2017 ഹോണ്ട CBR 1000RR ഫയര്‍ബ്ലേഡ് അവതരിപ്പിച്ചു

2017 ഹോണ്ട CBR 1000RR ഫയര്‍ബ്ലേഡ് അവതരിപ്പിച്ചു

ഡെല്‍ഹി എക്‌സ്-ഷോറൂം വില 17.61 ലക്ഷം രൂപ

ന്യൂ ഡെല്‍ഹി : ഫയര്‍ബ്ലേഡ് സൂപ്പര്‍ബൈക്കിന്റെ 25-)o ആനിവേഴ്‌സറി എഡിഷന്‍ ഹോണ്ട മോട്ടോര്‍ കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 17.61 ലക്ഷം രൂപയാണ് ഈ സൂപ്പര്‍ സ്‌പോര്‍ട് മോട്ടോര്‍സൈക്കിളിന്റെ ഡെല്‍ഹി എക്‌സ്-ഷോറൂം വില. ഹോണ്ട ഫയര്‍ബ്ലേഡ് എന്ന പേരില്‍ ജനപ്രീതിയാര്‍ജ്ജിച്ച ബൈക്കിന്റെ 2017 ഹോണ്ട CBR 1000RR ഇന്ത്യയിലേക്ക് പൂര്‍ണ്ണമായും ഇറക്കുമതി ചെയ്യുകയാണ്. ഹോണ്ടയുടെ മുംബൈയിലെയും ഡെല്‍ഹിയിലെയും വിംഗ് വേള്‍ഡ് എക്‌സ്‌ക്ലുസീവ് ഔട്ട്‌ലെറ്റുകളില്‍ ഈ സൂപ്പര്‍ബൈക്ക് ലഭിക്കും. ബുക്കിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.

CBR 1000RR ഫയര്‍ബ്ലേഡ്, CBR 1000RR ഫയര്‍ബ്ലേഡ് എസ്പി എന്നീ രണ്ട് വേരിയന്റുകളില്‍ ഹോണ്ട ഫയര്‍ബ്ലേഡ് ലഭ്യമാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് 2017 CBR 1000RR അനാവരണം ചെയ്തത്. 2017 CBR 1000RRലെ 999 സിസി ഇന്‍-ലൈന്‍ 4-സിലിണ്ടര്‍ എന്‍ജിന്‍ 13,000 ആര്‍പിഎമ്മില്‍ 189 എച്ച്പി കരുത്തും 11,000 ആര്‍പിഎമ്മില്‍ 114 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. 6-സ്പീഡ് ട്രാന്‍സ്മിഷനാണുള്ളത്.

90 ശതമാനവും പുതിയ വാഹനഘടകങ്ങള്‍ ഘടിപ്പിച്ചതിനാല്‍ മോട്ടോര്‍സൈക്കിളിന്റെ ഭാരം 16 കിലോഗ്രാം കുറയ്ക്കാന്‍ ഹോണ്ടയ്ക്ക് കഴിഞ്ഞു. 195 കിലോഗ്രാം മാത്രമാണ് 2017 CBR 1000RRന്റെ ഭാരം. പവര്‍-വെയ്റ്റ് അനുപാതം 14 ശതമാനമായി മെച്ചപ്പെടുത്തി. ഹോണ്ട മോട്ടോജിപി മെഷീന്റെ RC213V-S സ്ട്രീറ്റ് ലീഗലിനെ അനുകരിച്ച് 2017 CBR 1000RRന് ഫുള്‍-കളര്‍ ടിഎഫ്ടി ലിക്വിഡ് ക്രിസ്റ്റല്‍ ഡാഷ് ആണുള്ളത്.

‘നെക്സ്റ്റ് സ്റ്റേജ് ടോട്ടല്‍ കണ്‍ട്രോള്‍’ സവിശേഷതയോടെയാണ് 2017 ഫയര്‍ബ്ലേഡ് വരുന്നത്. പുതിയ ഗൈറോസ്‌കോപ്പിക് എബിഎസ് സിസ്റ്റം, വയര്‍ ത്രോട്ടില്‍, 9-ലെവല്‍ ഹോണ്ട സെലക്റ്റബ്ള്‍ ടോര്‍ക് കണ്‍ട്രോള്‍ (എച്ച്എസ്ടിസി), സെലക്റ്റബ്ള്‍ എന്‍ജിന്‍ ബ്രേക് (എസ്ഇബി) ഹോണ്ട ഇലക്ട്രോണിക് സ്റ്റിയറിംഗ് ഡാംപര്‍ (എച്ച്ഇഎസ്ഡി) പവര്‍ സെലക്റ്റര്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്ന ഇലക്ട്രോണിക് കണ്‍ട്രോള്‍ പാക്കേജാണ് ‘നെക്സ്റ്റ് സ്റ്റേജ് ടോട്ടല്‍ കണ്‍ട്രോള്‍’. റൈഡിംഗ് മോഡ് സെലക്റ്റ് സിസ്റ്റം (ആര്‍എംഎസ്എസ്) ഉപയോഗിച്ച് ഇവയെല്ലാം ക്രമീകരിക്കാന്‍ കഴിയും.

ഹോണ്ടയുടെ ഏറ്റവും കരുത്തുറ്റതും വേഗമേറിയതും ഭാരം കുറഞ്ഞതുമായ ഇരുചക്ര വാഹനമാണ് CBR 1000RR ഫയര്‍ബ്ലേഡ് എന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയ്ല്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദവീന്ദര്‍ സിംഗ് ഗുലേറിയ പറഞ്ഞു.

Comments

comments

Categories: Auto