ആറ് പൊതുമേഖലാ ബാങ്കുകളുടെ ഓഹരികള്‍ വില്‍പ്പനയ്ക്ക്

ആറ് പൊതുമേഖലാ ബാങ്കുകളുടെ ഓഹരികള്‍ വില്‍പ്പനയ്ക്ക്
15,000 കോടി രൂപയുടെ മൂലധന സമാഹരണത്തിന് എസ്ബിഐയുടെ ഡയറക്റ്റര്‍ 
ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്‌.

ന്യൂഡെല്‍ഹി: പൊതുമേഖലാ ഉടമസ്ഥതയിലുള്ള ആറ് ബാങ്കുകളുടെ ഓഹരികള്‍ വില്‍പ്പന നടത്തുന്നതിലൂടെ മൂലധനം സമാഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഓഹരി വിപണി റെക്കോഡ് മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്നതില്‍ നിന്ന് നേട്ടമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് പൊതുമേഖലാ ബാങ്കുകളുടെ ഓഹരികള്‍ വില്‍ക്കാനുള്ള നീക്കം. ധനമന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്.

പൊതുമേഖലാ ബാങ്കുകള്‍ കടുത്ത മൂലധന പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഓഹരി വില്‍പ്പനയിലൂടെ ഫണ്ട് കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നത്. ഓഹരി വിപണിയില്‍ നിലവില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ബാങ്കുകളുടെ ഓഹരികളാണ് ഫോളോഓണ്‍ പബ്ലിക് ഓഫറിലൂടെ (എഫ്പിഒ) വിറ്റഴിക്കുക. എന്നാല്‍, ഏതൊക്കെ ബാങ്കുകളാവും ഓഹരി വില്‍പ്പന നടത്തുകയെന്നോ എത്ര തുക വീതം സമാഹരിക്കുമെന്നോ എപ്പോള്‍ ഓഹരി വില്‍പ്പന ഉണ്ടാകുമെന്നോ തീരുമാനിച്ചിട്ടില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയുടെ ഓഹരികള്‍ വിറ്റഴിക്കുമെന്നത് ഉറപ്പാണ്. 15,000 കോടി രൂപയുടെ മൂലധന സമാഹരണത്തിന് എസ്ബിഐയുടെ ഡയറക്റ്റര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്.

കൂടുതല്‍ തുക കണ്ടെത്താനാണ് എഫ്പിഒ മാര്‍ഗത്തിലുള്ള ഓഹരി വില്‍പ്പനയെക്കുറിച്ച് ആലോചിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ പൊതുമേഖലാ ബാങ്കുകള്‍ക്കും കൂടി 1.10 ലക്ഷം കോടി രൂപയുടെ മൂലധനമാണ് ആവശ്യമായിട്ടുള്ളത്. 2019മുതല്‍ പ്രാബല്യത്തില്‍ വരുന്ന ബാസല്‍ മൂന്ന് മാനദണ്ഡങ്ങള്‍ പ്രകാരം ഈ തുക കണ്ടെത്തേണ്ടതുണ്ട്. കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷങ്ങളിലായി കേന്ദ്രം 50,000 കോടി രൂപയുടെ മൂലധന നിക്ഷേപമാണ് പൊതുമേഖലാ ബാങ്കുകളില്‍ നടത്തിയിട്ടുള്ളത്.

Comments

comments

Categories: Banking, Top Stories