി (എഇആര്‍എ) അവലോകനം നടത്തിയിട്ടുണ്ട്.

രാജ്യത്തെ മികച്ച വിമാനത്താവളങ്ങളിലൊന്നായ വാരണാസിയുടെ വളര്‍ച്ച ഓരോ ദിവസവും വര്‍ധിച്ച് വരികയാണെന്നാണ് വ്യോമയാന മന്ത്രാലയം വിലയിരുത്തുന്നത്. ലക്‌നൗ, പട്‌ന എയര്‍പോര്‍ട്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വാരണാസിയിലെ യാത്രക്കാരുടെ എണ്ണത്തിലെ വളര്‍ച്ച ഉയര്‍ന്ന തലത്തിലാണെന്നാണ് മേഖലയിലെ വിദഗ്ധര്‍ പറയുന്നത്.  കൂടുതല്‍ നഗരങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാന്‍ വാരണാസിക്ക് കാര്യമായി സാധിച്ചിട്ടില്ല. എന്നാല്‍ നിലവില്‍ കണക്റ്റിവിറ്റിയുള്ള നഗരങ്ങളിലേക്ക് വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനായെന്ന് ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടായ യാത്ര ഡോട്ട് കോമിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ ശരത് ധല്‍ പറഞ്ഞു.

ബിസിനസ്സും ടൂറിസവും കൃത്യമായി നടപ്പിലാക്കിയാല്‍ വാരണാസി ഇവ രണ്ടിന്റേയും കേന്ദ്രമായി മാറുമെന്നും ധല്‍ കൂട്ടിച്ചേര്‍ത്തു.വാരണാസി നഗരത്തിന്റെ ടൂറിസം സാധ്യതകള്‍ക്കായുള്ള വന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണെന്ന് ടൂറിസം മന്ത്രാലയത്തിലെ വക്താവ് പറഞ്ഞു. നഗരത്തിലെ ബുദ്ധമത തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന രീതിയില്‍ വാരണാസിയില്‍ നിന്ന് ഹെലികോപ്റ്റര്‍ സേവനം ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്നും ഇത് നഗരത്തിലെ ടൂറിസത്തിനും എയര്‍ട്രാവലിനും പ്രോത്സാഹനം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy