ഇന്ത്യയില്‍ ആപ്പിള്‍ ട്രയല്‍ അസംബ്ലി ആരംഭിക്കുന്നു

ഇന്ത്യയില്‍ ആപ്പിള്‍ ട്രയല്‍  അസംബ്ലി ആരംഭിക്കുന്നു

തായ്‌വാനീസ് കമ്പനി വിസ്‌ട്രോണ്‍ ആപ്പിളിനു വേണ്ടി ഐഫോണുകള്‍ രൂപകല്‍പ്പന ചെയ്യും

ബെംഗളൂരു: ഇന്ത്യയില്‍ ഐഫോണുകള്‍ക്കു വേണ്ടി അടുത്ത മാസം ‘ട്രയല്‍ അസംബ്ലി’ ആരംഭിക്കാനൊരുങ്ങി ആപ്പിള്‍. കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ ചില ആനുകൂല്യങ്ങള്‍ക്കായി നല്‍കിയ അപേക്ഷകളുടെ പരിണിത ഫലം കണക്കിലെടുക്കാതെയാണ് ആപ്പിള്‍ ട്രയല്‍ അസംബ്ലി തുടങ്ങുന്നതെന്ന് കര്‍ണാടക സര്‍ക്കാരിന്റെ ചില ഉദ്യോഗസ്ഥര്‍ അറിയിച്ചു. തായ്‌വാനീസ് ഡിസൈന്‍ കമ്പനി വിസ്‌ട്രോണ്‍ ആപ്പിളിനു വേണ്ടി ബെംഗളൂരുവില്‍ ഐഫോണുകള്‍ രൂപകല്‍പ്പന ചെയ്യും. ആപ്പിളിന്റെ നിര്‍മാണ യൂണിറ്റ് ബെംഗളൂരുവില്‍ സ്ഥാപിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിനൊപ്പം കര്‍ണാടക സര്‍ക്കാരും പ്രയത്‌നിച്ചു വരികയാണ്.

ആപ്പിള്‍ തങ്ങളുടെ നിര്‍മാണ യൂണിറ്റ് ബെംഗളൂരുവില്‍ സ്ഥാപിക്കുമെന്നും ഇവിടെ നിന്ന് ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുമെന്നുമാണ് കരുതുന്നുത്. ഇന്ത്യന്‍ വിപണിക്ക് വേണ്ടി ആപ്പിള്‍ ഐഫോണുകള്‍ നിര്‍മിക്കുമെന്ന കാര്യത്തില്‍ ഭയാശങ്കകള്‍ ഇല്ല. അത് എന്തായാലും സംഭവിക്കും-ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്ത്യയിലെ നിലവിലെ വിദേശ നിക്ഷേപ നയത്തിനും അപ്പുറം കൂടുതലായി ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് അവര്‍ കേന്ദ്ര സര്‍ക്കാരിനു മേല്‍ വലിയ തോതില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഐഫോണുകളുടെ നിര്‍മാണത്തിനുപയോഗിക്കുന്ന ഘടകങ്ങളുടെ ഇറക്കുമതി തീരുവയിലുള്ള ഇളവും ഇതില്‍ ഉള്‍പ്പെടുന്നു. കേന്ദ്ര വാണിജ്യ, ധനകാര്യ, സാങ്കേതികവിദ്യ മന്ത്രാലയങ്ങള്‍ക്ക് ആപ്പിളിന്റെ അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും അതില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല.

നിര്‍ദ്ദിഷ്ട ചരക്കു സേവന നികുതി ജൂലൈ ഒന്നു മുതല്‍ നടപ്പിലാക്കാനിരിക്കെ പുതിയ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ അര്‍ത്ഥമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കരുന്നുണ്ടാകാം-കര്‍ണാടക സര്‍ക്കാരിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബെംഗളൂരു പ്ലാന്റിന്റെ കാര്യത്തില്‍ അവര്‍ കേന്ദ്ര സര്‍ക്കാരുമായി സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ ആപ്പിളും വിസ്‌ട്രോണും ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ വകുപ്പും തയാറായില്ല. കേന്ദ്ര മന്ത്രിമാരായ അരുണ്‍ ജയ്റ്റ്‌ലിയോടും നിര്‍മാല സീതാരാമനോടും ആപ്പിളിന്റെ കാര്യം ചര്‍ച്ച ചെയ്തതായും സാധ്യമായതെല്ലാം ചെയ്യാമെന്ന് അവര്‍ ഉറപ്പു നല്‍കിയതായും കര്‍ണാടക വ്യവസായ മന്ത്രി ആര്‍ വി ദേശ്പാണ്ഡെ പറഞ്ഞു.

Comments

comments

Categories: Business & Economy