അരുണാചലിലെ അവകാശവാദം തെളിയിക്കാന്‍ ചൈന പഴയ ഭൂപടങ്ങള്‍ തെരയുന്നു

അരുണാചലിലെ അവകാശവാദം തെളിയിക്കാന്‍ ചൈന പഴയ ഭൂപടങ്ങള്‍ തെരയുന്നു

ബെയ്ജിംഗ്: അരുണാചല്‍പ്രദേശില്‍ തങ്ങള്‍ ഉന്നയിക്കുന്ന അവകാശ വാദത്തിന് സാധുത നല്‍കുന്നതിനായി ചൈന ഗൂഗിളില്‍ സമ്മര്‍ദം ചെലുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. തങ്ങളുടെ വാദഗതികള്‍ക്ക് അനുസൃതമായി അരുണാചലിനെ അടയാളപ്പെടുത്താനാണ് ചൈനയുടെ ശ്രമം. അരുണാചലിലെ ആറു സ്ഥലങ്ങള്‍ക്ക് സ്വന്തം പേര് നിശ്ചയിച്ച ചൈന കഴിഞ്ഞ ദിവസം പ്രഖ്യാപനം നടത്തിയിരുന്നു.

ദക്ഷിണ ടിബറ്റെന്ന് ചൈന വിളിക്കുന്ന അരുണാചലിലെ കൂടുതല്‍ നഗരങ്ങളുടെ പേരുകള്‍ പരിഷ്‌കരിക്കുമെന്നാണ് ചൈനീസ് വൃത്തങ്ങള്‍ പറയുന്നത്. ഈ പ്രദേശങ്ങള്‍ക്ക് ഈ പേരുകള്‍ നൂറ്റാണ്ടുകള്‍ തന്നെ നിലനിന്നിരുന്നുവെന്നും ഈ പ്രദേശങ്ങള്‍ ചൈനീസ് സംസ്‌കാരത്തിന്റെ ഭാഗമായിരുന്നുവെന്നും തെളിയിക്കുന്നതിന് പഴയ ഭൂപടങ്ങളും രേഖകളും തെളിവുകളായി അവതരിപ്പിക്കാനും ചൈന ശ്രമം നടത്തുകയാണ്.  ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ഈ മാസം ആദ്യം അരുണാചല്‍പ്രദേശ് സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ചൈനയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്.

അരുണാചല്‍പ്രദേശ് ദക്ഷിണ ടിബറ്റിന്റെ ഭാഗമാണെന്നാണ് ചൈനയുടെ അവകാശവാദം. പ്രാദേശിക സ്ഥല നാമങ്ങളെ കുറിച്ചുള്ള രണ്ടാം സെന്‍സസ് ചൈനയിലാകെ നടന്നുവരികയാണെന്നും ഇതിന്റെ ഭാഗമായി തദ്ദേശീയ ഭാഷകളിലേക്ക് സ്ഥലനാമങ്ങള്‍ മാറ്റുന്നതിനൊപ്പമാണ് അരുണാചലിലെ സ്ഥലങ്ങളുടെ പേരും മാറ്റിനിശ്ചയിച്ചതെന്നും ചൈന വിശദീകരിക്കുന്നുണ്ട്. ചൈനീസ് അക്ഷരങ്ങള്‍, ടിബറ്റന്‍, റോമന്‍ അക്കങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് അരുണാചല്‍പ്രദേശിലെ ആറ് സ്ഥലങ്ങള്‍ക്ക് ചൈന പേരിട്ടിരിക്കുന്നത്.

Comments

comments

Categories: Top Stories, World