വെനസ്വേലയില്‍ സര്‍ക്കാര്‍ വിരുദ്ധ റാലിക്കിടെ വെടിവെപ്പ്: മൂന്ന് പേര്‍ കൊല്ലപ്പെട്ടു

വെനസ്വേലയില്‍ സര്‍ക്കാര്‍ വിരുദ്ധ റാലിക്കിടെ വെടിവെപ്പ്: മൂന്ന് പേര്‍ കൊല്ലപ്പെട്ടു

കരാക്കസ്(വെനസ്വേല): വെനസ്വേലയില്‍ പ്രസിഡന്റ് നിക്കോളാസ് മദൂറോയ്‌ക്കെതിരേ ബുധനാഴ്ച നടന്ന റാലിയിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് വിദ്യാര്‍ഥികളും ഒരു സുരക്ഷാ ഗാര്‍ഡും കൊല്ലപ്പെട്ടു. പ്രസിഡന്റ് മദൂറോ ജനാധിപത്യം കശാപ്പു ചെയ്യുകയാണെന്ന് ആരോപിച്ചു വെനസ്വേലയുടെ തലസ്ഥാന നഗരിയായ കരാക്കസിലും മറ്റ് നഗരങ്ങളിലും ആയിരങ്ങള്‍ പങ്കെടുത്ത റാലി നടന്നിരുന്നു. റാലിയില്‍ പങ്കെടുത്തവരില്‍ സ്ത്രീകളും കുട്ടികളും വിദ്യാര്‍ഥികളുമുണ്ടായിരുന്നു.

പ്രസിഡന്റിനെതിരേ റാലി നടന്ന അതേ സമയം തന്നെ പ്രസിഡന്റിന്റെ അനുകൂലികളും മുദ്രാവാക്യം വിളിച്ച് തെരുവിലിറങ്ങി. ഇതോടെ ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടി. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് വെടിവെച്ചു. വെടിവയ്പിലാണ് രണ്ട് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടത്. 400-ലേറെ പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിഷേധ റാലി വ്യാഴാഴ്ചയും തുടരുമെന്നു സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് പ്രതിഷേധ റാലിക്കു പിന്നിലുള്ളതെന്ന് പ്രസിഡന്റ് മദൂറോ ആരോപിച്ചു. വെനസ്വേലയില്‍ ബുധനാഴ്ചയിലെ സംഭവത്തോടെ ഈ മാസം പ്രതിഷേധത്തിനിടെ കൊല്ലപ്പെടുന്നവരുടെ എണ്ണം എട്ടിലെത്തി.

Comments

comments

Categories: World