മൂന്നാര്‍ അപകടാവസ്ഥയിലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രിയുടെ റിപ്പോര്‍ട്ട്

മൂന്നാര്‍ അപകടാവസ്ഥയിലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രിയുടെ റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: മൂന്നാര്‍ അപകടാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി സി ആര്‍ ചൗധരിയുടെ റിപ്പോര്‍ട്ട്. മൂന്നാറിലെ കെട്ടിടങ്ങള്‍ അതീവ അപകടാവസ്ഥയിലാണെന്നും ഇപ്പോഴത്തെ നിലയില്‍ തുടര്‍ന്നാല്‍ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്നും ചൗധരി റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തരാഖണ്ഡിലെ പോലെ വലിയ ദുരന്തത്തിനുള്ള സാധ്യതയില്ലെങ്കിലും കെട്ടിടങ്ങള്‍ ഇടിഞ്ഞു വീഴാനുള്ള സാധ്യതയുണ്ടെന്നും അപകടം ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൗധരി റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും സമര്‍പ്പിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം അടുത്തിടെയാണ് ചൗധരി മൂന്നാര്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയാറാക്കിയത്. മൂന്നാറില്‍ കൂടുതലും ഇടുങ്ങിയ വഴികളാണ്. ഇത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുമെന്നും സൈന്യത്തിന് പോലും ലക്ഷ്യസ്ഥാനത്ത് വേഗത്തില്‍ എത്തിപ്പെടാന്‍ സാധിക്കില്ലെന്നും മൂന്നാറിലെ മണ്ണിന് ബലം കുറവാണെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. അശാസ്ത്രീയമായി നിര്‍മിച്ച കെട്ടിടങ്ങളാണ് മൂന്നാറില്‍ കൂടുതലും. അതുകൊണ്ടാണ് ഏത് സമയവും ഇടിഞ്ഞുപൊളിയാനുള്ള സാധ്യതയുണ്ടെന്ന് പറയുന്നത്. മൂന്നാറിന്റെ താഴ്‌വാരങ്ങളില്‍ മാത്രമേ ഹോട്ടലുകള്‍ അനുവദിക്കാവൂവെന്നും കേന്ദ്രമന്ത്രി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.

സഞ്ചാരികള്‍ വന്നുപോകുന്ന ഇടമായി മൂന്നാറിനെ മാറ്റണം. ഇതിനായി മെച്ചപ്പെട്ട ഗതാഗത സൗകര്യം ഒരുക്കണമെന്നും സി ആര്‍ ചൗധരി ചൂണ്ടിക്കാട്ടി. മൂന്നാറിലെ മരങ്ങള്‍ക്ക് പച്ചപ്പ് കുറഞ്ഞു വരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നാറിലെ പരിസ്ഥിതി സംരക്ഷിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് കേന്ദ്രം അദ്ദേഹത്തെ കേരളത്തിലേക്ക് അയച്ചത്. പരിസ്ഥിതി പഠനത്തില്‍ അവഗാഹമുള്ള വ്യക്തിയാണ് കേന്ദ്രമന്ത്രി സിആര്‍ ചൗധരി. സംസ്ഥാന സര്‍ക്കാര്‍ അനധികൃത കൈയേറ്റം ഒഴിപ്പിക്കല്‍ ത്വരിതപ്പെടുത്തിയതിന് പിന്നാലെയാണ് മൂന്നാര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍.

Comments

comments

Categories: Top Stories

Related Articles