ടെക്‌സ്റ്റൈല്‍, കരകൗശല വസ്തു പ്രോത്സാഹനം: ബി2ബി സമ്മേളനം സംഘടിപ്പിക്കുന്നു

ടെക്‌സ്റ്റൈല്‍, കരകൗശല വസ്തു പ്രോത്സാഹനം:  ബി2ബി സമ്മേളനം സംഘടിപ്പിക്കുന്നു

കലാകാരന്‍മാരും നെയ്ത്തുകാരും രാജ്യത്തുടനീളമുള്ള ഡിസൈനുകളെ ഏകോപിപ്പിക്കും

ന്യൂഡെല്‍ഹി: രാജ്യത്തെ ടെക്‌സ്റ്റൈല്‍, കരകൗശല വസ്തുക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി ‘ടെക്‌സ്റ്റൈല്‍ ഇന്ത്യ 2017’ എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഥമ ആഗോള ബിസിനസ് ടു ബിസിനസ് (ബി2ബി) സമ്മേളനം സംഘടിപ്പിക്കും. ജൂണ്‍ 30 മുതല്‍ ജൂലൈ രണ്ടു വരെ ഗുജറാത്ത് വേദിയാക്കി ബി2ബി സമ്മേളനം നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. സമ്മേളനത്തിന് നാന്ദി കുറിച്ചുകൊണ്ടുള്ള പരിപാടി ന്യൂഡെല്‍ഹിയിലെ ക്രാഫ്റ്റ് മ്യൂസിയത്തില്‍ ടെക്‌സ്റ്റൈല്‍ മന്ത്രാലയം നടത്തി.

പ്രധാന സമ്മേളനത്തിന് മുന്നോടിയായി കലാകാരന്‍മാരും നെയ്ത്തുകാരും രാജ്യത്തുടനീളമുള്ള ഡിസൈനുകളെ ഏകോപിപ്പിക്കും. പരുത്തി, സില്‍ക്ക്, കമ്പിളി, ഹാന്‍ഡ് പ്രിന്റഡ്, എംപ്രോയ്ഡറി എന്നിവയില്‍ മാത്രമല്ല നവീനവും അത്യാധുനികവുമായ തുണിത്തരങ്ങളിലും ഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ മേഖലയുടെ കരുത്ത് പ്രദര്‍ശിപ്പിക്കും. മനീഷ് അറോറ, മനീഷ് മല്‍ഹോത്ര, രാഹുല്‍ മിശ്ര, റിതു കുമാര്‍, രോഹിത് ബാല്‍, സബ്യസാചി മുഖര്‍ജി തുടങ്ങിയവരെ പോലുള്ള പ്രശസ്തരായ ഡിസൈനര്‍മാരിലൂടെയാണ് ഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ ചരിത്രം വിവരിക്കുക.

രാജ്യത്തെ ടെക്‌സ്റ്റൈല്‍, കരകൗശല വസ്തുക്കളുടെ പൈതൃകത്തെ ആഘോഷിക്കുന്ന പരിപാടി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടായ ഫ്രെം ഫാം ടു ഫൈബര്‍, ഫൈബര്‍ ടു ഫാക്റ്ററി, ഫാക്റ്ററി ടു ഫാഷന്‍, ഫാഷന്‍ ടു ഫോറിന്‍ എന്നതാണ് ഈ പരിപാടി ഉയര്‍ത്തിക്കാട്ടിയത്. ടെക്‌സ്റ്റൈല്‍ മേഖലയില്‍ തൊഴിലവസരങ്ങളുടെ വലിയ സാധ്യതകളുണ്ടെന്ന് ഇറാനി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കരകൗശല വസ്തുക്കളുടെ മികച്ച ശേഖരണത്തിലൂടെ ടെക്‌സ്റ്റൈല്‍ ഇന്ത്യ 2017ല്‍ ആയിരത്തിലധികം സ്റ്റാളുകള്‍ ഒരുക്കും. ഈ സംരംഭത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇതിനുവേണ്ടി മികച്ച സംഭാവനകള്‍ നല്‍കും. പശ്ചിമ ബംഗാളില്‍ നിന്നുള്ള സര്‍ദോസി മെറ്റീരിയല്‍ കേന്ദ്രീകരിച്ചുള്ള ഡിസൈനുകളാണ് രൂപകല്‍പ്പന ചെയ്യുക- സബ്യസാചി മുഖര്‍ജി പറഞ്ഞു.

Comments

comments

Categories: Business & Economy