വോറയെയും ഹൂഡയെയും ചോദ്യം ചെയ്തു

വോറയെയും ഹൂഡയെയും ചോദ്യം ചെയ്തു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മോത്തിലാല്‍ വോറയേയും മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ്ങ് ഹൂഡയേയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. എഐസിസി ദേശീയ ട്രഷററാണ് 88-കാരനായ വോറ. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡിന് 2005ല്‍ പഞ്ച്കുളയിലുള്ള ഭൂമി അനധികൃതമായി അനുവദിച്ചതിലൂടെ പണം വെളുപ്പിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന്റെ ഭാഗമായിട്ടാണു ചോദ്യം ചെയ്തത്. രണ്ട് ദിവസം മുന്‍പാണ് ചോദ്യം ചെയ്തതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷമാണു ഹൂഡക്കും അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡ് (എജെഎല്‍) ജീവനക്കാര്‍ക്കുമെതിരേ പണം വെളുപ്പിച്ചതിന് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായി പത്രത്തിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡിന് അനധികൃതമായി സ്ഥലം അനുവദിക്കുകയായിരുന്നു. പൊതു ലേലത്തിലൂടെയല്ലാതെ എജെഎല്ലിന് ഭൂമി അനുവദിച്ച നടപടി നഗര വികസന വകുപ്പിനു വന്‍ നഷ്ടം വരുത്തിയെന്നാണു കേസ്. എന്നാല്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും രാഷ്ട്രീയ പകപോക്കലാണിതെന്നും ഹൂഡ പറഞ്ഞു.

Comments

comments

Categories: Politics