പുതിയ ഹ്യുണ്ടായ് എക്‌സെന്റ് വിപണിയില്‍

പുതിയ ഹ്യുണ്ടായ് എക്‌സെന്റ് വിപണിയില്‍

പെട്രോള്‍ വേരിയന്റുകളുടെ വില 5.38 ലക്ഷം രൂപ മുതല്‍

ന്യൂ ഡെല്‍ഹി : സബ്-കോംപാക്റ്റ് സെഡാനായ എക്‌സെന്റിന്റെ പരിഷ്‌കരിച്ച പതിപ്പ് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ അവതരിപ്പിച്ചു. 2017 ഹ്യുണ്ടായ് എക്‌സെന്റ് പെട്രോള്‍ വേരിയന്റുകള്‍ 5.38 ലക്ഷം രൂപയില്‍ തുടങ്ങുമ്പോള്‍ ഡീസല്‍ വേരിയന്റുകളുടെ വില 6.28 ലക്ഷം രൂപയില്‍ തുടങ്ങും. ആറ് പെട്രോള്‍ വേരിയന്റുകളും അഞ്ച് ഡീസല്‍ വേരിയന്റുകളുമാണ് പുതിയ എക്‌സെന്റിനുള്ളത്.

2014 ലാണ് ഹ്യുണ്ടായ് എക്‌സെന്റ് ഇന്ത്യയില്‍ ആദ്യം അവതരിപ്പിച്ചത്. ഇതുവരെ രണ്ടര ലക്ഷം ഹ്യുണ്ടായ് എക്‌സെന്റ് വിറ്റുപോയി. മാരുതി സുസുകി സ്വിഫ്റ്റ് ഡിസൈര്‍, ഹോണ്ട അമേസ്, ഫോക്‌സ്‌വാഗണ്‍ ആമിയോ, ടാറ്റ ടിഗോര്‍ എന്നിവയ്ക്ക് എക്‌സെന്റ് വെല്ലുവിളി ഉയര്‍ത്തും. നിലവിലെ എക്‌സെന്റ് ഹ്യുണ്ടായ് ഗ്രാന്റ് i10 ന്റെ രൂപകല്‍പ്പനാ ശൈലിയാണ് പിന്തുടര്‍ന്നെങ്കില്‍ 2017 എക്‌സെന്റിന് ഹ്യുണ്ടായ് ഇലാന്‍ട്രയോടാണ് സാമ്യം.

ഇലാന്‍ട്ര, പരിഷ്‌കരിച്ച ഹ്യുണ്ടായ് വെര്‍ണ എന്നിവയെപ്പോലെ തിരശ്ചീനമായ ക്രോം സ്ലോട്ടുകളോടുകൂടിയ പുതിയ ഡിസൈന്‍ ഗ്രില്‍ 2017 എക്‌സെന്റിന്റെ സവിശേഷതയാണ്. എല്‍ഇഡി ഡേടൈം ലൈറ്റ് റണ്ണിംഗ് ലാമ്പുകള്‍, ഫോഗ് ലാമ്പുകള്‍ എന്നിവയാണ് ഈ സബ്-കോംപാക്റ്റ് സെഡാന് ഹ്യുണ്ടായ് കരുതിവെച്ചത്. പിന്‍വശത്ത് രണ്ട് റാപ്എറൗണ്ട് ടെയ്ല്‍ ലാമ്പുകള്‍, ഡുവല്‍ ടോണ്‍ റിയര്‍ ബംപറുകള്‍ എന്നിവയാണ് ഡിസൈന്‍. ഈ സെഗ്‌മെന്റില്‍ ഇതാദ്യമായി ഷാര്‍ക്-ഫിന്‍ ആന്റിനയും വീല്‍ എയര്‍ കര്‍ട്ടനുകളും 2017 എക്‌സെന്റിന് നല്‍കിയിരിക്കുന്നു. 407 ലിറ്റര്‍ ബൂട്ട്് സ്‌പേസ് ആണ് ഹ്യുണ്ടായ് അവകാശപ്പെടുന്നത്. ടോപ്-എന്‍ഡ് വേരിയന്റുകളില്‍ ആപ്പിള്‍ കാര്‍ പ്ലേ, ഗൂഗ്ള്‍ ആന്‍ഡ്രോയ്ഡ് ഓട്ടോ, നാവിഗേഷന്‍ സപ്പോര്‍ട്ട് ചെയ്യുന്ന 7.0-ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം സവിശേഷതയാണ്. വോയ്‌സ് റെക്കഗ്നിഷനും സാധ്യമാകും.

ഹ്യുണ്ടായ് ഗ്രാന്‍ഡ് i10 നെ പ്പോലെ എക്‌സെന്റിലെ 1.2 ലിറ്റര്‍ U2 ഡീസല്‍ എന്‍ജിന്‍ 75 പിഎസ് കരുത്തും 190 എന്‍എം ടോര്‍ക്കുമേകും. 25.40 കിലോമീറ്ററാണ് ഇന്ധനക്ഷമത അവകാശപ്പെടുന്നത്. പെട്രോള്‍ എക്‌സെന്റില്‍ 1.2 ലിറ്റര്‍ കപ്പ എന്‍ജിന്‍ 83 പിഎസ് കരുത്തും 113.7 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ പെട്രോള്‍ വേരിയന്റുകള്‍ ലഭിക്കും. പെട്രോള്‍ മാനുവല്‍ 20.14 കിലോമീറ്ററും എടി വേരിയന്റ് 17.36 കിലോമീറ്ററും ഇന്ധനക്ഷമത നല്‍കുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു. ഡുവല്‍-ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ് എന്നിവ സ്റ്റാന്‍ഡേഡ് ഫിറ്റ്‌മെന്റ് ആയി ലഭിക്കും.

Comments

comments

Categories: Auto