സിറ്റിഗ്രൂപ്പിന്റെ ബിസിനസ് ശക്തമാക്കാന്‍ വനിത സിഇഒ എത്തുന്നു

സിറ്റിഗ്രൂപ്പിന്റെ ബിസിനസ് ശക്തമാക്കാന്‍ വനിത സിഇഒ എത്തുന്നു

കാര്‍മന്‍ ഹഡ്ഡഡ് കമ്പനിയുടെ സൗദി സിഇഒ ആകുമെന്നാണ് റിപ്പോര്‍ട്ട്

റിയാദ്: മള്‍ട്ടിനാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് സ്ഥാപനമായ സിറ്റിഗ്രൂപ്പിന്റെ സൗദി അറേബ്യയിലെ ബിസിനസ് ശക്തിപ്പെടുത്താന്‍ വനിത സിഇഒയെ കൊണ്ടുവരാന്‍ കമ്പനി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കാര്‍മന്‍ ഹഡ്ഡഡിന്റെ പേരാണ് സിറ്റിഗ്രൂപ്പ് മുന്നോട്ടുവക്കുന്നതെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു പ്രധാന ബാങ്കിംഗ് ലൈസന്‍സ് നഷ്ടമായതിനെത്തുടര്‍ന്നാണ് കമ്പനിയുടെ പ്രകടനം മോശമായത്.

സിറ്റിഗ്രൂപ്പിന്റെ സൗദി അറേബ്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഹഡ്ഡഡ് ആണ്. ന്യൂയോര്‍ക്ക് ആസ്ഥാനമായാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. മാര്‍ക്കറ്റ് റെഗുലേറ്ററില്‍ നിന്ന് സിറ്റിഗ്രൂപ്പിന് ബാങ്കിംഗ് ലൈസന്‍സ് ലഭിച്ചാല്‍ ഉടന്‍തന്നെ അവര്‍ സൗദി അറേബ്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ചുമതലപ്പെടുത്തുമെന്നും ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.

രാജ്യത്തെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് ലൈസന്‍സ് ലഭിക്കുന്നതിനായി സൗദി അറേബ്യയുടെ കാപ്പിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റിയുമായി സിറ്റിഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. 2004 ലാണ് സാംബ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിലെ ഓഹരികള്‍ വിറ്റതിനെത്തുടര്‍ന്നാണ് കമ്പനിയ്ക്ക് പ്രധാനപ്പെട്ട ബാങ്കിംഗ് ലൈസന്‍സ് നഷ്ടമാകുന്നത്.

സൗദിയുടെ സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്തുന്നതിനായി നിരവധി പദ്ധതികളാണ് രാജ്യം ആവിഷ്‌കരിച്ചിരിക്കുന്നത്. അതിനാല്‍ രാജ്യത്തേക്ക് കൂടുതല്‍ വിദേശ ബാങ്കുകളെ ആകര്‍ഷിക്കാന്‍ ഇത് കാരണമാകുന്നുണ്ട്. സൗദി ആരാംകോയുടെ പ്രാഥമിക ഓഹരി വില്‍പ്പന ഉള്‍പ്പടെ നിരവധി വമ്പന്‍ പദ്ധതികള്‍ക്കാണ് രാജ്യം രൂപംനല്‍കിയിരിക്കുന്നത്.

സൗദി സിഇഒ ആയി അധികാരം ഏറ്റെടുക്കുന്നതുവരെ ഹഡ്ഡഡ് ഖത്തറിന്റെ സിഇഒ പദവിയില്‍ തുടരുമെന്ന് അവര്‍ പറയുന്നു. ജിസിസി മേഖല, ഈജിപ്റ്റ്, ലെവന്റ് എന്നിവിടങ്ങളിലെ സീനിയര്‍ പ്രൈവറ്റ് ബാങ്കര്‍ എന്ന സ്ഥാനത്തും അവര്‍ തുടരുമെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു.

സ്ത്രീകള്‍ക്കെതിരേ കടുത്ത ലിംഗവിവേചനം നിലനില്‍ക്കുന്ന രാജ്യമാണ് സൗദി അറേബ്യ. രാജ്യത്തെ കോര്‍പ്പറേറ്റുകളുടെ പ്രധാന പദവിയിലേക്കെത്തുന്ന ചുരുക്കം സ്ത്രീകളില്‍ ഒരാളാണ് ഹഡ്ഡാഡ്. സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിന്‍ നിരോധനം കൊണ്ടുവന്നിട്ടുള്ള ലോകത്തിലെ ഏക രാജ്യമാണ് സൗദി എന്നു പറയുമ്പോള്‍ തന്നെ മനസിലാക്കാം ഇവിടത്തെ സ്ത്രീകളുടെ അവസ്ഥ. എന്നാല്‍ ഇതിനെയെല്ലാം മറികടന്നുകൊണ്ടാണ് ഇവര്‍ മുന്നേറ്റം നടത്തുന്നത്. ഫെബ്രുവരിയില്‍ സാംബ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് റനിയ മഹ്മൗധ് നഷറിനെ സിഇഒ ആയി നിയമിച്ചിരുന്നു. മേഖലയിലെ ഏറ്റവും വലിയ സ്റ്റോക് എക്‌സ്‌ചേഞ്ചായ തഡാവുളിന്റെ സിഇഒ സാറ അല്‍ സുഹൈമിയാണ് ഈ സ്ഥാനത്തിരിക്കുന്ന ആദ്യത്തെ വനിത.

സിറ്റിഗ്രൂപ്പിന് ലൈസന്‍സ് ലഭിക്കുകയാണെങ്കില്‍ സൗദിയുടെ ഇന്‍വെസ്റ്റ്‌മെന്റ്, ബാങ്കിംഗ് മേഖലയിലെ മുന്‍നിരയിലേക്കെത്താന്‍ ഇവര്‍ക്ക് കഴിയും. ലൈസന്‍സ് ഇല്ലാത്തതിനാല്‍ നിരവധി നിയന്ത്രണങ്ങളാണ് കമ്പനിക്ക്‌മേല്‍ നിലനില്‍ക്കുന്നത്.

Comments

comments

Related Articles