ദക്ഷിണ കൊറിയന്‍ കമ്പനിക്ക് ഖത്തര്‍ ഇസ്ലാമിക് ബാങ്ക് 270 മില്യണ്‍ ഡോളര്‍ നല്‍കും

ദക്ഷിണ കൊറിയന്‍ കമ്പനിക്ക് ഖത്തര്‍ ഇസ്ലാമിക് ബാങ്ക് 270 മില്യണ്‍ ഡോളര്‍ നല്‍കും
ഖത്തറില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഡഇവൂ എന്‍ജിനീയറിംഗ് ആന്‍ഡ് 
കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായാണ് ക്യുഐബി കരാറില്‍ ഏര്‍പ്പെട്ടത്

ദോഹ: ദക്ഷിണകൊറിയന്‍ നിര്‍മാണ കമ്പനി ഖത്തറില്‍ നടപ്പാക്കുന്ന നിര്‍മാണ പദ്ധതികള്‍ക്കായി ഖത്തര്‍ ഇസ്ലാമിക് ബാങ്ക് (ക്യുഐബി) സഹായം നല്‍കും. ദക്ഷിണ കൊറിയന്‍ നിര്‍മാതാക്കളായ ഡഇവൂ എന്‍ജിനീയറിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് 270 മില്യണ്‍ ഡോളറാണ് ക്യുഐബി നല്‍കുന്നത്. ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഇരു വിഭാഗവും ഒപ്പുവച്ചു.

ഇ-റിംഗ് റോഡിന്റെ നിര്‍മാണവും നവീകരണവും ഉള്‍പ്പടെയുള്ള ഡഇവൂവിന്റെ ഖത്തറിലെ നിലവിലെ പദ്ധതികളേയും സാമ്പത്തിക കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പത്രക്കുറിപ്പില്‍ പറയുന്നു. ഇ-റിംഗ് റോഡിലെ പാതകളുടെ എണ്ണം എട്ടില്‍ നിന്ന് 14 ആയി വര്‍ധിപ്പിക്കുക, ഹൈവേ 4.5 കിലോമീറ്ററായി വികസിപ്പിക്കുക, നാല് കീലോമീറ്ററിലെ പുതിയ നീണ്ട പാത നിര്‍മിക്കുക എന്നിവയാണ് പ്രൊജക്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2.25 ബില്യണ്‍ ഖത്തര്‍ റിയാലാണ് പദ്ധതിചെലവ് പ്രതീക്ഷിക്കുന്നത്. പബ്ലിക് വര്‍ക്ക് അതോറിറ്റി അടുത്തിടെയാണ് പദ്ധതിയുടെ ചുമതല ഡഇവൂ ഇ ആന്‍ഡ് സിക്ക് കൈമാറിയത്.

കമ്പനി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ഖത്തറെന്ന് ഡഇവൂ ഇ ആന്‍ഡ് സിയുടെ സാമ്പത്തിക തലവന്‍ ഇന്‍-ഹ്വാന്‍ ചോ പറഞ്ഞു. ക്യുഐബിയുമായുള്ള രണ്ടാമത്തെ സാമ്പത്തിക കരാറാണിത്. 2016 ല്‍ 365 മില്യണ്‍ ഖത്തര്‍ റിയാല്‍ അനുവദിച്ചിരുന്നു. നിലവിലെ പദ്ധതികള്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ ഈ കരാര്‍ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദക്ഷിണ കൊറിയന്‍ ഭീമനായ ഡഇവൂ ഇ ആന്‍ഡ് സി 2005 ലാണ് ഖത്തറില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. റാസ് ലഫന്‍ റിഫൈനറി പ്രൊജക്റ്റ് ആയിരുന്നു ആദ്യത്തേത്. പിന്നീട് 8.75 ബില്യണ്‍ ഖത്തര്‍ റിയാലിന്റെ അഞ്ച് പദ്ധതികളാണ് കമ്പനിക്ക് അനുവദിച്ചത്. 2022 ഫിഫ ലോകകപ്പിന്റെ ഭാഗമായുള്ള അടിസ്ഥാനസൗകര്യ പദ്ധതികളുടെ നിര്‍മാണം നേടാനാവുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

Comments

comments

Categories: Banking, World