റെയ്ല്‍വേയിലെ പ്രശ്‌നങ്ങള്‍ക്ക് സാങ്കേതികവിദ്യ പരിഹാരം: സുരേഷ് പ്രഭു

റെയ്ല്‍വേയിലെ പ്രശ്‌നങ്ങള്‍ക്ക്  സാങ്കേതികവിദ്യ പരിഹാരം: സുരേഷ് പ്രഭു
സെന്‍ട്രലൈസ്ഡ് ട്രാഫിക്ക് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ട്രെയ്ന്‍ പ്രൊട്ടക്ഷന്‍, ഓട്ടോമാറ്റിക് 
സിഗ്നലിംഗ് തുടങ്ങിയവയുടെ ഉപയോഗം വിപുലമാക്കുന്നതിലൂടെ കുറഞ്ഞ ചെലവില്‍ 
അതിവേഗം സുരക്ഷയൊരുക്കാനാവും

ന്യൂഡെല്‍ഹി: റെയ്ല്‍ ഗതാഗതത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും സാങ്കേതികവിദ്യയാണ് പരിഹാരമാര്‍ഗമെന്ന് കേന്ദ്രമന്ത്രി സുരേഷ് പ്രഭു. ഗതാഗതമേഖലയില്‍ അത്യാധുനിക സാങ്കേതികവിദ്യയുടെ ഉപയോഗത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടെക്‌നോളജിയുടെ സാധ്യതകള്‍ കണ്ടെത്തി അടിസ്ഥാന സൗകര്യങ്ങള്‍ ആധുനികവല്‍ക്കരിക്കുകയും നവീനവല്‍ക്കരിക്കുകയും വേണം. സാങ്കേതികവിദ്യയിലൂടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനാകും. ശരിയായ ടെക്‌നോളജിയാണ് സര്‍വ്വതിനുമുള്ള ഉത്തരം- റെയ്ല്‍വേ സിഗ്നലിംഗ് സിസ്റ്റത്തില്‍ പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യവെ സുരേഷ് പ്രഭു പറഞ്ഞു.

നൈപുണ്യ വികസനം, മെയ്ക്ക് ഇന്‍ ഇന്ത്യ എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിച്ച് സിഗ്നലിംഗ് സംവിധാനത്തെ നവീന സാങ്കേതികവിദ്യയ്ക്ക് യോജിച്ചതാക്കുന്നതിനും സ്ഥാപിക്കുന്നതിനും റെയ്ല്‍വേ പരിശീലന പരിപാടി സംഘടിപ്പിച്ചിരുന്നു. സുരക്ഷയ്ക്ക് ഊന്നല്‍ നല്‍കേണ്ടത് ആവശ്യമാണെന്നും പ്രഭു സൂചിപ്പിച്ചു. സിഗ്നലുകള്‍ നവീകരിക്കേണ്ടത് അത്യാവശ്യം. ഇത് സുരക്ഷിതത്വം ഉറപ്പാക്കും. ഇതിനായി പുത്തന്‍ സാങ്കേതികവിദ്യകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവ കൈകാര്യം ചെയ്യാന്‍ പരിശീലനവും വേണം. സെന്‍ട്രലൈസ്ഡ് ട്രാഫിക്ക് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ട്രെയ്ന്‍ പ്രൊട്ടക്ഷന്‍, ഓട്ടോമാറ്റിക് സിഗ്നലിംഗ് തുടങ്ങിയവയുടെ ഉപയോഗം വിപുലമാക്കുന്നതിലൂടെ കുറഞ്ഞ ചെലവില്‍ അതിവേഗം സുരക്ഷയൊരുക്കാനാവും. നിലവിലെ സാഹചര്യത്തിന് അനുയോജ്യമായ വിധം ഈ സംവിധാനത്തെ നിരന്തരം വികസിപ്പിക്കുകയും ആധുനികവല്‍ക്കരിക്കുകയും ചെയ്യും.

സാങ്കേതികവിദ്യയുടെ സുസ്ഥിരതയ്ക്കായി ഇന്ത്യയില്‍ വികസിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഒരു ചട്ടക്കൂട് ആവിഷ്‌കരിക്കേണ്ടതുണ്ട്. വികസനത്തിനും നവീകരണത്തിനും വിദേശ രാജ്യങ്ങളുമായി റെയ്ല്‍വേയ്ക്ക് സഹകരിക്കാവുന്നതാണ്. മുന്‍നിര ആഗോള കമ്പനികളുമായി പങ്കാളിത്തമുറപ്പിച്ച് റെയ്ല്‍വേ വികസനം സാധ്യമാക്കും. എന്നാല്‍ അതിനു മുന്‍പ് നിരവധി കാര്യങ്ങള്‍ ലഭ്യമായിത്തുടങ്ങേണ്ടതുണ്ട്. നേരത്തെ റെയ്ല്‍വേ നിക്ഷേപത്തിന്റെ അഭാവത്താല്‍ ബുദ്ധിമുട്ടിയിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി നല്ലരീതിയില്‍ നിക്ഷേപം കണ്ടെത്തുന്നുണ്ടെന്നും പ്രഭു കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Top Stories

Related Articles